ജനീവ: ഇറാനെതിരെ വീണ്ടും ഉപരോധം അടിച്ചേല്‍പ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ പിന്തുണക്കില്ലെന്ന് സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെറസ്. രക്ഷാസമിതിയുടെ അധ്യക്ഷന് അയച്ച കത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അനുമതിയില്ലാതെ ഉപരോധത്തെ പിന്തുണക്കില്ലെന്നും ഗുട്ടെറസ് അറിയിച്ചു.
സ്നാപ്ബാക് അധികാരം ഉപയോഗിച്ച് അമേരിക്ക ഉപരോധം പുനഃസ്ഥാപിച്ചതായി അവകാശപ്പെടുമ്പോള്‍ കരാറില്‍നിന്ന് പിന്‍വാങ്ങിയ അമേരിക്കക്ക് സ്നാപ്ബാക് അധികാരമില്ലെന്ന നിലപാടിലാണ് മറ്റ് വന്‍ശക്തികള്‍. അമേരിക്ക യുഎന്നിന്റെ പേരില്‍ സംസാരിക്കേണ്ട എന്ന് റഷ്യയും അമേരിക്ക യുഎന്നില്‍ രാഷ്ട്രീയ നാടകം അവസാനിപ്പിക്കേണ്ട സമയമായെന്ന് ചൈനയും പ്രതികരിച്ചു. അമേരിക്ക സ്വയം ഒറ്റപ്പെട്ടിരിക്കുകയാണെന്നും മഹത്തായ ഒരു രാജ്യം ഇങ്ങനെ സ്വയം അവഹേളിക്കുന്നത് ദുഃഖകരമാണെന്നും യുഎന്നിലെ റഷ്യന്‍ ഉപസ്ഥാനപതി ദിമിത്രി പോളിയാന്‍സ്‌കി ട്വീറ്റില്‍ പറഞ്ഞു.