പാര്‍ട്ടി ചിഹ്നം വെച്ച് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങി വോട്ട് തട്ടാന്‍ ശ്രമം; തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂട്ടിച്ചു

കിഴക്കമ്പലം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്
കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കാന്‍ ജില്ലാ വരണാധികാരി ഉത്തരവിട്ടു.

80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തിലാണ് മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചത്.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രണ്ടു പരാതികള്‍ ജില്ലാവരണാധികാരിക്കു ലഭിച്ചിരുന്നു.
പരാതി പരിഗണിച്ച എറണാകുളം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍, ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യണമെന്നും ഉത്തരവിട്ടിട്ടുണ്ട്.