റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച കേസില്‍ സൗദി പോലീസ് അറസ്റ്റ് ചെയ്ത ഡൊമിനിക് സൈമണ്‍ മോചിതനായത് വിചാരണ കൂടാതെ. ഈ വര്‍ഷം ജൂലൈ എട്ടിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു അല്‍ ഹെയര്‍ ജയിലില്‍ അടച്ചത്.
കുറ്റക്കാരനല്ല എന്ന് കണ്ട് റിയാദ് ക്രിമിനല്‍ കോടതി അദ്ദേഹത്തെ ഒന്നര ആഴ്ച മുമ്പ് വെറുതെ വിട്ടിരുന്നു. കോടതിയില്‍ ഡൊമിനിക്കിന് അനുകൂലമായ നിരവധി വിവരങ്ങള്‍ അഭിഭാഷകര്‍ സമര്‍പ്പിച്ചിതിനെത്തുടര്‍ന്നാണ് മോചനം സാധ്യമായത്. ഡൊമിനിക്കിനെതിരെ പരാതി നല്‍കിയില്ല എന്ന് കാണിച്ച് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയും ഡൊമിനിക്കിനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കിന്റെ മാതാവ് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ എതിര്‍കക്ഷിയായ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളും റിയാദിലെ കോടതിയില്‍ സമര്‍പ്പിച്ചു.
ഡൊമിനിക്കിനെതിരായ കേസ് നിലനില്‍ക്കില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇന്ത്യന്‍ എംബസിക്ക് എതിരെയാണ് ഡൊമിനിക്ക് സമൂഹ മാധ്യമ പരാമര്‍ശം നടത്തിയതെന്നും അതിനാല്‍ ഇത് ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ എംബസിയും തമ്മിലുള്ള വിഷയമാണെന്നും വാദമുണ്ടായി. ഇതിനാധാരമായി ഒരു രാജ്യവും അതിന്റെ പൗരനും തമ്മിലുള്ള വിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടാന്‍ പാടില്ല എന്ന വിയന്ന കണ്‍വെന്‍ഷനിലെ തീരുമാനവും സൗദി അറേബ്യ അതില്‍ ഒപ്പു വെച്ച കാര്യവും പരാമര്‍ശിക്കപ്പെട്ടു. അതിനാല്‍ ഡൊമിനിക്കിനെതിരെ കേസ് എടുത്തത് പ്രഥമ ദൃഷ്ട്യാ തെറ്റാണെന്നും അതിനാല്‍ തന്നെ കേസ് നിലനില്‍ക്കില്ലെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ ഡൊമിനിക്കിന്റെ അഭിഭാഷകര്‍ക്ക് സാധിച്ചു. തുടര്‍ന്നാണ് വിചാരണ പോലും നടത്താതെ ഡൊമിനിക്കിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവായത്.
സൗദി അഭിഭാഷകരായ നാസര്‍ അല്‍ ഹുസൈനി, അബ്ദുല്‍ അസീസ് അല്‍ അറീനി എന്നിവരുടെ ശ്രമ ഫലമായാണ് ഡൊമിനിക് മാസങ്ങളുടെ ജയില്‍ വാസത്തിന് ശേഷം മോചിതനാകുന്നത്.