അനഘ സങ്കല്പ ഗായിക

സ്വപ്ന നായികേ ഞാനൊരു വീണയായിരുന്നെങ്കിൽ 

എത്ര രാത്രികളിലെത്ര കിനാക്കളിൽ നീ മീട്ടിയ ഗാനങ്ങളെൻ ഞരമ്പുകളിൽ തുടിക്കുമായിരുന്നു.

 കാറ്റേറ്റ് മയങ്ങും നട്ടുച്ചകളിൽ തുടിക്കും ഹൃദയവുമായി കാതോർത്തിരുന്നു  നിൻ പാദസ്വനങ്ങൾ.

 എങ്ങനെ മറക്കും ഞാൻ

അലക്ഷ്യമായ നിൻ കരസ്പർശനങ്ങളാൽ ഞാനൊരാനന്ദ നാദമായി

അദൃശ്യനായി അനന്തതയിലലിഞ്ഞു

പോയിരുന്നെങ്കിലാശിച്ച ആ ദിനങ്ങൾ.

 “ശ്രീ മഹാദേവന്റെ ശ്രീ കുടം കൊണ്ട് ഞാൻ പൂരാടം തീണ്ടിപ്പിറന്ന കണ്ണനുണ്ണിയുടെ നാവോറ് പാടുന്നേൻ, ഓമനയുണ്ണിയുടെ നാവോറ് പാടുന്നേൻ..”

 പുളളുവകുടത്തിന്റെ ‘ബ്രം ബ്രം’ എന്ന ശബ്ദം കേട്ടിട്ടോ എന്തോ വടക്കേപ്പുറത്തേ കുളത്തിന് മീതെയുള്ള മൊന്തയിൽ കുളക്കോഴികൾ ഒന്നാകെ ‘ക്ലോ ക്ലോ’യെന്ന് ബഹളം വെക്കാൻ തുടങ്ങി. മുറ്റത്ത് നിന്നിരുന്ന പൂവനത് തീരെ പിടിച്ചില്ല. അവൻ ‘

കൊക്കക്കോ’ എന്ന് കൊക്കി കൊക്കി കൊക്കരകോയെന്ന് ഒച്ചത്തിൽ കൂവാൻ തുടങ്ങി. അവൻ കൂവൽ നിർത്താതായപ്പോൾ ഉണ്ണിയുടെ നാവോറ് പാടുന്നതിനിടയിൽ ഇതൊരപശകുനമായി തോന്നിയത് കൊണ്ടോ എന്തോ അമ്മ തിണ്ണയിൽ നിന്നെഴുന്നേറ്റ് കോഴിയെ ആട്ടി. പോ കോഴി അവൻ കൂവൽ പാതി മുറിഞ്ഞ ദേഷ്യത്തിൽ എന്താ ഈ തളളക്ക് എന്നോ എന്തോ കൊക്കി പറഞ്ഞ് തെക്കേ മുറ്റത്ത് ചെന്ന് ചിറകൊന്ന് കുടഞ്ഞ് പൂർവ്വാധികം ഭംഗിയായി കൂവാൻ തുടങ്ങി.

നാവോറ് കഴിഞ്ഞ് അരി കൊടുക്കുന്നതിനിടയിൽ അമ്മ പറഞ്ഞു “മോള് നന്നായി പാടി ഈ കുട്ടിയുടെ അമ്മയോ? “

എന്റെ മോളുടെ മോളാ ഇവൾക്കമ്മയില്ല. പ്രായാധിക്യത്താൽ സംസാരിക്കുമ്പോൾ പോലും ആ വൃദ്ധന്റെ കണ്ഠ നാളത്തിലെ പേശികൾ വലിഞ്ഞ് പിടക്കുന്നുണ്ടായിരുന്നു.

“അച്ചനോ? “

“അച്ഛൻ വേറെ കല്ല്യാണം കഴിച്ചുപോയി”

“എവിടെയാ വീട് “

“ചെർപ്പുളശ്ശേരി “

ആ വൃദ്ധൻ ഒന്നമാന്തിച്ച് ചോദിച്ചു “അമ്മാ കുറച്ച് കഞ്ഞി വെളളം”

അമ്മ രണ്ട് പേരെയും ഒന്ന് നോക്കി. “മോള് അപ്പുറത്തേക്ക് വാ”

സർപ്പക്കാവും സർപ്പങ്ങളോടുമുളള അമിതാരാധനയോ എന്തോ വൈകിയിട്ട് അന്തിയുറങ്ങാനൊരിടം ആ വൃദ്ധൻ ചോദിച്ചപ്പോൾ അച്ഛന്റെയടുത്ത് നിവേദനവുമായി അമ്മ തന്നെ പോയി കയ്യാലയിൽ കിടന്നോളാനുളള സമ്മതവും വാങ്ങി പുളളുവരെ പറഞ്ഞയച്ചു.

