തിരുവനന്തപുരം: ടി എ മജീദ് സ്മാരക പുരസ്കാരം റവന്യു-ഭവന നിര്‍മ്മാണ മന്ത്രി കെ രാജന്. സ്വാതന്ത്ര്യസമര സേനാനിയും 1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയും പത്ത് വര്‍ഷക്കാലം നിയമസഭാ ചീഫ് വിപ്പും 23 വര്‍ഷക്കാലം വര്‍ക്കല മണ്ഡലത്തിലെ നിയമസഭാ സാമാജികനും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി എ മജീദിന്റെ സ്മരണയ്ക്കായി ടി എ മജീദ് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 34ാമത് പുരസ്കാരത്തിനാണ് മന്ത്രി കെ രാജന്‍ അര്‍ഹനായത്. റവന്യു വകുപ്പ് നവീകരിക്കുന്നതിനായി നടത്തിവരുന്ന ശ്രമങ്ങളും, സേവനം ജനങ്ങള്‍ക്ക് അതിവേഗം ലഭിക്കാനും സത്യസന്ധവും സുതാര്യവുമായ ഭരണ നിര്‍വഹണത്തിനുമായി നടത്തുന്ന പരിശ്രമങ്ങളും വിലയിരുത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 20ന് വര്‍ക്കല പുത്തന്‍ചന്ത കിങ്സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്കാരം സമര്‍പ്പിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷനാകും. ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അനുസ്മരണ പ്രഭാഷണം നടത്തും. വി ശശി എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും. പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, മാങ്കോട് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ വി മണിലാല്‍, വൈസ് ചെയര്‍മാന്‍ എ എം റൈസ് എന്നിവരും പങ്കെടുത്തു