ദോഹ: വിവിധ ഫാല്‍ക്കണുകളെ തിരിച്ചറിയാനും ഇനങ്ങളുടെ പ്രത്യേകതകൾ നിര്‍ണയിക്കാനും കതാറ ആസ്ഥാനമായുള്ള അല്‍ ഗന്നാസ് സൊസൈറ്റി ജനിതക പരീക്ഷണം വികസിപ്പിക്കുന്നു. ഫാല്‍ക്കണ്‍ ഇനങ്ങളെ തിരിച്ചറിയുന്നതിനും ക്യാപ്റ്റിവ് ബ്രൈഡ് ഫാല്‍ക്കണുകളുടെ ക്രോസ് ബ്രീഡിങ് അനുപാതം കണ്ടെത്തുന്നതിനുമായാണ് ജനിതക പരിശോധന വികസിപ്പിക്കുന്നത്. സൊസൈറ്റിയുടെ ഖത്തര്‍ ഫാല്‍ക്കണ്‍ ജിനോം പ്രോജക്ടിന്റെ നേട്ടം സുപ്രധാന ശാസ്ത്രീയ വിജയമാണെന്ന് കതാറ ഫൗണ്ടേഷന് ജനറല്‍ മാനെജര്‍ പ്രഫ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു.
ജനിതകശാസ്ത്രത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷണങ്ങൾ. ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്നും ഖത്തര്‍ ഫാല്‍ക്കണ്‍ ജിനോം പ്രോജക്ട് ഡയറക്ടറും ജിനോമിക്സിലെ സ്പെഷലിസ്റ്റുമായ ഫാറൂഖ് അല്‍ ഇജ്ലി പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്നവയുടെ പുനരുൽപാദനം പദ്ധതി ഉറപ്പാക്കുന്നുണ്ട്.
ഖത്തര്‍ ഫാല്‍ക്കണ്‍ ജിനോം പദ്ധതി യുവതലമുറയ്ക്ക് പ്രചോദനമാകും. ശാസ്ത്ര ഗവേഷണങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവരെ ഇക്കാര്യങ്ങൾ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ജനിതക പരീക്ഷണം നടത്തുന്നത് അഭിമാനകരമാണെന്നും ഈ രംഗത്തെ നേട്ടമാണെന്നും അല്‍ ഗന്നാസ് സൊസൈറ്റി ചെയർമാൻ അലി ബിൻ ഖാതിം അൽ മെഹ്ശാദി പറഞ്ഞു. ഫാല്‍ക്കൺ പൈതൃകസംരക്ഷണത്തിനും പരിപാലനത്തിനും വര്‍ധിച്ച പ്രാധാന്യമാണ് ഖത്തർ നല്‍കുന്നത്.