വിമാനങ്ങള്‍ക്കൊപ്പം പറക്കുന്ന മനുഷ്യനെ കണ്ടതായി പൈലറ്റുമാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു. ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തിനു സമീപത്തായാണ് സംഭവം. 3000 അടി ഉയരത്തില്‍ വിമാനങ്ങള്‍ക്കൊപ്പം മനുഷ്യന്‍ പറക്കുന്നതായി കണ്ടെന്നാണ് പൈലറ്റുമാര്‍ അറിയിച്ചിരിക്കുന്നത്. ജെറ്റ്പാക്ക് എന്ന ഉപകരണം ഉപയോഗിച്ചാണ് ഇവര്‍ പറക്കുന്നതെന്നും രണ്ട് വിമാനങ്ങളിലെ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഞായറാഴ്ച ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് പൈലറ്റുമാര്‍ അസാധാരണ കാഴ്ച കണ്ടത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ പൈലറ്റാണ് ഇക്കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ആദ്യം അറിയിച്ചത്. 3000 അടി ഉയരത്തിലാണ് അയാള്‍ പറന്നിരുന്നതെന്നും വിമാനവുമായി 300 അടി ദൂരം മാത്രമാണ് ഉണ്ടായിരുന്നതെന്നും പൈലറ്റ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ലാന്‍ഡ് ചെയ്ത സ്‌കൈ വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് മറ്റു വിമാനങ്ങള്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് മുന്നറിയിപ്പ് നല്‍കി.
അസാധാരണ സംഭവമായതിനാല്‍ പൈലറ്റുമാരുടെ റിപ്പോര്‍ട്ട് ലോസ് ഏഞ്ചല്‍സ് പൊലീസിന് കൈമാറിയതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അതേസമയം, ജെറ്റ്പാക്കില്‍ പറക്കുന്ന മനുഷ്യരെക്കുറിച്ച് ഇതുവരെ എന്തെങ്കിലും വിവരം ലഭിച്ചിട്ടില്ല. ഇവരെ മറ്റാരും കണ്ടതായും റിപ്പോര്‍ട്ടില്ല.
ബാഗിന്റെ രൂപത്തിലുള്ള വലിയ അറയില്‍ ഇന്ധനം നിറച്ച് പറക്കല്‍ യാഥാര്‍ത്ഥ്യമാക്കുന്ന ഉപകരണമാണ് ജെറ്റ് പാക്ക്. മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിനുള്ള ജെറ്റ്പാക്കുകള്‍ വികസിപ്പിച്ച് വരുന്നതേയുള്ളൂ. ഇവ വിമാനവുമായി കൂട്ടിയിടിച്ചാല്‍ വലിയ അപകടം വരെ സംഭവിക്കാനും സാധ്യതയുണ്ട്.