ടൂറിസ്റ്റുകളെ ഇതിലേ, ജബൽ അൽലോസ് വിളിക്കുന്നു!

റി​യാ​ദ്​: ത​ബൂ​ക്കി​ലെ ‘ജ​ബ​ൽ അ​ൽ​ലോ​സ്’ പ​ർ​വ​ത​നി​ര​ക​ൾ ശൈ​ത്യ​കാ​ല ടൂ​റി​സ്റ്റുകളെ മാടിവിളിക്കുന്നു. പർവതക്കാഴ്ചകൾ കൂടാതെ സ്കീയിങ്ങും ട്രക്കിങ്ങും ചെയ്യാനാകുമെന്നതും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുകയാണ് ജബൽ അൽലോസിനെ. ഇ​ളം നി​റ​ങ്ങ​ളി​ലു​ള്ള ഗ്രാ​നൈ​റ്റ് പാ​റ​ക​ളു​ടെ അ​പൂ​ർ​വ കാ​ഴ്‌​ച​ക​ൾ​കൂ​ടി​യു​ള്ള ഈ ​പ്ര​ദേ​ശം ത​ബൂ​ക്ക്​ ന​ഗ​ര​ത്തി​ൽ​നി​ന്ന് പ​ടി​ഞ്ഞാ​റ് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ത​ബൂ​ക്കി​ൽ​നി​ന്ന്​ ഹ​ഖ്‌​ൽ എ​ന്ന ക​ട​ൽ​ത്തീ​ര പ​ട്ട​ണ​ത്തി​ലേ​ക്ക്​​ പോ​കു​ന്ന വ​ഴി​യി​ലാ​ണ്​ ജ​ബ​ൽ അ​ൽ​ലോ​സ്. ‘ബ​ദാം പ​ർ​വ​തം’ എ​ന്നാ​ണ്​ ഈ ​പേ​രി​ന്​ അ​ർ​ഥം. ഇ​പ്പോ​ഴും വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ബ​ദാം മ​ര​ങ്ങ​ൾ ധാ​രാ​ളം ഉ​ള്ള​തി​നാ​ലാ​ണ് ഈ ​പേ​രി​ൽ പ​ർ​വ​തം അ​റി​യ​പ്പെ​ടു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2,580 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ത​ബൂ​ക്ക്​ പ്ര​വി​ശ്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള പ​ർ​വ​ത​മാ​ണി​ത്. സൗ​ദി​യി​ൽ എ​ല്ലാ വ​ർ​ഷ​വും മ​ഞ്ഞു​വീ​ഴ്ച​യു​ള്ള ഒ​രു പ്ര​ദേ​ശം​കൂ​ടി​യാ​ണി​ത്. ഈ ​പ​ർ​വ​ത​ത്തിന്‍റെ ഉ​ച്ചി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​മാ​ണ് ഏ​റെ അ​നു​ഭൂ​തി പ​ക​ർ​ന്നു​ത​രു​ന്ന​തെ​ന്ന് അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നു. മു​ക​ളി​ലെ​ത്തും​തോ​റും ത​ണു​പ്പ് കൂ​ടി​വ​രു​ന്ന​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കും.

മ​ഞ്ഞു​വീ​ഴ്ച​യു​ടെ വി​സ്മ​യ കാ​ഴ്ച​ക​ൾ ക​ൺ​കു​ളി​ർ​ക്കെ കാ​ണാ​നും ശൈ​ത്യ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ നു​ക​രാ​നും പ്ര​കൃ​തി​സൗ​ന്ദ​ര്യം ഒ​പ്പി​യെ​ടു​ക്കാ​നും പ്ര​ദേ​ശ​ത്തെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ മ​ണി​ക്കൂ​റു​ക​ളാ​ണ് ഇ​വി​ടെ ചെ​ല​വ​ഴി​ക്കു​ന്ന​ത്. പൊ​തു​വെ ഉ​ഷ്ണ​വും മ​ണ​ൽ​പ്ര​ദേ​ശ​ങ്ങ​ളും മാ​ത്രം ക​ണ്ടു​പ​രി​ച​യി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ട​ൽ​കാ​ഴ്ച​ക​ളും ഹി​മ​വീ​ഴ്ച​ക​ളും പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ഒ​രി​ട​ത്തു​നി​ന്നു​ത​ന്നെ ആ​സ്വ​ദി​ക്കാ​ൻ ജ​ബ​ൽ അ​ൽ​ലോ​സ് മേ​ഖ​ല​യി​ൽ​നി​ന്ന് ക​ഴി​യും.

സൗ​ദി വി​ൻ​റ​ർ ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ടേ​ക്ക് സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി വി​വി​ധ ട്രി​പ്​ പാ​ക്കേ​ജു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന യാ​ത്രാ ഷെ​ഡ്യൂ​ളു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. ഒ​ട്ട​ക​സ​വാ​രി​യും ച​രി​ത്ര​പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​ന​വും ഷോ​പ്പി​ങ്ങും എ​ല്ലാം ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള വി​വി​ധ ട്രി​പ്പു​ക​ൾ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. മാ​ർ​ച്ച് അ​വ​സാ​നം വ​രെ​യാ​ണ് ട്രി​പ്പു​ക​ൾ ഒ​രു​ക്കു​ന്ന​ത്. 200ല​ധി​കം ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ മു​ഖേ​ന 300ല​ധി​കം ടൂ​റി​സം പാ​ക്കേ​ജു​ക​ളും ടൂ​റി​സം അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.