കോവിഡ്- 19: ലെബനോനിൽ ആരോഗ്യ അടിയന്തരാവസ്ഥ

ബെയ്റൂത്ത്: കോവിഡ്- 19 വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ലെബനോനിൽ സൈനിക ഇടപെടലോടെയുള്ള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനുവരി 14 മുതൽ 25 വരെ രാജ്യം കനത്ത കർഫ്യൂവിലായിരിക്കും. അതേസമയം, അവശ്യഘട്ടങ്ങളിൽ ഇളവുകളുണ്ടായേക്കുമെന്ന് അധികൃതർ. ജനുവരി ഏഴുമുതൽ രാജ്യം ലോക്ക്ഡൗണിലാണ്.

രോഗികൾ വർധിച്ചതോടെ ആശുപത്രി സേവനം അസാധ്യമായതാണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്. രോഗികളുമായുള്ള അംബുലൻസുകൾ ആശുപത്രികൾ തോറും കയറിയിറങ്ങുകയാണ്. ബെഡുകളുടെയും മരുന്നുകളുടെയും ദൗർലഭ്യം ആശുപത്രി പ്രവേശനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനിടെ രാജ്യത്തെ ആരോഗ്യ പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള റെഡ്ക്രോസ് പ്രവർത്തകന്‍റെ പോസ്റ്റ് വൈറലായി. രാവിലെ അഞ്ചുമുതൽ തന്‍റെ ഫോൺ നിർത്താതെ റിങ് ചെയ്യുകയാണെന്നും വിവിധയിടങ്ങളിൽനിന്ന് ആളുകൾ‌ മരുന്നിനും മറ്റ് ആരോഗ്യസേവനങ്ങൾക്കുമായി വിളിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്. ആശുപത്രികളിലേക്കുള്ള പരക്കം പാച്ചിലുകൾക്കിടയിൽ ആളുകൾ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തുകയാണെന്നും അദ്ദേഹം. പല ആശുപത്രികളിലും ഡോക്റ്റർമാർ രോഗികളെ കാറിലെത്തിയാണ് പരിശോധിക്കുന്നത്. നിരന്തരമായ ജോലികൊണ്ട് ആരോഗ്യപ്രവർത്തകർ അവശരാണെന്നും എല്ലാ വിഭാഗത്തിലും പെട്ട ഡോക്റ്റർമാർ കോവിഡ് രോഗികളെ പരിശോധിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.