മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണം -മാധ്യമപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം.മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകും. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും.
തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും അറിയിക്കുന്നു.

അതേസമയം മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വസ്തുനിഷ്ഠമായി പരാതി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതി വനിതാ കമ്മിഷനു ലഭിച്ചു. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. പരാതി ഗൗരവമുള്ളതാണ്. മാപ്പുകൊണ്ട് അവസാനിക്കില്ല. സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പു പറയലായി മാധ്യമ പ്രവര്‍ത്തക കാണുന്നില്ല. തൊഴിലിടങ്ങളിൽ അന്തസോടെ, ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. സമൂഹത്തിൽ നില നിൽക്കുന്ന സ്ത്രീ വിരുദ്ധ സമീപനങ്ങൾ മാധ്യമ രംഗത്തെ സ്ത്രീകളെയും ദേഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതൽ സമൂഹത്തിൽ ഉണ്ടാകണം. ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ നടപടിയെടുക്കും. ഈ പ്രശ്നത്തിൽ പത്രപ്രവർത്തക യൂണിയന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടായത് അഭിനന്ദനാർഹമാണ്. മാധ്യമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഒക്ടോബർ 31 ന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. മാധ്യമ പ്രവർത്തകരുടെയും പത്രപ്രവർത്തക യൂണിയന്റെയും പിന്തുണ ഈ പരിപാടിക്കുണ്ടാകണമെന്നും
വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.