പുളളുവർ പോയപ്പോൾ അച്ഛൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

“ആ പെൺകുട്ടി”

“നല്ല ശ്രീത്വമുളള കുട്ടി “

“അതല്ല ഇവിടൊരു ചെക്കനുണ്ട്.” അമ്മയത് കേട്ടില്ലെന്ന് തോന്നുന്നു. അതോ ഏതൊരമ്മയെയും പോലെ തന്റെ മക്കളെ ബഹു വിശ്വാസമായതിനാലോ എന്തോ?

അമ്മയുടെ വിശ്വാസം സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. ങും അച്ഛന്റെയൊരു സംശയം. ഞാനെന്താ പെൺകുട്ടികളെ കണ്ടിട്ടില്ലേ?

അന്നത്തെ പ്രഭാതങ്ങൾ മനോഹരങ്ങളായിരുന്നു. രാത്രിയെ വഞ്ചിക്കാൻ വൈദ്യുത ദീപങ്ങളില്ലാതിരുന്നതിനാൽ രാത്രിയുടെ മൗനങ്ങൾ ആത്മാവിലേക്കിറങ്ങിയിരുന്നത് കൊണ്ട് മനുഷ്യർ പ്രണയ ബദ്ധരായിരുന്നു. ഓരോ പ്രഭാതവും പുനർജന്മം പോലെ സ്വപ്നാത്മകവുമായിരുന്നു.

കാലത്ത് കയ്ക്കുന്ന ചായയും ഒരു തുണ്ട് ശർക്കര അച്ചും വലിയമ്മ തീറ്റിച്ചിരുന്നത് ചായ കുടിക്കുമ്പോൾ കുട്ടികളുടെ മുഖം ചുരുങ്ങുന്നതും ശർക്കര നക്കുമ്പോൾ മുഖം വികസിക്കുന്നതും കണ്ട് രസിക്കാനായിരുന്നുവോ? ചായ കുടി കഴിഞ്ഞ്, കിഴക്കേ ഉമ്മറത്ത് വെയിൽ പരക്കുന്നത് വരെ പഠിക്കണം.

 കയ്യാലയിൽ ആ കുട്ടി എന്ത് ചെയ്യുകയായിരിക്കും? വെറുതെ ആലോചിച്ചു. ആ കുട്ടിക്ക് പഠിക്കാനൊന്നും പോവണ്ട, ഭാഗ്യം തന്നെ.

 കുളം ചാടി വന്നാൽ ചൂടുളള കഞ്ഞി വിളമ്പി വെച്ചിട്ടുണ്ടായിരിക്കും. സ്കൂളിൽ പോകുമ്പോൾ സംഘം സംഘമായി അന്ന് ഞങ്ങൾ എന്തായിരുന്നു ഇത്ര ആർമാദത്തോടെ വഴി നീളെ അട്ടഹസിച്ച് നടന്നിരുന്നതാവോ?

 നാല് മണിയുടെ പോക്ക് വെയിൽ പൂഞ്ഞാറം കുന്നിൽ തിളങ്ങി തുടങ്ങുമ്പോൾ ബെല്ലടിക്കേണ്ട താമസം ഉറമ്പിൻ കൂടുതിർത്ത പോലെ, നിമിഷം കൊണ്ട് കുട്ടികൾ കുന്നിറങ്ങി അപ്രത്യക്ഷമാകും. വീടെത്തിയാൽ കയ്യാലയിലേക്ക് ആദ്യം കണ്ണ് പായും ആ കുട്ടി പോയിട്ടുണ്ടാവുമോ?

