മദായിന്‍ സ്വാലിഹ് 2000 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നുകൊടുത്തു

യുനസ്കോ പൈതൃക കേന്ദ്രം തുറന്ന് സൗദി

റിയാദ്: സൗദി അറേബ്യയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള അതിപുരാതനനഗരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. മരുഭൂമിയിലെ മണലിനടിയില്‍ കാലങ്ങളെയും കാലാവസ്ഥയെയും തരണം ചെയ്ത് മറഞ്ഞുകിടന്ന മദായിന്‍ സ്വാലിഹ്‌യാണ് സഞ്ചാരികള്‍ക്കായി തുറന്നത്.
2000 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് സൗദി അറേബ്യയിലെ ആദ്യ യുനസ്‌കോ പൈതൃക സ്ഥാനമായ മദായിന്‍ സ്വാലിഹ് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. അതിപുരാതന സംസ്‌കാരത്തന്റെ ശേഷിപ്പുകളുമായി മണ്ണിനടിയിലായിരുന്ന ഈ അതിപുരാതന നഗരം അറിയപ്പെടുന്നത് ജോര്‍ദാനിലെ പെട്രയുടെ സഹോദരി നഗരം എന്നാണ്.


മദായിന്‍ സ്വാലിഹ് എന്ന് പൊതുവെ അറിയപ്പെടുന്ന ഹിജ്‌റ സൗദിയിലെ പുരാതന ശേഷിപ്പുകളുടെ ഭൂമിയാണ്. ഈ പ്രദേശം ചരിത്ര സ്ഥാനം തന്നെയായ അല്‍ ഉല മരുഭൂമിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
വലുതും ചെറുതുമായ നിരവധി പാറക്കെട്ടുകളും അവയെ തുരന്നുള്ള കല്ലറകളും കിണറുകളുമെല്ലാം ഇവിടെ കാണാം. ഏകദേശം പതിമൂന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഇതുള്ളത്. വടക്കന്‍ അറേബ്യയിലും തെക്കന്‍ ലെവാന്റിലും വസിച്ചിരുന്ന പുരാതന അറബ് ജനതയായ നബറ്റിയന്‍സാണ് ഈ സ്മാരകം നിര്‍മിച്ചത്. ബിസി നാലാം നൂറ്റാണ്ടിനും എഡി ഒന്നാം നൂറ്റാണ്ടിനും ഇടയിലായാണ് നബറ്റിയന്‍സ് ഈ വലിയ സാമ്രാജ്യം നിര്‍മിക്കുന്നത്. പിന്നീട് ട്രാജന്‍ ചക്രവര്‍ത്തി ഇവിടം കീഴടക്കി നെബാറ്റിയന്‍സിനെ റോമന്‍ പ്രജകളാക്കിയതോടെ പ്രദേശത്തിന്റെ ചരിത്രം മാറിമറിഞ്ഞു, പിന്നീട് കാലങ്ങളോളം മറഞ്ഞു കിടക്കുകയായിരുന്നു ഈ നഗരം.
എന്നാല്‍ 19ാം നൂറ്റാണ്ടില്‍ പെട്രയെ വീണ്ടും ചരിത്രകാരന്മാര്‍ കണ്ടെത്തിയെങ്കിലും അപ്പോഴും മണ്ണിനടിയില്‍ തന്നെ കിടക്കാനായിരുന്നു ഹിജ്‌റയുടെ വിധി. പിന്നീട് ഈ അടുത്ത ശതകങ്ങളില്‍ അറേബ്യയിലെ നാടോടികളായ ബിഡോവിന്‍ അഥവാ ബെഡു വിഭാഗക്കാരാണ് ഇത് കണ്ടെത്തുന്നത്. അതോടെ ഈ ചരിത്ര സ്ഥാനത്തിന്റെ കഥ മാറി മറിഞ്ഞു.


മരുഭൂമിയില്‍ മഹത്തായ സംസ്‌കാരമാണ് നബാറ്റിയന്‍സ് നിര്‍മിച്ചതെങ്കിലും കാലത്തിന്റെ കുത്തൊഴുക്കില്‍ അതില്‍ പലതും ഇവിടെ കാണാന്‍ സാധിക്കില്ല. പകരം കല്ലില്‍ നിര്‍മിച്ച കുറേ ശവകുടീരങ്ങളും കിണറുകളും മാത്രമേ ഇവിടെയുളളൂ. ഇവിടെയുള്ള മൊത്തം 111 ശവകുടീരങ്ങളില്‍ 90ലധികം അലങ്കരിച്ചവയാണ്. ഇവയില്‍ പലതിലും ആദ്യകാല അറബിക് ഭാഷയിലുള്ള ലിഖിതങ്ങള്‍ കാണാം. നബാറ്റിയന്‍സിന് മുമ്പുള്ള കാലഘട്ടത്തിലെ 50 ലിഖിതങ്ങളും ചില ഗുഹ ചിത്രങ്ങളും ഇവിടെ കാണാം.
ഇവിടുത്തെ ശിലാഫലകങ്ങളില്‍ ആദ്യകാല അറബിക് ലിപിയില്‍ പല മുന്നറിയിപ്പുകളും ഇവിടെ എഴുതിയിരിക്കുന്നത് കാണാം. ‘ഈ ലോകത്തിന്റെ യജമാനന്‍ ഈ ശവകുടീരത്തെ ശല്യപ്പെടുത്തുന്നതോ തുറക്കുന്നതോ ആയ ആരെയും ശപിക്കട്ടെ’ എന്നാണ് അതിലൊന്നില്‍ എഴുതിയിരിക്കുന്നത്.
2008ലാണ് ഇവിടം യുനെസ്‌കോ ലോക പൈതൃകപട്ടികയില്‍ സ്ഥാനം നേടുന്നത്. കാനഡയില്‍ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ഹെജ്‌റയിലെ അവശിഷ്ടങ്ങളില്‍ റോമന്‍ സ്വാധീനം ഇന്നും ധാരാളം കാണാം. റോമാക്കാരുടെ കീഴിലായിരുന്നിട്ടുകൂടി, എഡി മൂന്നാം നൂറ്റാണ്ട് വരെ വലിയ രീതിയിലായിരുന്നു നഗരം വളര്‍ന്നിരുന്നത്.