ഫില്‍റ്ററുകളും എയ്‌റേറ്ററുകളും സ്ഥിരമായി ഉപയോഗിക്കുകയും ആവശ്യമായ അളവില്‍ മാത്രം തീറ്റ നല്‍കുകയും ചെയ്യുന്നുവെങ്കില്‍ വെള്ളം മാറ്റേണ്ട കാര്യമില്ല. ബാഷ്പീകരണം വഴിയും മറ്റും കുറയുന്ന വെള്ളം ടാങ്കില്‍ ഒഴിച്ചാല്‍ മതിയാവും.
ഫില്‍റ്ററുകള്‍ ഉപയോഗിക്കാത്ത ടാങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യങ്ങള്‍ നീക്കം ചെയ്യണം. എന്നാല്‍ ടാങ്കിലെ ജലം മൊത്തത്തില്‍ മാറ്റാന്‍ തുനിയരുത്. മാലിന്യങ്ങള്‍ മാറ്റുന്നതോടൊപ്പം മൊത്തം ജലത്തിന്റെ നാലില്‍ ഒന്നുഭാഗം മാറ്റി പുതിയ ജലം ഒഴിച്ചാല്‍ മതി. പൊതുവിതരണ സംവിധാനത്തിലെ ജലത്തില്‍ ക്ലോറിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത്തരം ജലം ഒരു ബക്കറ്റില്‍ പിടിച്ച് വെച്ചശേഷം ഏറെ നേരം വാതനം നടത്തി ക്ലോറിന്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ അക്വേറിയം ടാങ്കില്‍ നിറക്കാന്‍ പാടുള്ളു. ക്ലോറിന്‍ മത്സ്യങ്ങള്‍ക്ക് മാരകമാണ്.
ഏകദേശം 5 മി. മീ. വ്യാസമുള്ള ഒരു റബര്‍ ട്യൂബ് സൈഫണ്‍ ആയി ഉപയോഗിച്ച് മലിന വസ്തുക്കള്‍ മാറ്റാം. ട്യൂബില്‍ വെള്ളം നിറച്ച് വിരലുകള്‍ കൊണ്ട് അടച്ചുപിടിക്കുക. ഒരറ്റം മാലിന്യങ്ങള്‍ക്ക് തൊട്ട് മുകളിലായ പിടിക്കുക. മറ്റേ അറ്റം ടാങ്കിന്റെ നിരപ്പിനു താഴെ വെച്ചിരിക്കുന്ന ഒരു ബക്കറ്റിലേക്ക് വെക്കുക. വിരലുകള്‍ മാറ്റുമ്പോള്‍ ജലവും മലിനവസ്തുക്കളും ബക്കറ്റിലേക്ക് ഒഴുകുന്നു. മാലിന്യങ്ങള്‍ക്ക് അല്‍പ്പം മുകളിലൂടെ ട്യൂബ് ചലിപ്പിച്ച് ടാങ്കിന്റെ എല്ലാ ഭാഗത്തുനിന്നും മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ സാധിക്കും. ഇപ്രകാരം ചെയ്യുമ്പോള്‍ വെള്ളം കലങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചില സന്ദര്‍ഭങ്ങളില്‍ വെള്ളം തവിട്ടു നിറമാവുകയും അടിത്തട്ടിലെ മണല്‍ കറുക്കുകയും ചെയ്യാറുണ്ട്. ആഹാരം കൂടുതലാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈയവസരത്തില്‍ അധികം വരുന്ന ആഹാരം സൈഫണ്‍ ചെയ്ത് കളയുകയും മത്സ്യങ്ങള്‍ക്ക് ജൈവാഹാരം നല്‍കുകയും വേണം. ഇത്തരം ടാങ്കുകളില്‍ നല്ലപോലെ വാതനം നടത്തുന്നതും ഉചിതമായിരിക്കും.
