മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ മലയാളം പഠിച്ച സൗദി

റിയാദ്: മലയാളിയായ ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് മലയാളം പഠിക്കേണ്ടിവന്ന സൗദി യുവാവിന്റെ ഏറ്റുപറച്ചില്‍ വൈറലായി. അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദ നിവാസിയായ അബ്ദുല്ല തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് മലയാളം പഠിച്ചത് കൗതുകവും വിസ്മയവുമാകുന്നു. മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് താന്‍ മലയാളം പഠിച്ചതിന്റെ അനുഭവകഥ അല്‍ഇഖ്ബാരിയ ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സൗദി യുവാവ് വിശദീകരിച്ചു. അറബി വാക്കുകള്‍ക്ക് മലയാളത്തിലുള്ള തത്തുല്യ പദങ്ങള്‍ പതിവായി മലയാളി ഡ്രൈവര്‍ ഉപയോഗിച്ചതിലൂടെയാണ് താന്‍ മലയാളം വശമാക്കിയതെന്ന് അബ്ദുല്ല പറയുന്നു.
ഡ്രൈവറെ അറബി പഠിപ്പിക്കല്‍ ഏറെ ദുഷ്‌കരമായിരുന്നു. താന്‍ ഓരോ തവണ അറബി വാക്കുകള്‍ പറയുമ്പോഴും സമാന അര്‍ഥത്തില്‍ മലയാളത്തിലാണ് ഡ്രൈവര്‍ മറുപടി നല്‍കിയിരുന്നത്. ഇന്ത്യയിലെ മറ്റു ഭാഷകളിലും നേരിയ പരിജ്ഞാനമുണ്ട്. റോഡുകളില്‍ വെച്ചും മറ്റും കണ്ടുമുട്ടുന്ന ഇന്ത്യക്കാരുമായി അവരുടെ ഭാഷയില്‍ സംസാരിക്കുന്നത് അവര്‍ക്കും അത്ഭുതവും വിസ്മയവുമാകുന്നു.
മലയാളിയെ താന്‍ തന്റെ വീട്ടിലെ ഡ്രൈവറായല്ല കാണുന്നത്. തന്നെ അനുഗമിക്കുന്ന വീട്ടംഗം എന്നോണമാണ് ഡ്രൈവറെ താന്‍ കാണുന്നത്. തനിക്കൊപ്പം ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡ്രൈവര്‍ക്കും സൗദിയില്‍ അന്യഥാബോധമോ ഒറ്റപ്പെടലോ തോന്നുന്നില്ലെന്ന് സൗദി യുവാവ് പറയുന്നു.
മലയാളം വശമാക്കിയതിലൂടെ ഇന്ത്യക്കാരുടെ തട്ടിപ്പ് ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചതിന്റെ അനുഭവവും സൗദി പൗരന്‍ ചാനല്‍ പ്രേക്ഷകരുമായി പങ്കുവെച്ചു. ഒരിക്കല്‍ കാറിലെ തകരാറ് തീര്‍ക്കുന്നതിന് മലയാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പിനെ സമീപിച്ചു. വാഹനം പരിശോധിച്ച് എന്‍ജിനില്‍ ചെറിയ തകരാറു മാത്രമേയുള്ളൂവെന്നും തകരാറ് എന്താണെന്നും പരസ്പരം സംസാരിച്ച വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍, കാര്യമായ കേടാണെന്ന് പറഞ്ഞ് വലിയ ഒരുതുക ആവശ്യപ്പെടാമെന്ന് ധാരണയിലെത്തി. ഇതുപ്രകാരം തകരാറ് നന്നാക്കുന്നതിന് വലിയ തുക ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ തല്‍ക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് സ്ഥലം വിട്ട് മറ്റൊരു വര്‍ക്ക് ഷോപ്പിനെ താന്‍ സമീപിച്ചു.
കാറിലെ തകരാറ് കൃത്യമായി താന്‍ അവര്‍ക്ക് വിശദീകരിച്ചു നല്‍കി. നിസാരമായ തുക മാത്രമേ ഈ തകരാറ് ശരിയാക്കാന്‍ വേണ്ടിവരികയുള്ളൂവെന്നും താന്‍ അവരോട് പറഞ്ഞു. എന്‍ജിനിലെ തകരാറ് ഇത്രയും കൃത്യമായി താന്‍ വിശദീകരിച്ചുനല്‍കിയത് കേട്ട് രണ്ടാമത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ അമ്പരന്നതായും അബ്ദുല്ല പറയുന്നു. ഇത്തരത്തില്‍ പെട്ട നിരവധി അനുഭവങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നും യുവാവ് പറയുന്നു. കൊറോണ പ്രതിസന്ധി അവസാനിച്ച ശേഷം കേരളം സന്ദര്‍ശിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയാണ് ചാനല്‍ അഭിമുഖം അബ്ദുല്ല അവസാനിപ്പിച്ചത്.
നിരവധി സൗദികള്‍ക്ക് ഇപ്പോ മലയാളം നല്ല വശമാണ്. മാത്രമല്ല, കേരളത്തെക്കുറിച്ചും ഏകദേശം സൗദികള്‍ക്കെല്ലാം നല്ല കാഴ്ച്ചപാടാണ്.