സൗദിയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലുവിന്റെ മുഴുവൻ ശാഖകളിലും ‘വേൾഡ് ഫുഡ്’ എന്ന പേരിൽ വാർഷിക ഭക്ഷ്യമേളക്ക് തുടക്കമായി. ഒക്ടോബർ 21 മുതൽ നവംബർ മൂന്ന് വരെ രണ്ടാഴ്ചക്കാലം നടക്കുന്ന മേളയിൽ 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ പാചക അനുഭവമാണ് ഒരുക്കിയിരിക്കുന്നത്. സൗദിയിൽ ആദ്യമായി സംഘടിപ്പിക്കുന്ന വെർച്വൽ ഫുഡ് ആർട്ട് മത്സരം ‘പാൻകേക്ക് ചലഞ്ച്’, ശാഖകളിൽ വമ്പൻ ഓഫറുകൾ, പ്രമുഖനായ സൗദി പാചക വിദഗ്ദ്ധൻ ബിൻകാസിമിെൻറ നേതൃത്വത്തിൽ മറ്റു സെലിബ്രിറ്റി ഷെഫുകൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി നടക്കും.
സാവരി അരി ഉപയോഗിച്ചുള്ള ബിരിയാണി മേള, ഫിലിപ്പിനോ, തായ്, ജപ്പാനീസ്, ഫാർ ഈസ്റ്റേൻ എന്നിവ ഉൾപ്പെടുത്തികൊണ്ടുളള ഏഷ്യൻ ഭക്ഷണവിഭവങ്ങൾ, ഔട്ഡോർ ബാർബിക്യൂ ഉത്സവം, കേരളത്തിന്റെ തനത് രുചിമേളങ്ങളുമായി ‘മലബാർ തക്കാരം’, അറേബ്യൻ ഭക്ഷ്യമേള, ഉത്തരേന്ത്യൻ ഭക്ഷ്യവിഭവങ്ങളിൽ ഏറെ പ്രാധാന്യമുള്ള ധാബ വാല, വിവിധ തരം കേക്കുകൾ, മധുരപലഹാരങ്ങൾ, യൂറോപ്യൻ ഭക്ഷണ വിഭവങ്ങൾ എന്നിവ വേൾഡ് ഫുഡ് ഫെസ്റ്റിവലിെൻറ ഭാഗമായി ഒരുക്കുന്നുണ്ട്.
‘പാൻകേക്ക് ചലഞ്ച്’ മത്സരത്തിൽ പങ്കെടുക്കുന്നവർ തങ്ങളുണ്ടാക്കുന്ന വിഭവം തയ്യാറാക്കുന്നതും അതിെൻറ പാചകക്കുറിപ്പും വിശദീകരിക്കുന്ന വീഡിയോ ക്ലിപ്പ് #LuLuWorldFoodKSA എന്ന ഹാഷ്ടാഗിനൊപ്പം തങ്ങളുടെ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ പോസ്റ്റ് ചെയ്യണം. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് ഒന്നാം സമ്മാനം 3000 റിയാലും രണ്ടാം സമ്മാനം 2000 റിയാലും ലഭിക്കും. ഫെസ്റ്റിവൽ കാലത്ത് ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ നിന്നും ഓരോ മണിക്കൂറിലും ചില പ്രത്യേക സമയത്ത് സാധനങ്ങൾ വാങ്ങുന്നവർക്ക് അവർ വാങ്ങിയ മുഴുവൻ സാധനങ്ങളും സൗജന്യമായി ലഭിക്കുന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. സൗദിയിലുടനീളം 1000 ത്തോളം പേർക്ക് ഇങ്ങിനെ സൗജന്യമായി സാധനങ്ങൾ ലഭ്യമാവും.
തുടർച്ചയായ 11 വർഷങ്ങളായി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിവിധ ഭക്ഷ്യമേളകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ‘വേൾഡ് ഫുഡ്’ ഭക്ഷ്യമേളക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂടിചേർന്നുള്ള പരിപാടികൾ സാധ്യമല്ലെങ്കിലും വിവിധ എംബസികൾ, ട്രേഡ് പ്രൊമോഷൻ കൗൺസിലുകൾ, വിവിധ സാമൂഹിക സംഘടനകൾ, ഹോട്ടൽ, ടൂറിസം മേഖല, സെലിബ്രിറ്റി ഷെഫ്, സോഷ്യൽ മീഡിയയിൽ സ്വാധീനിക്കപ്പെടുന്നവർ തുടങ്ങിയവരിൽ നിന്നും ഫെസ്റ്റിവലിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഭക്ഷ്യവിഭവങ്ങളുടെ വിശാലമായ ശ്രേണി പ്രദർശിപ്പിക്കുന്നതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾ ഒരേ ഷോപ്പിൽ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.