അക്വേറിയം ടാങ്കിലെ ജലം പാല്‍പോലെ ആയിത്തീരുന്ന അവസരങ്ങളുണ്ട്. വെള്ളത്തിലെ ഓക്‌സിജന്റെ അളവ് നന്നേ കുറയുന്നതാണ് ഇതിന് കാരണം. സസ്യങ്ങള്‍ ആവശ്യത്തിനില്ലാത്തതും മത്സ്യങ്ങള്‍ കൂടുന്നതുമായ അവസരങ്ങളിലും ആവശ്യമായ അളവില്‍ വാതനം ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്ക്കുക. അതുപോലെ ടാങ്കില്‍ ചെടികള്‍ നടുകയും മത്സ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും ജലം നന്നായി വാതനം നടത്തുകയും ചെയ്യുക.
ഹരിത ആല്‍ഗകള്‍ ജലത്തില്‍ നിറഞ്ഞാല്‍ ജലം പച്ചയായി മാറും. സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നതും തീറ്റ ആവശ്യത്തില്‍ കൂടുതല്‍ നല്‍കുന്നതും ആല്‍ഗകളുടെ പെരുപ്പത്തിന് കാരണമാവുന്നു. വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്ക്കുക, നേരിട്ടുള്ള സൂര്യപ്രകാശം പതിക്കാതിടങ്ങളിലേക്ക് ടാങ്കിന്റെ സ്ഥാനം മാറ്റുക, ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്ന സമയം കുറക്കുക, ആവശ്യത്തിന് മാത്രം തീറ്റ നല്‍കുക എന്നിവയിലൂടെ ആല്‍ഗകളുടെ ക്രമാതീതമായ വളര്‍ച്ച നിയന്ത്രിക്കാം.
ടാങ്കിന്റെ പിന്‍ഭാഗത്ത് സീനറി പേപ്പര്‍ ഒട്ടിച്ച് സൂര്യപ്രകാശത്തിന്റെ തീവ്രത നിയന്ത്രിച്ചും ആല്‍ഗകളുടെ വളര്‍ച്ച നിയന്ത്രിക്കാം. സില്‍വര്‍ കാര്‍പ്പ്, പൂമീന്‍ എന്നിവയെ ടാങ്കില്‍ നിക്ഷേപിക്കുന്നതും ആല്‍ഗകളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.
അക്വേറിയം ടാങ്കിന്റെ ഭിത്തിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ആല്‍ഗകളെ മാറ്റാന്‍ വൃത്തിയുള്ള നനഞ്ഞ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് താഴെ നിന്നും മുകളിലേക്ക് അമര്‍ത്തി തുടച്ചാല്‍ മതി. എന്നാല്‍ പറ്റിയിരിക്കുന്ന തവിട്ടുനിറത്തിലുള്ള ആല്‍ഗകളെ മാറ്റാന്‍ ബുദ്ധിമുട്ടാണ്. ഗാഢതയുള്ള കറിയുപ്പ് ലായനി ഉപയോഗിച്ച് തുടച്ചാല്‍ ഇവ ഒരുപരിധിവരെ മാറികിട്ടും. ആല്‍ഗകളെ മാറ്റുന്ന മാഗ്‌നറ്റിക് ആല്‍ഗല്‍ സ്‌ക്രാപ്പറുകള്‍ വിപണിയില്‍ ലഭ്യമാണ്. സക്കര്‍ മത്സ്യങ്ങളെ ടാങ്കില്‍ നിക്ഷേപിച്ച് ഇത്തരം ആല്‍ഗകളെ നിയന്ത്രിക്കാം. ജലോപരിതലത്തില്‍ എണ്ണയുടെ അംശം കാണുന്നുണ്ടെങ്കില്‍ ഒരു ഫില്‍ട്ടര്‍ പേപ്പര്‍ ജലോപരിതലത്തിലൂടെ വലിച്ച് അവ നീക്കം ചെയ്യാം.