“മോൻ ചായ കുടിച്ചിട്ട് പാടത്തേക്കൊന്ന് ചെല്ല്”

“എന്തിനാ”

“അവിടെ അച്ഛൻ ആറ്റയെ നോക്കുന്നുണ്ട് മോനൊന്ന് ചെന്നിട്ട് വേണം അച്ഛനൊരിടം വരെ പോകാൻ”

വെറുതെ വെറുതെയൊരു വാശി “ഞാൻ പോവില്ല “

“പോവാണ് നിനക്ക് നല്ലത് തല്ല് വേടിക്കണ്ടെങ്കിൽ”

പുസ്തകം മേശപ്പുറത്തേക്കിട്ടു. “ശരി ഞാൻ പൊക്കോളാം.”

ഓടുന്നതിനിടയിൽ അമ്മ വിളിച്ചു പറഞ്ഞു “ചായ കുടിച്ചിട്ട് പോ”

“എനിക്ക് വേണ്ട”

പാടത്ത് അച്ഛനില്ലായിരുന്നു. പാടവരമ്പത്തെ കരിമ്പനകളിൽ കൂട് കൂട്ടിയിരിക്കുന്ന തൂക്കണാം കുരുവികൾ പാടത്ത് കൂട്ടം കൂട്ടമായി സും സും എന്നിങ്ങനെ പാറി നടക്കുന്നുണ്ട്. തൊട്ടപ്പുറത്തെ ഞാൽ കണ്ണിയിൽ ആറ്റയെ നോക്കിയിരുന്ന തളള മോനേ ഇത് കൂടിയൊന്ന് നോക്കണേയെന്ന് പറഞ്ഞ് കുടയുമെടുത്ത് നടന്നു.

അങ്ങകലെ ഇറ്റിറ്റാം കിളികൾ ഞവുഞ്ഞി പിടിക്കുന്നതിനിടയിൽ ഒരാവശ്യവുമില്ലാതെ ഇറ്റിറ്റിറ്റീ ഇറ്റിറ്റിറ്റീ എന്ന് കരഞ്ഞ് കൊണ്ടിരുന്നു. ആ കൊക്കുകളെ നോക്കൂ എത്ര ശാന്തരായാണവർ ഇര പിടിക്കുന്നത്.

മാനം കറുത്ത് വരുന്നുണ്ടല്ലോ. മഴ പെയ്യുമോ അയ്യോ കുടയുമെടുത്തിട്ടില്ല. ഓ നനഞ്ഞാലും സാരമില്ല പോയിട്ട് കുളിക്കാം.

ആരോ തന്റെ നേരെ വരുന്നുണ്ടല്ലോ? അതാ ആ കുട്ടിയാണല്ലോ.

“ഇതാ, കുട്ടിക്ക് ഈ കുട തരാൻ പറഞ്ഞു അമ്മ. മഴ വരികയാണെങ്കിൽ പോന്നോളാൻ പറഞ്ഞു.”

 പെട്ടെന്ന് ഒരാരവത്തോടെ പടിഞ്ഞാറേ പാടത്ത് നിന്ന് മഴ പാഞ്ഞു വന്നു.

കുട നിവർത്തി ആ കുട്ടിക്ക് കൊടുത്ത് ഞാൻ കരിമ്പന ചോട്ടിലേക്കോടി.

“അയ്യോ മഴ നനയണ്ട” അവൾ കുടയുമായി പിറകെ വന്നു. അന്ത്യ വെളിച്ചത്തിൽ കോരി ചൊരിയുന്ന മഴ, വരമ്പത്ത് കൂടെ ഒരു കുടയിൽ രണ്ട് പേർക്ക് നടക്കാനാവില്ല. അവൾ ചൂടിതന്ന കുടയിൽ പാതി നനഞ്ഞ് നോക്കെത്താത്ത പാടത്ത് ആരെങ്കിലുമുണ്ടോയെന്ന് ഞാൻ പരതി. അവൾക്കൊരു പ്രത്യേക മണമായിരുന്നു. അതമ്മയുടെ മണമായിരുന്നില്ല അനുജത്തി അരുന്ധതിയുടെ ഗന്ധവുമായിരുന്നില്ല.

മഴ പാതി തോർന്നതോടെ കുട എന്റെ കയ്യിൽ തന്നു അവൾ ഓടിക്കളഞ്ഞു. സന്ധ്യയുടെ നിശ്ശബ്ദതയിൽ ചിവീടുകൾ കിരികിരിയെന്ന ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ചിവീടുകളെ തോല്പിക്കാനെന്നോണം ഒരായിരം തവളകൾ നിർത്താതെ ക്രോക്രോ എന്ന് ശബ്ദിച്ചു കൊണ്ടിരുന്നു. തോട്ടിലെ വെളളത്തിന്റെ  ഗളഗളായെന്ന സംഗീതം അതിനിടയിലും വേറിട്ട് കേൾക്കുന്നത് ആസ്വദിച്ച് കൊണ്ട് തണുത്ത് വിറച്ച് ഓരോ കുണ്ടും കുഴിയും ചാടി വീട്ടിലെത്തിയപ്പോൾ ഇരുട്ടായി.

