ദോഹ: ഫെയ്സ് മാസ്ക് ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ച സംഭവത്തിൽ 16 പേർക്കെതിരേ നിയമനടപടി. ഖത്തർ ഗതാഗതവകുപ്പ് ജനറൽ ഡയറക്ടറേറ്റാണ് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. മറ്റു നിയമലംഘനങ്ങൾക്ക് 45 വാഹനങ്ങൾക്കെതിരെയും നിയമനടപടിയുണ്ട്. സീലൈൻ മേഖലയിൽ ബീച്ചിലും മരുഭൂമിയിലും സാഹസിക ഡ്രൈവിങ് നടത്താനാണ് ഇവരിൽ പലരും നമ്പർ പ്ലേറ്റ് മറച്ചത്.
ഫെബ്രുവരി 13 മുതൽ മാർച്ച് 13 വരെയുള്ള കാലയളവിലാണ് നമ്പർ പ്ലേറ്റുകൾ മറച്ച നിലയിലുള്ള വാഹനങ്ങളുടെ നിയമലംഘനം സീലൈൻ ബീച്ചിൽ കണ്ടെത്തിയത്. മാസ്ക്കുകൽ ഉപയോഗിച്ചാണ് മിക്കയാളുകളും വാഹനങ്ങളുടെ നമ്പർപ്ലേറ്റ് മറയ്ക്കുന്നതെന്ന് ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്.
വാഹനങ്ങളുടെ നമ്പർപ്ലേറ്റുകൾ മറയ്ക്കുന്ന കുറ്റത്തിന് മൂന്നു ദിവസം ജയിൽ ശിക്ഷയാണ് ലഭിക്കുക. ഇവരെ കോടതിയിലേക്ക് കൈമാറുകയും ചെയ്യും. 2018ലെ കണക്കുകൾപ്രകാരം വാഹനാപകടത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന മേഖലകളിൽ അഞ്ചാമതാണ് സീലൈൻ. 2018ൽ മാത്രം എട്ടു പേർ വിവിധ അപകടങ്ങളിലായി ഇവിടെ മരിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ ബഗ്ഗികളിൽ തനിച്ച് വിടുന്ന രക്ഷിതാക്കളും ഒരു പരിധി വരെ നിയമലംഘനത്തിൽ പങ്കാളികളാണ്.
സീലൈനില്‍ ഗതാഗത അപകടങ്ങള്‍ക്ക് നാലു കാരണങ്ങളാണ് പ്രധാനമായുമുള്ലത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി മോട്ടോര്‍ സൈക്കിളുകള്‍ വാടകക്കെടുത്ത് നല്‍കുന്നത്, സുരക്ഷാ മുൻകരുതലുകള്‍ പാലിക്കാത്ത മോട്ടോര്‍ സൈക്കിളുകള്‍, യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍, അമിതവേഗതയുള്ള എന്‍ജിനുകളുള്ള ക്വാഡ് ബൈക്കുകള്‍ ഉപയോഗിക്കല്‍, അപകടസ്ഥലങ്ങള്‍ സംബന്ധിച്ച് സൂചന നല്കുന്ന പാനലുകളുടെ അഭാവം എന്നിവയാണ് അപകടകാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. വേനലാകുന്നതോടെ നിരവധി വാഹനങ്ങളും ആളുകളുമാണ് സീലൈനിലെത്തുന്നത്.