കരിപ്പൂര്‍: കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി വലിയ അപകടം. പൈലറ്റ് ക്യാപ്റ്റൻ ദീപക് ഡി വി സാത്തെ, സഹപൈലറ്റ് അഖിലേഷ് എന്നിവർ ഉൾപ്പെടെ 18 പേർ മരിച്ചു. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 191 യാത്രക്കാരുമായി വന്ന 1344 ദുബായ് – കോഴിക്കോട് എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
വിമാനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. യാത്രക്കാരിൽ 175 മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു.
പറന്നിറങ്ങുമ്പോൾ റൺവേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. കനത്തമഴയെ തുടർന്നാണ് അപകടമെന്നാണ് സൂചന. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.
ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മുൻഭാഗത്തുളളവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അവരെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിർദ്ദേശം നൽകി.