കൈറോ: അറബ് വസന്തത്തിന്റെ തുടര്‍ച്ചയായി ഈജിപ്തില്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെതിരെ നടന്ന വിപ്ലവത്തിന് സാക്ഷിയായിട്ട് പത്ത് വര്‍ഷം. 2011 ജനുവരി 25നാണ് ഈജിപ്തില്‍ വിപ്ലവം തുടങ്ങുന്നത് .
30 വര്‍ഷം നീണ്ട ഹുസ്നി മുബാറക്കിന്റെ ഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭം രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് വഴിതെളിച്ചു. ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി മുഹമ്മദ് മുര്‍സി അധികാരത്തിലേറിയെങ്കിലും വൈകാതെ ഭരണം അട്ടിമറിക്കപ്പെട്ടു.
അതെ സമയം 24 വര്‍ഷം തുനീഷ്യയെ അടക്കിഭരിച്ച ഏകാധിപതി സൈനുല്‍ ആബ്ദീന്‍ ബിന്‍ അലിയെ വലിച്ച് താഴെയിറക്കിക്കൊണ്ടാണ് മുല്ലപ്പൂ വിപ്ലവം അറബ് ലോകത്ത് വീശിയടിച്ചത് . 2011 ജനുവരിയിലാണ് ബിന്‍ അലിയെ സ്ഥാനഭ്രഷ്ടനാക്കുന്നത്. തുടര്‍ന്ന് 35 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബിന്‍ അലി സൗദിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് ബൂ അസീസ് എന്ന തെരുവ് കച്ചവടക്കാരനായ ചെറുപ്പക്കാരന് 2010 ഡിസംബര്‍ അവസാനം ദേഹത്ത് തീകൊളുത്തിയതിനെ തുടര്‍ന്നാണ് തുനീഷ്യയില്‍ പ്രക്ഷോഭം ആളിക്കത്തുന്നത്.
ബിന്‍ അലിയുടെ ദുര്‍ഭരണത്തില്‍ തകര്‍ന്നടിഞ്ഞ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. തൊട്ടടുത്ത ദിവസംതന്നെ ബിന്‍ അലിക്ക് അധികാരവും രാജ്യംതന്നെയും വിടേണ്ടിവന്നു. തുനീഷ്യയെ കൂടാതെ ഈജിപ്ത്, യമന്‍,
സിറിയ, സൗദി അറേബ്യ, ലിബിയ, , ജോര്ഡന്, ബഹ്റിന്, സുഡാന് എന്നീ രാജ്യങ്ങളിലും പ്രക്ഷോഭക്കൊടുങ്കാറ്റ് ആഞ്ഞുവീശി. ലിബിയയിലാണ് പ്രക്ഷോഭം ഏറ്റവും കൂടുതല്‍ ആളിക്കത്തിയത് .