“മഴയാകെ നനഞ്ഞോ” അമ്മ സാരിത്തലപ്പെടുത്ത് തല തുവർത്തുമ്പോഴും സ്പർശനങ്ങളുടെ കിനാവിൽ നിന്ന് ഞാനുണർന്നിരുന്നില്ല.

മംഗലാപുരത്തേക്ക് അടക്ക കച്ചവടത്തിന് പോയ വലിയച്ഛൻ വന്നിട്ട് വേണം കാവിലൊരു നൂറും പാലും കഴിക്കാനെന്ന് പുളളുവരെ തരത്തിൽ കിട്ടിയത് മുതൽ വലിയമ്മ പറയുന്നതാണ്.

തെക്ക് ഭാഗത്തെ കാവിൽ കൂറ്റാക്കുറ്റിരുട്ടിൽ ദീപങ്ങൾ ചെറുകാറ്റിൽ സർപ്പങ്ങളെ പോലെയാടുന്നുണ്ടായിരുന്നു. ഉമ്മറത്തെ നിലവിളക്കിന് മുന്നിലിരുന്നവൾ പാടി.

കന്നിമാസത്തിലെ ആയില്യം നാളിലെ

പന്നഗറാണിയായ കുദ്രു പെറ്റുണ്ടായ

ശ്രേഷ്ഠനനന്തനും..ഉം..ഉം ഉ..ങ്ഹും ഉ..ഉ വീണയിൽ ലയിക്കുന്തോറും

പ്രാണൻ പിടയുന്നത് പോലെ

അഷ്ട നാഗക്കളമെത്തി നിന്നാടുവാൻ

ഇഷ്ടമായുളള ഒരീ വീണ പാടുന്നുണ്ട്..ഉം..ഉം ഉ..ങ്ഹും ഉ..ഉ

ആലില വെറ്റില പൂക്കുല മാവില

മേലാപ്പിനാകെയഴക് ചാർത്തുന്നുണ്ട്.

നാഗരാജാവായ തക്ഷകന്നാളിൽ

താപത്തിനാൽ ചെന്നു ഒരാഴിയങ്കൽ

ബ്ധിംന്ന് ഒരു ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കിയപ്പോൾ തിണ്ണയും ചാരി നിന്ന ഞാൻ മുറ്റത്ത് വീണ് കിടപ്പുണ്ടായിരുന്നു. ഭാഗ്യത്തിനൊന്നും പറ്റിയില്ല.

കിഴക്കേ ഉമ്മറത്ത് വലിയച്ഛന്റെ ചാരു കസേരയിൽ കിടന്ന് മാതൃഭൂമിയിൽ ഖണ്ഡശ്ശയായി വന്ന് കൊണ്ടിരുന്ന യയാതി വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. “എന്താ വായിക്കുന്നത്.”

“യയാതി”

“എന്താ യത്”

“ഒരു നോവലാണ്”

“എന്താ പഠിക്കാൻ പോകതെ ഈ പാട്ടും പാടി നടക്കുന്നത്”

“ഞങ്ങൾക്ക് പിന്നെന്താ പറഞ്ഞിട്ടുളളത്” ഒന്ന് നിർത്തി അവൾ  തുടർന്നു

 “പഠിക്കാൻ പോകണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. “

“പഠിക്കാൻ പോയിട്ടേയില്ലേ?”

“ഉവ്വ്, ഏഴാം ക്ലാസ് വരെ” “ഞാൻ പോട്ടെ” ആരെയോ കണ്ടിട്ടെന്ന പോലെ അവൾ പെട്ടെന്ന് ഓടിക്കളഞ്ഞു.

ഓണത്തിന് സ്കൂളടച്ചിരിക്കുകയായിരുന്നു ഓണം കഴിഞ്ഞായിരുന്നു അർദ്ധ വാർഷിക പരീക്ഷ.

