പാകിസ്ഥാനുള്ള വായ്പയും എണ്ണയും സൗദി അറേബ്യ നിര്‍ത്തലാക്കി

പാകിസ്ഥാനുള്ള വായ്പയും എണ്ണയും സൗദി അറേബ്യ നിര്‍ത്തലാക്കി. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. സൗദി നേതൃത്വം നല്‍കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ (ഒഐസി) കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.

കശ്മീരിന് പിന്തുണ അറിയിക്കണമെന്ന് കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഒഐസിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ സൗദി വഴങ്ങിയില്ല. ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്‌ലാമബാദിന്റെ ആവശ്യം റിയാദ് നിരസിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഒഐസി വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു. ഒഐസി തയ്യാറായില്ലെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ബന്ധിതനാകുമെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പാകിസ്താന്റെ ഈ നീക്കം സൗദി ഭരണാധികാരികളെ പ്രകോപിപ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടക്കാന്‍ സൗദി കഴിഞ്ഞയാഴ്ച പാകിസ്ഥാനെ നിര്‍ബന്ധിച്ചു.2018 നവംബറില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ പാക്കേജിന്റെ ഭാഗമായിരുന്നു വായ്പ. ഇതില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പയും 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണയുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് സൗദി സഹായമായിരുന്നു ആശ്രയം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here