സൗദിയില്‍ പെട്രോള്‍ പമ്പില്‍ കണ്ടയാളോട് സെല്‍വരാജ് വഴി ചോദിച്ചു; പിന്നെയാ ജീവിതം 9 വര്‍ഷം ദുരിതത്തിലായി

റിയാദ്: പത്തു വര്‍ഷമായി സൗദിയിലുളള സെല്‍വരാജ് മരിച്ചെന്നാണ് ഭാര്യയും ഏക മകളും വിശ്വസിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് ജയിലിലായതോടെ കുടുംബവുമായി ബന്ധപ്പെടാനായില്ല. ഡ്രൈവറായ സെല്‍വരാജ് അപകടത്തില്‍ മരിച്ചെന്നാണ് കുടുംബം ധരിച്ചിരിക്കുന്നത്. ഇതോടെ തിരുനെല്‍വേലിയിലെ കുടുംബാംഗങ്ങള്‍ മരണാനന്തരം മോക്ഷത്തിനുളള മതാചാരപ്രകാരമുളള കര്‍മ്മങ്ങള്‍ നടത്തി. തമിഴ്‌നാട് തിരുനെല്‍വേലി മഹാരാജ നഗര്‍ രാജഗോപാലപുരം രംഗനാഥന്റെ മകന്‍ സെല്‍വരാജ് (58) ആണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ‘പരേതനാ’യത്. എന്നാല്‍ പത്തു വര്‍ഷത്തെ ദുരിത പര്‍വ്വങ്ങള്‍ക്കൊടുവില്‍ സെല്‍വരാജ് ഇന്നലെ റിയാദില്‍ നിന്ന് കോഴിക്കോടേക്കുളള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.ഏറെ സന്തോഷം നിറഞ്ഞതായിരുന്നു സെല്‍വരാജിന്റെ ജീവിതം. 20 വര്‍ഷം അല്‍ വത്വനിയ കമ്പനിയില്‍ ജോലി ചെയ്തു. ഫൈനല്‍ എക്‌സിറ്റില്‍ പോയ അദ്ദേഹം 2010ല്‍ ഹെവി ഡ്രൈവര്‍ വിസയില്‍ പുതിയ തൊഴിലുടമയുടെ കീഴില്‍ ജോലിക്കെത്തി. മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനുളള ഒരുക്കത്തിനിടെയാണ് ജീവിതം തകിടം മറിച്ച സംഭവം. ദമാം പോര്‍ട്ടില്‍ നിന്ന് അറാറിലെ അരാംകോ പ്രോജക്ടിലേക്കുളള യന്ത്രസാമഗ്രികളുമായി ട്രകില്‍ പുറപ്പെട്ടതാണ്.ഇതിനിടെ പെട്രോള്‍ പമ്പില്‍ കയറി. അപരിചിതനായ ഒരാളോട് ഡെലിവറി ചെയ്യേണ്ട സ്ഥലത്തേക്കുളള വെഴി അന്വേഷിച്ചു. അറബിയിലെഴുതിയ വിലാസം കാണിച്ചായിരുന്നു അന്വേഷണം. അയാള്‍ പറഞ്ഞ വഴി തമിഴില്‍ എഴുതി എടുക്കുകയും ചെയ്തു. അവിടെയുളള റസ്‌റ്റോറന്റില്‍ കയറി ചായകുടിച്ചു. പുറത്തിറങ്ങിയതോടെ പൊലീസ് സംഘം തോക്കുമായി സെല്‍വരാജിനെ വളഞ്ഞു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. അന്വേഷണങ്ങളുടെ ഭാഗമായി സെല്‍വരാജിനെ കസ്റ്റഡിയിലെടുത്ത് തടവിലാക്കി.വഴി പറഞ്ഞുകൊടുത്തയാള്‍ ബഹ്‌റൈനില്‍ നിന്നു മദ്യം കടത്തുന്ന സംഘത്തിലെ കണ്ണിയാണ്. രഹസ്യാന്വേഷണ വിഭാഗം ഇയാളെ പിന്തുടര്‍ന്നിരുന്നു. റഫ്‌റിജറേറ്റഡ് ട്രകുകളില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് ഇവര്‍ വന്‍തോതില്‍ മദ്യവും മയക്കുമരുന്നും കടത്തി വിതരണം ചെയ്തിരുന്നത്. സെല്‍വരാജിനും പങ്കുണ്ടെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ഏകാന്ത തടവിലായിരുന്നു. വിചാരണയുടെ ആദ്യ ദിവസം തന്നെ സെല്‍വരാജ് നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യമായി. വിചാരണ തുടങ്ങി 21ാം ദിവസം കുറ്റവിമുക്തനാക്കി. ജയില്‍ വാസവും നിയമ നടപടികളും നീണ്ടതോടെ കുടുംബവുമായുളള ബന്ധം ഇല്ലാതായി.ജയില്‍ വാസo മാനസികമായി തളര്‍ത്തി. കുടുംബവുമായുളള ബന്ധം പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ ആകസ്മികമായി തിരുനെല്‍വേലിയിലുളള സുഹൃത്തിനെ ദമ്മാമില്‍ കണ്ടുമുട്ടി. അയാളാണ് കുടുംബം ശേഷക്രിയകള്‍ നടത്തിയ വിവരം അറിയിച്ചത്. സുഹൃത്തിന്റെ ഭാര്യയെ സെല്‍വരാജിന്റെ വീട്ടിലേക്ക് അയച്ചു. അവരുടെ ടെലിഫോണിലൂടെ ഭാര്യയുമായി സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശബ്ദം കേട്ടതോടെ ഭാര്യ ബോധരഹിതയായി വീണെന്ന് സെല്‍വരാജ് പറയുന്നു. പിന്നീട് പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ സന്നദ്ധമായില്ല.