റിയാദ്: സൗദിയില്‍ കാണാതായ മലയാളി യുവാവിനെ മൂന്നര വര്‍ഷത്തിനു ശേഷം കണ്ടെത്തി. മൂന്നര വര്‍ഷം മുമ്പേ റിയാദില്‍ നിന്ന് കാണാതായ കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ പുത്തന്‍പുര വയലില്‍ അബ്ദുല്ലത്തീഫ് സക്കീന ദമ്പതികളുടെ മകന്‍ സമീഹിനെയാണ് കണ്ടെത്തിയത്. മലാസിലുള്ള സഹോദരന്‍ സഫീറിന്റെ വീട്ടിലാണ് ഇയാള്‍ തിരിച്ചെത്തിയത്. സഊദിയില്‍ വിവിധ ഭാഗങ്ങളില്‍ മലയാളി സമൂഹത്തിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയിട്ടും സമീഹ് എവിടെയാണുള്ളതെന്ന് അറിയാന്‍ സാധിച്ചിരുന്നില്ല.
2016 ഡിസംബര്‍ 13 നാണ് ജോലി ചെയ്യുന്ന റിയാദ് ബത്ഹയിലെ സ്വകാര്യ ട്രാവല്‍സിന്റെ ഓഫീസിലേക്ക് സുഹൃത്തിന്റെ കാറുമായി സമീഹ് പോയത് . സന്ദര്‍ശന വിസയിലെത്തിയ മാതാപിതാക്കള്‍ക്കും റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സഫീറിനുമൊത്ത് ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകീട്ട് അഞ്ചുമണിക്ക് കമ്പനി ഓഫീസിലേക്ക് പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കുടുംബം ആശങ്കയിലായി അന്വേഷണം തുടങ്ങി. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഉച്ചക്ക് ശേഷം അവിടേക്ക് എത്തിയിട്ടില്ല. അതിനിടെ തനിക്ക് വഴി തെറ്റിപ്പോയെന്നും ഗൂഗിള്‍ മാപ് നോക്കി വന്നു കൊണ്ടിരിക്കുകയാണെന്നും ഓഫിസിലുള്ള തന്റെ സഹപ്രവര്‍ത്തകനെ മൊബൈലില്‍ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് സമീഹിന്റെ മൊബൈല്‍ ഫോണ്‍ ഓഫായി. ഇതോടെ സമീഹിന് എന്തെങ്കിലും അപകടം പിണഞ്ഞു കാണുമെന്ന ഭീതിയില്‍ കുടുംബം ഉടന്‍ തന്നെ മലാസ് പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ റിയാദ് ദമാം റൂട്ടില്‍ 25 കിലോമീറ്റര്‍ അകലെ വരെ സമീഹ് യാത്ര ചെയ്തതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മനസിലായി. പിന്നീട് അങ്ങോട്ട് എവിടെ പോയി എന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മക്കളോടൊപ്പം കുറഞ്ഞ ദിവസം സന്തോഷത്തോടെ കഴിയാന്‍ റിയാദിലെത്തിയ പിതാവ് അബ്ദുല്‍ ലത്തീഫിനും മാതാവ് സക്കീനക്കും കണ്ണീരില്‍ കുതിര്‍ന്ന ദിനങ്ങളായിരുന്നു വിസ കാലാവധി കഴിഞ്ഞു തിരിച്ചുപോകുന്നത് വരെ. രഹസ്യാന്വേഷണ വിഭാഗം, ഗവര്‍ണര്‍ ഓഫീസ്, ആശുപത്രികള്‍, ജയിലുകള്‍, പോലീസ് സ്റ്റേഷനുകള്‍, ആഭ്യന്തരമന്ത്രാലയം, ഇന്ത്യന്‍ എംബസി, റിയാദ് ഗവര്‍ണറേറ്റ് തുടങ്ങി സകല വിഭാഗങ്ങളിലും സഫീര്‍ പരാതി നല്‍കിയിരുന്നു . അന്വേഷണം തുടരവെയാണ് ഇന്നലെ രാത്രി സമീഹിന്റെ അപ്രതീക്ഷിതമായ വിളി സഫീറിന്റെ മൊബൈലിലേക്ക് എത്തിയതും അല്പം കഴിഞ്ഞു സമീഹ് തിരിച്ചെത്തിയതും.
ബത്ഹയിലേക്ക് വരികയായിരുന്ന സമീഹ് വഴിതെറ്റി ദമാം റോഡിലെത്തുകയായിരുന്നു. അവിടെനിന്ന് കവര്‍ച്ചക്കാരുടെ പിടിയിലായി എന്നാണ് വിവരം. അവര്‍ മരുഭൂമിയിലേക്ക് കൊണ്ടുപോയി കയ്യിലുണ്ടായിരുന്ന പണവും കാറും മൊബൈല്‍ നമ്പറും മോഷ്ടിച്ചു. അവിടെ ടെന്റില്‍ താമസിപ്പിച്ചു. പിന്നീട് ഒരു മസറിയിലേക്ക് കൊണ്ടുപോയി. അവിടെ കഴിയുന്നതിനിടെയാണ് മൂന്നര വര്‍ഷത്തിനു ശേഷം വെള്ളം കൊണ്ടുവരുന്ന ട്രക്ക് ഡ്രൈവര്‍ മുഖേന രക്ഷപ്പെടാന്‍ കഴിഞ്ഞത്.