പുതിയ മുഖവുമായി ധോണി

ലോക്ഡൗണിനിടെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ക്രിക്കറ്റ്താരങ്ങളടക്കം പെടാപ്പാട് പെടുമ്പോള്‍ ബഹളങ്ങളില്‍ നിന്നും മാറി നിന്നയാളാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ സ്‌നേഹപൂര്‍വം ‘തല’ എന്നു വിളിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ പുതിയ രൂപമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം ധോണിയുടെ മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയിലൂടെയാണ് ധോണിയുടെ ‘പുതിയ രൂപം’ ആരാധകരിലേക്കെത്തിയത്.
നീട്ടിവളര്‍ത്തിയ മുടിയുമായി ഒരു പതിറ്റാണ്ടു മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കെത്തിയ ധോണിയുടെ പുതിയ രൂപത്തെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ്. പതിവുപോലെ റാഞ്ചിയിലെ ഫാം ഹൗസില്‍ മകള്‍ സിവയ്‌ക്കൊപ്പം കളിക്കുന്ന ധോണിയുടെ വിഡിയോയാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഫാം ഹൗസിലൂടെ ഇരുവരും ഓടിക്കളിക്കുന്നതും വിഡിയോയിലുണ്ട്. ഏതാനും ദിവസം മുന്‍പ് സിവയെ ബൈക്കിലിരുത്തി ഫാം ഹൗസിലൂടെ സവാരി നടത്തുന്ന ധോണിയുടെ വിഡിയോ ഭാര്യ സാക്ഷി സിങ്ങും പങ്കുവച്ചിരുന്നു. ഇതും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തു.
നരച്ച താടിയും മുടിയുമായുള്ള ധോണിയുടെ രൂപം വൈകാതെ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. ധോണിയെങ്ങനെ ഇത്ര കിളവനായി എന്നതായിരുന്നു പലരുടേയും ഞെട്ടല്‍. വൈകാതെ പലവിധ മൈമുകളും ധോണിയുടെ രൂപമാറ്റം വിഷയമാക്കി പലരും പോസ്റ്റു ചെയ്യുകയും ചെയ്തു.