 “ആ കന്നിനെ ഒന്ന് കുന്നത്ത് വിട്ടാക്കികൂടേ അവറ്റ ഒന്ന് കയ്യും കാലും പേർന്നോട്ടെ. പഠിക്കാൻ അവിടെയിരുന്നുമാകാലോ.” അച്ഛൻ പറഞ്ഞു.

വെറുതെ പുസ്തകവും മാറത്ത് വെച്ച് കുന്നത്തെ കിണറിൻ പടുക്കയിൽ തലയും ചായ്ച്ച് ആകാശത്തിൽ വെൺമുകിലുകൾ ഓരോ രൂപം പ്രാപിച്ച് ഏതോ യുദ്ധത്തിന് തിരക്കിട്ട് പോകുന്ന ആനയായും രഥമായും കുതിരയായും രാക്ഷസരായും സങ്കല്പിക്കുകയായിരുന്നു. പ്രകൃതിയും നിശ്ചലമാണ് ഒരില പോലുമനങ്ങുന്നില്ല. പെട്ടെന്ന് തലക്ക് പിറകിലെ റബ്ബർ മരത്തിന് താഴെ കരിയിലകളനങ്ങുന്ന ശബ്ദം കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.

“അവൾ ചിരിച്ചു.”

“പേടിപ്പിച്ച് കളഞ്ഞല്ലോ.”

“എന്താ നാഗമാണെന്ന് കരുതിയോ”

“അതേ എങ്ങിനെ മനസ്സിലായി.”

“ഈ സമയത്ത് ഇല അനങ്ങിയാൽ അങ്ങിനെയല്ലേ ആരും കരുതൂ.”

“ഓ, എന്താ ഇവിടെ പണി.”

“വിറകൊടിക്കാൻ വന്നതാണ്.കത്തിക്കാൻ കുന്നത്ത് പോയി വിറകൊടിച്ചോളാൻ അമ്മ പറഞ്ഞു.” അവർക്ക് ഭക്ഷണം പാകം ചെയ്യാൻ ചായ്പിലെ അടുപ്പ് വലിയമ്മ വിട്ടു കൊടുത്തിരുന്നു. “എന്താ ആലോചിക്കണ്.”

“ഒരു കവിത ആലോചിക്കാരുന്നു.”

“എന്നിട്ടെന്തായി.”

” ഒന്നുമായില്ല”  “കേട്ട് നോക്കു”

“ആകാശത്തിലങ്കം കുറിച്ച ദേവഗണങ്ങളെ

ആത്മാക്കളെ കൊണ്ടാണോ പടവെട്ട് “

“അതിലപ്പുറം ഒന്നും തോന്നുണില്ല.”

“അയ്യോ ഇതെന്തൊരു ഭാവനയാണ്. അവൾ വാനം നോക്കി കവിത തിരുത്തി.”

“ആകാശത്തിൽ കുടി കൊളളും ദൈവങ്ങളെ

ഓം കാര മൂർത്തേ ശങ്കരാ

 ഭവാന്റെ ലീലകളെന്തത്ഭുതം

 ഒരു നിമിഷമങ്ങ് കരിയായാൽ

മറു നിമിഷം പാർശ്വേ പാർവതിയുമുണ്ടു പിടിയായി.”

 അവൾ ഉയർത്തി കെട്ടിയ പടുക്കയുടെ താഴെ നിന്ന് കൊണ്ട് റബ്ബർ മരങ്ങൾക്കിടയിലുടെ ചൂണ്ടി പറഞ്ഞു “കണ്ടോ ആകാശത്ത് കൂടി ശിവനും പാർവ്വതിയും രണ്ടാനകളായി മദിച്ച് രസിച്ച് പോകുന്നത്” .  ഞാൻ എത്ര ചാഞ്ഞ് നോക്കിയിട്ടും കാണുന്നില്ലായിരുന്നു. ഞാൻ എവിടെ എവിടെ എന്ന് ആകാശത്ത് നോക്കി ചോദിക്കുന്നുതിനിടയിൽ “ഇതാ ഇങ്ങോട്ട് നോക്ക്” എന്ന് പറഞ്ഞവൾ എന്റെ ഷർട്ട് പിടിച്ചു വലിച്ചു. പടുക്കയിൽ ഊന്നിയിരുന്ന വലുത് കയ്യ്  തെന്നി പെട്ടെന്നെന്റെ തല ഠേയെന്ന് അവളുടെ തലയിൽ ചെന്നിടിച്ചു. രണ്ട് പേർക്കും നന്നായി വേദനിച്ചു. രണ്ട് പേരും തല പൊത്തിപ്പിടിച്ച് ഒരു നിമിഷം നോക്കി നിന്നു. പിന്നെ പൊട്ടിച്ചിരിച്ചു. ഒരു നിമിഷം കൊണ്ട്, സ്പർശനത്താൽ സൗഹൃദത്തിൻ മുകുളങ്ങൾ പുഷ്പിച്ച് അന്തരീക്ഷം സുഗന്ധ പൂരിതമായി.

