അബുദാബി: 7,000 ചതുരശ്ര മീറ്റർ വിസ്തൃതി, 10 സോണുകൾ, 42,000 മത്സ്യങ്ങളും മറ്റു കടൽ ജീവികളും- പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അക്വേറിയം അബുദാബിയിൽ യാഥാർഥ്യമാകുന്നു. 80 വിദഗ്ധരുടെ നേതൃത്വത്തിൽ അവസാനഘട്ടത്തിലേക്കു കടന്ന നിർമാണ പ്രവർത്തനങ്ങൾ പൂർണമാകുന്നതോടെ മത്സ്യ വിസ്മയം കാണാൻ പ്രതിവർഷം പത്തുലക്ഷം പേർ അബുദാബിയിലെത്തുമെന്നാണ് കരുതുന്നത്.
ഗവേഷകർക്കും വിദ്യാർഥികൾക്കും പ്രയോജനപ്പെടുന്നതരത്തിൽ 300 ഇനം കടൽ ജീവികളുടെ ശേഖരമാണ് ഈ ബൃഹത്ത് അക്വേറിയത്തിൽ ഉണ്ടാകുക. വംശനാശ ഭീഷണി നേരിടുന്നവയും ഇതുവരെ മറ്റിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടില്ലാത്തതുമായ കടൽ ജീവികളെയും ഇവിടെ കാണാം. കടലിലെ ആവാസ സാഹചര്യം ഒരുക്കിയാണ് ജീവികളെ സൂക്ഷിക്കുക. കടലാമകളുടെ സംരക്ഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും.
തിയറ്റർ, ജിം, ഗെയിം സെന്റർ, ഇ- സ്പോർട്സ്, അക്കാഡമി തുടങ്ങി ഒട്ടേറെ വിനോദ പരിപാടികളുണ്ടെന്ന് നിർമാതാക്കളായ അൽ ബറക ഇന്റർനാഷണൽ ഇൻവെസ്റ്റ് മെന്റ് ചീഫ് എക്സിക്യൂട്ടിവ് ഫുആദ് മഷാൽ. കനാലിന്റെ ഇരുകരയിലുമായാണ് സിഗ്സാഗിൽ നിർമിച്ച അക്വേറിയം.