യുറേനിയം സമ്പുഷ്ടീകരണം: ഇറാന് താക്കീത്

ലണ്ടൻ: ഇരുപത് ശതമാനം ശുദ്ധിയോടെ യുറേനിയ സമ്പുഷ്ടീകരിക്കുന്നതായുള്ള ഇറാന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ ശക്തമായ താക്കീതുമായി മൂന്നു യൂറോപ്യൻ രാജ്യങ്ങൾ. വൻ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇറാന്‍റെ പദ്ധതകളെന്നും ഇതിൽനിന്നും ഉടൻ പിന്തിരിയണമെന്നും ബ്രിട്ടനും ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് ആണവപദ്ധതിയുടെ പുതിയ വെളിപ്പെടുത്തലുമായി ഇറാൻ രംഗത്തെത്തിയത്.

2015ലെ സംയുക്ത സമഗ്ര കർമപദ്ധതിയിൽനിന്നുള്ള വ്യതിചലനമാണ് ഇറാൻ നടത്തിയിരിക്കുന്നെതെന്ന് മൂന്നു രാജ്യങ്ങളും ആരോപിച്ചു. ആണാവായുധ നിർമാണത്തിന് 90 ശതമാനം ശുദ്ധിയിൽ യുറേനിയം വേർതിരിച്ചെടുക്കേണ്ടതുണ്ട്. ഇതിലേക്കുള്ള ചുവടുവയ്പ്പായാണ് ഇറാന്‍റെ ഇപ്പോഴത്തെ നീക്കത്തെ യൂറേപ്യൻ രാജ്യങ്ങൾ കാണുന്നത്.

ഇറാന്‍റെ നിർദിഷ്ട ആണവപദ്ധതിക്കെതിരേ 2015ൽ ഉണ്ടാക്കിയ കരാറിൽ യുഎസ്, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂണിയൻ എന്നിവർക്കൊപ്പം ഇറാൻ ഒപ്പുവച്ചിരുന്നു. എന്നാൽ, മൂന്നുവർഷത്തിനുശേഷം യുഎസ് ഇതിൽനിന്ന് പിന്നാക്കം പോകുകയും കൂടുതൽ കടുത്ത ഉപരോധം ഇറാനെതിരേ ചുമത്തുകയുമുണ്ടായി. തുടർന്ന് ഇറാനും ഈ കരാറിൽനിന്ന് വ്യതിചലിക്കുകയുണ്ടായി. കൂടിയതോതിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരിക്കുന്നതായി ഒരാഴ്ച മുൻപ് യുഎൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ.