കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ തെരച്ചിലിന്റെ ഭാഗമായി ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചുള്ള സ്‌കാനിംഗ് ദൗത്യവുമായി
ഒരു ഹെലികോപ്റ്റര്‍, സ്‌പെഷ്യല്‍ ടീമുമായി നാളെ (06/08)രാവിലെ 8 മണിക്ക് എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യും.
അതേസമയം ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രം മന്ത്രിമാര്‍ സന്ദര്‍ശിച്ചു, ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്തെ പ്രഭവ കേന്ദ്രമായ പുഞ്ചിരി മട്ടത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തി മന്ത്രിമാര്‍. സംസ്ഥാന ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാലും, പട്ടിക ജാതി പട്ടിക വര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളുവും ആണ് സന്ദര്‍ശനം നടത്തിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോട് കൂടിയാണ് ചൂരല്‍ മലയില്‍ നിന്നും വാഹനത്തിലും കാല്‍ നടയുമായി ഇരുവരും പുഞ്ചിരി മട്ടത്ത് എത്തിയത്
ചാലിയാറില്‍ നിന്ന് ഇന്ന് ലഭിച്ചത് രണ്ട് ശരീര ഭാഗങ്ങള്‍
വയനാട് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടേതായി ചാലിയാര്‍ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് (തിങ്കള്‍) ലഭിച്ചത് 2 ശരീര ഭാഗങ്ങള്‍. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 76 ഉം ശരീര ഭാഗങ്ങള്‍ 159 ഉം ആയി. ആകെ 235 എണ്ണം. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇതുവരെ 233 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടര്‍ന്നു. വൈകുന്നേരത്തോടെ വാണിയമ്പുഴയില്‍ നിന്നാണ് രണ്ട് ശരീര ഭാഗങ്ങള്‍ ലഭിച്ചത്. ഈ രണ്ട് ശരീര ഭാഗങ്ങള്‍ മത്രമാണ് ജില്ലാ ആശുപത്രിയില്‍ അവശേഷിക്കുന്നത്.
ഇന്ന് ആറ് സംഘങ്ങളായാണ് തിരിച്ചില്‍ നടത്തിയത്. ഓരോ സംഘത്തിലും 18 പേര്‍ വീതമുണ്ട്.
നാളെയും തിരച്ചില്‍ തുടരും.