ന്യൂയോര്‍ക്ക്: ഹാര്‍ഡ് റോക് സംഗീതരംഗത്ത് വിസ്മയം തീര്‍ത്ത അമേരിക്കന്‍ ഗിറ്റാര്‍ ഇതിഹാസം എഡ്ഡീ വാന്‍ ഹേലന്‍(65) അന്തരിച്ചു. 1980കളിലെ പ്രകടനത്തിലൂടെ റോക് ദൈവം എന്ന പദവിയിലേക്കുയര്‍ന്ന അദ്ദേഹം അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
എക്കാലത്തെയും വില്‍പ്പന റെക്കോഡില്‍ മുന്നിലുള്ള 20 കലാകാരന്മാരില്‍ ഒരാളാണ് ഹേലന്‍. ‘റോളിങ് സ്റ്റോണ്‍’ മാസിക തയ്യാറാക്കിയ 100 മഹാ ഗിറ്റാറിസ്റ്റുകളുടെ പട്ടികയില്‍ എട്ടാമനായിരുന്നു. 1984ലെ ‘അണ്ടില്‍ ദി മോണ്യുമെന്റല്‍’ ബില്‍ബോര്‍ഡ് തയ്യാറാക്കിയ 200 ആല്‍ബങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഒന്നാമതെത്തിയത് മൈക്കേല്‍ ജാക്സന്റെ ത്രില്ലറായിരുന്നു. പിയാനോയില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ച ഹേലന്‍ മറ്റ് മിക്ക സംഗീത ഉപകരണങ്ങളും സ്വയം പഠിച്ചയാളാണ്.
2002ല്‍ അര്‍ബുദം ബാധിച്ച നാക്കിന്റെ മൂന്നിലൊന്ന് ഭാഗം നീക്കം ചെയ്യേണ്ടിവന്നു. ഗിറ്റാര്‍ മീട്ടാന്‍ ഉപയാഗിക്കുന്ന ‘പിക്’ കടിച്ചുപിടിച്ചാണ് തനിക്ക് അര്‍ബുദം ബാധിച്ചതെന്ന് പറയുമായിരുന്നു. അര്‍ബുദം പിന്നീട് അന്നനാളത്തിലേക്ക് പടര്‍ന്നു. മദ്യാസക്തിക്കും ലഹരിമരുന്നിനും അടിമയായിരുന്ന ഹേലന്‍ 2008ല്‍ മദ്യപാനം നിര്‍ത്തി. 1981ല്‍ നടി വലേറി ബെര്‍ട്ടിനെല്ലിയെ വിവാഹം കഴിച്ചു. 2007ല്‍ അവരുമായി പിരിഞ്ഞു. സ്റ്റണ്ട് താരമായിരുന്ന ജാനി ലിസെവ്സ്‌കിയെ 2009ല്‍ വിവാഹം കഴിച്ചു.