ജിദ്ദ: പ്രശസ്ത സൗദി സുഗന്ധ ദ്രവ്യ വ്യാപാരി ഹുസൈൻ ബക്റി ഗസാസ് അന്തരിച്ചു. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. 95 വയസായിരുന്നു അദ്ദേഹത്തിൻ. അന്ത്യകർമങ്ങൾ മക്കയിൽ നടന്നു.
സൗദി അറേബ്യയിൽ ജനിച്ച അദ്ദേഹം വളരെ ചെറുപ്പത്തിലേ കുടുംബത്തോടൊപ്പം ഈജിപ്റ്റിലേക്കു മാറുകയും പിന്നീട് പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം തിരിച്ചെത്തുകയുമായിരന്നു. ചെറിയതോതിൽ സുഗന്ധദ്രവ്യ നിർമാണം ആരംഭിച്ച അദ്ദേഹം സൗദിയിലെ പെർഫ്യൂം മേഖലയിൽ സർവാധിപത്യം നേടുകയായിരന്നു. അദ്ദേഹത്തിന്റെ കമ്പനി വെബ്സൈറ്റിൽ പറയുന്നതു പ്രകാരം 1942ലാണ് വ്യാപരം തുടങ്ങുന്നത്. സൗദി അറേബ്യയിലേക്ക് സുഗന്ധദ്രവ്യ വസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന ആദ്യ വ്യക്തിയും ഗസാസ് ആയിരുന്നു. പിന്നീട്, ഗസാസ് ബ്രാൻഡിൽ സൗന്ദര്യവർധക വസ്തുക്കളും വാച്ച്, പേന, തുകൽ ഉത്പന്നങ്ങൾ, മറ്റ് ആക്സസറീസ് തുടങ്ങിയവയും കമ്പനിയിൽനിന്നുണ്ടായി.
കുട്ടിക്കാലത്ത് ഈജിപ്റ്റിന്റെ തെരുവിൽ കണ്ടതെല്ലാം തന്റെ ജന്മദേശമായ സൗദിയിലും വേണമെന്നതായിരുന്നു തന്റെ സ്വപ്നമെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. പാരീസും അദ്ദേഹത്തെ ഏറെ മോഹിപ്പിച്ചു.