മസ്ക്കത്ത്: ഒമാനിലെ പ്രവാസികള്‍ക്ക് പിഴയില്ലാതെ രാജ്യം വിടുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. കൊവിഡുമായി ബന്ധപ്പെട്ട സുപ്രിം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31വരെ ഒമാനില്‍ വിസാ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും രാജ്യം വിടുന്നതിനുമായി 57,847 അപേക്ഷകള്‍ ലഭിച്ചതായി ലേബര്‍ ഡയറക്ടര്‍ ജനറല്‍ സാലെം ബിന്‍ സഈദ് അല്‍ ബാദി പറഞ്ഞു. ഇതില്‍ 12,378 പേര് രാജ്യംവിട്ടു.
കമ്ബനികള്‍ക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് അനുമതി നല്കുമ്ബോള് ലൈസന്‍സില്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള ചുമതല ഒമാന്‍ റോയല്‍ പോലിസിനായിരിക്കും. ബന്ധപ്പെട്ട കമ്ബനിയില്‍ പരിശോധന നടത്തി ആവശ്യകതയും തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുമൊക്കെ ഉറപ്പ് വരുത്തിയായിരിക്കും ലൈസന്‍സ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.