കുവൈറ്റ് സിറ്റി: കുവൈത്തിറ്റിലേക്ക് ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് നീക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. രാജ്യത്തെത്തുന്ന മുഴുവൻ പേർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണിത്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് കുവൈറ്റിലേക്ക് മുഴുവൻ വിദേശികൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടത്താവള രാജ്യങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരുന്ന് വരുന്നവർക്കും ഇത് ബാധകമാണ്. വിലക്ക് കാലം കഴിഞ്ഞാൽ നേരിട്ടും പ്രവേശനാനുമതി ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും അതുകഴിഞ്ഞുള്ള കോവിഡ് പരിശോധനയും വൈറസ് വ്യാപനം തടയാൻ പര്യാപ്തമാണെന്നാണ് വിദഗ്ധർ പറയുന്നത്. കുവൈറ്റിലെ ഹോട്ടൽ, ട്രാവൽ വ്യവസായത്തിന് കരുത്തുപകരുന്ന തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനായി ബന്ധപ്പെട്ട മേഖലയിലെ സ്വാധീനമുള്ളവർ സമ്മർദം ചെലുത്തുന്നു.