“വരൂ ഞാൻ വിറകൊടിച്ച് തരാം, ഇന്നെന്താ കറി.”

“അത് മാത്രം പറയില്ല.” അവൾ തല താഴ്ത്തി.

“അന്നെന്താ പറ്റിയത്.”

“എന്ന്.”

“നൂറും പാലും കൊടുക്കുന്ന അന്ന്.”

“അതോ ഇയാളുടെ പാട്ട് കേട്ട് എന്റെ ബോധം പോയി.”

“അതേ, കളിയാക്കുന്നതിനുമുണ്ട് ഒരതിര് .”

“അത് പോട്ടെ, അതിന്റെ ബാക്കി കേൾക്കാനൊത്തില്ല,ഇപ്പോൾ പാടാമോ.”

“ഇല്ല, ബോധം പോവും.”

“എന്നാലും”

“അയ്യോ അതൊന്നും അങ്ങിനെ പാടാൻ പാടില്ല.”

“വെറുതെ രണ്ട് വരി മൂളിയാൽ മതി”

“ഉം..ങ്ഹും…മുക്കണ്ണൻ തന്റെ മെയ് ചുറ്റിയ സർപ്പങ്ങളെ

അറിവായൊരറിവിന്റെ തിരുനാള പത്തി നിവർത്തു.

ആഴിയായി തിരയായി ഭൂമിയിലിഴയട്ടെ

മഴയായി മാനത്തിൽ മുടിയഴിഞ്ഞാടട്ടെ..”

ഓണം ആഘോഷിക്കാൻ എല്ലാ നാടോടികളും സ്വന്ത ഭവനത്തിൽ ചെല്ലുന്നത് പതിവായിരുന്നതിനാൽ അവരും പോകുമെന്നുറപ്പായിരുന്നു. എങ്കിലും വീണ്ടും വരാമെന്നവൾ ഉറപ്പ് തന്നിരുന്നു. “ശിവാ ഞാൻ വരുമെന്നവൾ” എന്റെ കയ്യിലടിച്ച് സത്യം ചെയ്തതുമാണ്. എങ്കിലും ഞനൊരുറപ്പിന് വേണ്ടി അവളുടെ അഡ്രസ്സ് വാങ്ങി വെച്ചു. സത്യഭാമ, ഗ്രാൻഡ് ഡോട്ടർ ഓഫ് രാമൻ പുളളുവൻ, ചെർപ്പുളശ്ശേരി ഹൗസ്, ചെർപ്പുളശ്ശേരി പോസ്റ്റ്,

അവൾ വന്നില്ല. ഒരിക്കലും വന്നില്ല. 

നിലാവ് ഘനീഭവിച്ച് സർപ്പക്കാവിന് മുകളിൽ ഒരു തൂ വെളള പട്ട് വിരിക്കുന്ന ദിവസങ്ങളിൽ അനേകം പ്രണയ കവിതകൾ എഴുതി ഞാൻ പോസ്റ്റ് ചെയതു. മറുപടി വരുമെന്ന പ്രത്യാശ തീരെ നശിച്ചിട്ടും …

സമയ തീരത്തിൻ ബന്ധനമില്ലാതെ

മരണ സാഗരം പൂകുന്ന നാൾ വരെ

ഒരു മദാലസ നിർവൃതി ബിന്ദുവായ്

ആ പ്രണയ പ്രവാഹത്തിൽ സ്വയമൊരു കിനാവായി

ഒഴുകുമെങ്കിലോ ഞാൻ നിത്യ തൃപ്തനായ്.

ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ എന്നെ വൃണപ്പെടുത്തുമ്പോഴെല്ലാം ഈ ഗാനം മൂളി കൊണ്ട് ഞാൻ അവളെ കുറിച്ച് കവിതകളെഴുതി കൊണ്ടേയിരുന്നു.

ശുഭം