ഇതിനിടെ അറാറിലേക്കു കൊണ്ടുപോയ യന്ത്രസാമഗ്രികള്‍ തട്ടിയെടുത്തു എന്നു യന്ത്രസാമഗ്രികള്‍ കയറ്റി അയച്ച കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍സിയും സെല്‍വരാജിനെതിരെ പരാതി നല്‍കി. മയക്കുമരുന്ന് കടത്ത് കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സി സെല്‍വരാജിന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു. മയക്കുമരുന്ന് കേസില്‍ പ്രതിയാണെന്നറിഞ്ഞതോടെ സ്‌പോണ്‍സര്‍ കയ്യൊഴിഞ്ഞു. മാത്രമല്ല യന്ത്രസാമഗ്രികളുടെ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോണ്‍സര്‍ക്കെതിരെയും പരാതി നല്‍കി. ഇതോടെ സെല്‍വരാജിനെ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി.13 മില്യണ്‍ റിയാലിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. ഇത് നാട്ടിലേക്ക് മടങ്ങാന്‍ തടസ്സമായി. അല്‍ ജൗഫിലുളള സ്‌പോണ്‍സറെ പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും സഹകരിച്ചില്ല. റിയാദില്‍ നിന്ന് ആയിരം കിലോ മീറ്റര്‍ അകലെയുളള അല്‍ ജൗഫില്‍ നിന്ന് 18 തവണ എംബസിയിലെത്തി. ആറു വര്‍ഷം മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ച വേളയിലും നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഹുറൂബും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസുമാണ് തടസ്സമായത്. ഇതിനിടെ പലജോലി കളും ചെയ്തു. എട്ട് വര്‍ഷമായി ഇഖാമ ഇല്ല. അല്‍ ജൗഫില്‍ നിന്നു റിയാദിലേക്കുളള യാത്രാ വേളകളില്‍ പലതവണ ചെക് പോയിന്റുകളില്‍ പിടിയിലായി. അറബിയില്‍ നന്നായി സംസാരിക്കാന്‍ അറിയുന്ന സെല്‍വരാജ് പൊലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ പറയും. ഇതോടെ അവര്‍ കസ്റ്റഡിയിലെടുക്കാതെ പറഞ്ഞു വിടും. ചെക് പോയിന്റുകള്‍ കടക്കാന്‍ പലപ്പോഴും ദിവസങ്ങളോളം മരുഭൂമി വഴി നടന്നും റിയാദിലെത്തിയിട്ടുണ്ടെന്ന് സെല്‍വരാജ് പറഞ്ഞു.മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലാണ് സെല്‍വരാജിന് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്. സെല്‍വരാജിനെ തിരെയുളള കേസ് കണ്ടെത്തി പരാതിക്കാരുമായി ബന്ധപ്പെട്ട് കേസ് പിന്‍വലിപ്പിച്ചു.എട്ട് വര്‍ഷം ഇഖാമ ഇല്ലെങ്കിലും സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടും നോവല്‍ ഗുരുവായൂരും ഇന്ത്യന്‍ എംബസിയിലും ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലും ബന്ധപ്പെട്ടാണ് ഫൈനല്‍ എക്‌സിറ്റ് നേടിയത്. വേള്‍ഡ് മലയാളി ഫെഡറേഷനും ലയണ്‍സ് ക്ലബും ചേര്‍ന്ന് ടിക്കറ്റും നല്‍കി. ക്വാറന്റൈനില്‍ കഴിയാനുളള സാമ്പത്തിക സഹായം സലിം മൈനാഗപ്പള്ളി, ഉസ്മാന്‍, റിയാസ് എന്നിവര്‍ സമ്മാനിച്ചു. റിയാദില്‍ 20 ദിവസമായി കൂടെ താമസിപ്പിക്കുകയും ആവശ്യമായ സൗകര്യം ചെയ്തതും സഫിയ ട്രാവല്‍സിലെ അനില്‍കുമാറാണ്. കേരളത്തില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി തിരുനെല്‍വേലിയിലെ കുടുംബത്തിലെത്തിയാല്‍ ഭാര്യയും മകളും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സെല്‍വരാജ്.


സെല്‍വരാജ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം


LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here