കുവൈറ്റ് സിറ്റി: ദുബായ്, തുർക്കി എന്നിവിടങ്ങൾ ഇടത്താവളമാക്കി കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിച്ചവർക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് ക്ഷാമം. ഫെബ്രുവരി 20 വരെ ടിക്കറ്റുകൾ ഒഴിവില്ലെന്നാണ് റിപ്പോർട്ടുകൾ. കുവൈറ്റിലേക്ക് പ്രതിദിനം സ്വീകരിക്കുന്ന വിമാന യാത്രക്കാരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തിയതാണ് ടിക്കറ്റ് ക്ഷാമത്തിന് കാരണം.
ഫെബ്രുവരി ആറുവരെയാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അതുകഴിഞ്ഞുള്ള ദിവസങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ ടിക്കറ്റുകൾ വിറ്റുതീർന്നതായാണ് വിവരം. ഇനി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തേണ്ടി വരും. അത് വരുംദിവസങ്ങളിലെ സാഹചര്യം അനുസരിച്ചാണ്. നേരത്തെ ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങളാണ് വ്യോമയാന വകുപ്പിന്റെ തീരുമാനത്തെ തുടർന്ന് റദ്ദാക്കിയത്.
കുവൈറ്റിലേക്ക് വരുന്ന വിമാനയാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത് വിമാനത്താവളം അടച്ചിടുന്നത് ഒഴിവാക്കാനാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കടുത്ത നടപടിക്ക് അധികൃതർ നിർബന്ധിതരാകുകയായിരുന്നു. ഒരു വിമാനത്തിൽ 35 പേരിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.