ദുബായ് ഷോപ്പിങ് മാളുകളിൽ എല്ലാവർക്കും പ്രവേശനം

ദുബായ്: കോവിഡ് പ്രതിരോധത്തെത്തുടർന്ന് ഷോപ്പിങ് മാളുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ ആളുകളെ വരവേൽക്കാൻ സുസജ്ജമായി ദുബായ്. കോവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായാണ് പിൻവലിച്ചിരുന്നത്. ഏറ്റവുമൊടുവിൽ മാളുകളിൽ വയോധികർക്കും ഗർഭിണികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും പൊതു ഇരിപ്പിടങ്ങൾ സജ്ജമാക്കുകയും ചെയ്തു. വിദ്യാലയങ്ങൾ പുനരാരംഭിച്ചതിനു പിന്നാലെയാണ് മുനിസിപ്പാലിറ്റി ആരോഗ്യ സുരക്ഷാ വകുപ്പ് മാളുകളിലെ നിയന്ത്രണം ഒഴിവാക്കി സർക്കുലർ ഇറക്കിയത്.

ലോകമാകമാനം കോവിഡ് ഭീതിയിലേക്കു മാറിയതിനു പിന്നാലെ കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിലായിരുന്നു മാളുകളിലും മറ്റു വ്യാപാരകേന്ദ്രങ്ങളിലും കർശന നിയന്ത്രണമേർപ്പെടുത്തിയത്. പിന്നീട് ജൂണിൽ മാളുകൾ നിയന്ത്രണത്തോടെ തുറക്കാൻ അനുവദിക്കുകയുണ്ടായി. ഇപ്പോൾ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയെങ്കിലും മാളുകൾക്കകത്ത് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇരിപ്പിടങ്ങൾ വീണ്ടും ഒരുക്കുമെങ്കിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യ സുരക്ഷാ വകുപ്പ് ഡയറക്റ്റർ ഡോ. നസീം മുഹമ്മദ് റാഫി അറിയിച്ചു.