അവതാരമായ് വരൂ കണ്ണാ

സുഗുണാ രാജൻ പയ്യന്നൂർ

സന്ധ്യതൻ മണമുള്ളൊരരിമുല്ലപ്പൂക്കളേ
കണ്ടുവോ നിങ്ങളെൻ രാധാരമണനെ
കർപ്പൂരദീപങ്ങൾ കണ്ടുമടങ്ങുന്ന
കുങ്കുമപ്പൂക്കളേ, തൊഴുതുവോ കണ്ണനെ

അത്താഴപ്പൂജയിലെത്തുന്ന തെന്നലേ
കേട്ടുവോ നിങ്ങളാ മുരളീരവം.
വാനിൻ മടിയിൽ മയങ്ങുന്ന താരമേ
മിഴിയിൽ നിറയ്‌ക്കുമോ മേഘവർണ്ണം.

ആഷാഢമുണരുന്ന രാവിന്റെ സ്വപ്നമേ
കണ്ടുവോ നിങ്ങളെൻ രാജീവനയനനെ,
കദംബങ്ങൾ പൂക്കുന്ന കാളിന്ദിയോരത്ത്,
കണ്ണനെ ചന്ദ്രിക പാലൂട്ടിയോ!

കരിമുകിൽകൂട്ടങ്ങൾ ചുംബിച്ചുണർത്തിയോ
കണ്ണന്റെ കണ്ണാടിക്കവിളിലിന്നും.
കാവ്യം വിളമ്പുന്ന രാഗന്ധിതൻചുണ്ടിൽ
രതിസുഖസാരേ തുളുമ്പിനിന്നു !

ദുരിതം കനക്കുമീ പാരിൽ നീയെന്നിനി
സാന്ത്വനരാഗമായ്‌ പെയ്തിറങ്ങും
ഉലകിൽ മഹാമാരി താണ്ഡവമാടുന്നു
സുദർശനമേന്തി നീയണയൂ കണ്ണാ

മാനവഹൃദയത്തിൽ സ്വാർത്ഥത നിറയുന്നു
ഞാനെന്ന ഭാവങ്ങളേറിടുന്നു.
പുതിയ ലോകത്തിന്നായ് പൊൻപ്രഭയേകുവാ-
നവതാരമായ് നീ പുനർജ്ജനിക്കൂ..

അതിജീവനത്തിന്നായാത്മാവിലൊരു
സ്നേഹമന്ത്രം നിറയ്ക്കണേ ജഗദീശ്വരാ
വിശപ്പുണ്ടുകേഴുന്ന ജന്മങ്ങളെക്കാണാൻ
കൺകളിൽ കരുണതൻ കടലാകണേ…

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here