കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഇവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
അതോടൊപ്പം സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും വനപാതകളിലും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ കർണാടകയിലും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു.
പാലക്കാട്- വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു, ചുരങ്ങളില്‍ ഗതാഗത വിലക്ക്
മഴ കനത്തതിനെത്തുടർന്ന് പാലക്കാട് ജില്ലയിലെ സൈലന്റ് വാലിയും നെല്ലിയാമ്ബതിയും ഉള്‍പ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. നെല്ലിയാമ്ബതി അട്ടപ്പാടി ചുരങ്ങള്‍ വഴിയുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലാണ് നെല്ലിയാമ്ബതി അട്ടപ്പാടി ചുരം റോഡുകളി ലൂടെയുള്ള ഗതാഗതത്തിന് മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലയിലെ വിവിധ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദസ വാരികക്കുള്ള പ്രവേശനവും വെള്ളിയാഴ്ചവരെ പൂർണമായും നിരോധിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ അണക്കെട്ടിനോടനുബന്ധിച്ച ഉദ്യാനത്തിലേക്കും പ്രവേശനം നിരോധിച്ചു.
ഇടുക്കി- എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു
ഇടുക്കിജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍, അലർട്ടുകള്‍ പിൻവലിക്കുന്നതുവരെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉത്തരവിട്ടു.
ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉള്‍പ്പെടെയുള്ള എല്ലാ ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രെക്കിങ്ങും നിർത്തിവെക്കണം. ഓറഞ്ച്, റെഡ് അലർട്ടുകള്‍ പിൻവലിക്കുന്നതുവരെ ജില്ലയുടെ മലയോരമേഖലയില്‍ വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറുവരെ രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്.
പത്തനംതിട്ട- അടവിയിലും ഗവിയിലും ഇന്ന് പ്രവേശനമില്ല
ഗവിയിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നത് വനംവകുപ്പ് നിർത്തിവെച്ചു. പാതയില്‍ മണ്ണിടിഞ്ഞും മരം വീണും അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അടവി ഇക്കോടൂറിസത്തില്‍ ബുധനാഴ്ച കുട്ടവഞ്ചിസവാരി ഇല്ലെന്ന് വനംവകുപ്പ് അറിയിച്ചു.
തൃശൂർ- കോട്ടയം; ടൂറിസം, ഗതാഗത നിയന്ത്രണങ്ങള്‍
തൃശൂർ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കൂടാതെ ചാലക്കുടി, മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാവുന്നതാണ്.
കോട്ടയം ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ഉള്ളതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍ ഉത്തരവിട്ടു.
എറണാകുളം- എല്ലാ ടൂറിസം കേന്ദ്രങ്ങളും അടച്ചു
എറണാകുളം ജില്ലയില്‍ ശക്തമായ മഴയുള്ള സാഹചര്യത്തില്‍ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഡിടിപിസിയുടെ കീഴിലുള്ളതും സ്വകാര്യ സംരംഭകരുടെ കീഴിലുള്ളതുമായ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചതായി കലക്ടർ അറിയിച്ചു. ഉത്തരവ് ലംഘിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രവർത്തിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
കർണാടക- ചിക്കമഗളൂരുവിലെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ പോകരുതെന്ന് ജില്ലാ ഭരണകൂടം. ഓഗസ്റ്റ് 15 വരെ യാത്ര നിർത്തിവെക്കാനാണ് നിർദേശം. ജില്ലാകളക്ടർ മീന നാഗരാജാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. തുംഗ, ഭദ്ര, ഹേമാവതി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരമേഖലയിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. ഹോം സ്റ്റേകളോടും റിസോർട്ടുകളോടും ബുക്കിങ് നിർത്തിവെക്കാനും കളക്ടർ ആവശ്യപ്പെട്ടു. ട്രക്കിങ്ങിന് അനുമതി നല്‍കരുതെന്ന് വനംവകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്.