‘ഉസ്താദേ… പള്ളിക്കുളത്തിലെ വെള്ളവും പറ്റെ വറ്റി. മീനുകളൊക്കെ ചത്തും തുടങ്ങി.. വുദു (അംഗശുദ്ധി) എടുക്കാന്‍ പോലും വെള്ളം കിട്ടാനില്ലല്ലോ?’
പള്ളി ഖാദിയാര്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍ ഞങ്ങളെ നോക്കി താടിയുഴിഞ്ഞു ചിരിച്ചു: ‘അയ്‌ന്‌പ്പൊ എന്ത്ത്താ നമ്മള്‍ ചെയ്യ്ാ…? മുത്ത് റസൂല്‍ നേരത്തെ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടല്ലോ? അതിന്‍ പ്രകാരം ഇനിയും മഴ കുറയും. മാത്രവുമല്ല, ജനവാസമില്ലാത്ത മരുഭൂമിയിലേക്കും കടലിലേക്കും വരെ മഴ മാറിപ്പോവുകയും ചെയ്യും..’
പ്രവാചകന്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്, ഖുര്‍ആനില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ പ്രായോഗികമായി ഒരു പ്രതിവിധിയും ഒരു കാലത്തും മുന്നോട്ടു വെയ്ക്കാന്‍ കഴിയാത്ത മഹല്ല് ഖാദിയുടെ മുഖത്തേക്ക് ഞങ്ങള്‍ ഞെട്ടലോടെ നോക്കി. മഴനൂലു പോലുള്ള വിശ്വാസത്തില്‍ തൂങ്ങി അദ്ദേഹം വീണ്ടും പറഞ്ഞു: ‘പടച്ചവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാന്‍ മടിയുള്ള ധിക്കാരികളായ മനുഷ്യര്‍ക്ക് ഇനിയും പരീക്ഷണങ്ങള്‍ കൂടി വരികയേ ഉള്ളൂ. ഭൂമിയില്‍ മറ്റു ജന്തുജാലങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ വല്ലപ്പോഴും പെയ്യുന്ന മഴ പോലും കിട്ടുമായിരുന്നില്ല.’
‘അപ്പൊ നമ്മളിനി എന്താ ചെയ്യ്ാാ? ങ്ങളതിനൊരു വഴി പറയിന്‍ മോയ്‌ല്യാരേ…’
‘ഒന്നും ചെയ്യാനില്ല. വെള്ളത്തിന്റെ ഉപയോഗം പറ്റെ കുറക്കുക. ഓരോ ദിവസവും അഞ്ചു നേരം വുദു എടുക്കാനായി നാം പാഴാക്കുന്ന വെള്ളത്തിന്റെ അളവെത്രയാണെന്നറിയോ നിങ്ങള്‍ക്ക്? പൈപ്പ് തുറന്നിട്ടുള്ള ആര്‍ഭാടമായ അംഗസ്‌നാനമല്ലേ ഓരോരുത്തരും നടത്തുന്നത്? പിന്നെ, വെള്ളം കിട്ടാതാവുമ്പോള്‍ തയമ്മം (മണ്ണ് തടവിക്കൊണ്ടുള്ള അംഗശുദ്ധി) ചെയ്യാനും മതം പഠിപ്പിച്ചിട്ടുണ്ടല്ലോ?’
‘അതു നേരാ… അതുപോലെ മഴക്കു വേണ്ടി പ്രാര്‍ഥന നടത്താനും പറയുന്നുണ്ടല്ലോ?’
ഉസ്താദ് ഒന്നു ഞെട്ടി. തന്റെ പ്രാര്‍ഥനക്കൊന്നും മഴ പോയിട്ട് കാര്‍മേഘം പോലും വരില്ലെന്നറിയാം. നല്ല ശമ്പളം കിട്ടുന്നതു കൊണ്ടും റിയല്‍ എസ്‌റേറററ് ബിസിനസ് നടത്താന്‍ പറ്റുന്നതു കൊണ്ടുമാണ് ഇവിടെത്തന്നെ തൂങ്ങിപ്പിടിച്ചു നില്‍ക്കുന്നത്.
അദ്ദേഹം പറഞ്ഞു: ‘ഇപ്പൊ വിദേശത്തൊക്കെ മഴ പെയ്യിക്കുന്ന ഒരേര്‍പ്പടില്ലേ.. ക്ലൗഡ് സീഡിംഗ് എന്നോ മറ്റോ പറയുന്ന..’
‘അതൊന്നും ഞമ്മളെ നാട്ടില് നടക്കൂലന്റെ ഉസ്താദെ. റേഷനരി പോലും നേരെ ചൊവ്വേ കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരല്ലേ? ഇങ്ങള് മഴക്കുവേണ്ടീട്ടുള്ള നിസ്‌കാരം നടത്തി ഒന്നങ്ങ്ട്ട് പ്രാര്‍ഥിച്ചാല്‍ മാത്രം മതി…’
ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി മൂന്നു വെള്ളിയാഴ്ചകളില്‍ അദ്ദേഹം കരഞ്ഞു പ്രാര്‍ഥിച്ചിട്ടും ഗ്രാമത്തിലെന്നല്ല, ജില്ലയിലൊരിടത്തും മഴയുടെ ഒരനക്കവും കണ്ടില്ല. അവസാനം, ഉസ്താദ് ഖേദത്തോടെ പറഞ്ഞു: ‘കൊല്ലങ്ങളോളം നമ്മുടെ പള്ളിയില്‍ ജോലി ചെയ്തിരുന്ന കാഞ്ഞിരംതൊടിയില്‍ ഉസ്താദിനെ പോയി കണ്ടു നോക്കിന്‍. മൂപ്പര് ദൊഅര്‍ന്നാ മഴ പെയ്യുംന്ന് ഒറപ്പാ..’
ചുട്ടു പൊള്ളുന്ന വേനലിലൂടെ പള്ളിക്കമ്മിറ്റി സെക്രട്ടരിയുടെ പ്രാഡോയില്‍, കമ്മിറ്റി ചെലവില്‍ പെട്രോളടിച്ച്, ഫുള്‍ എസിയില്‍ കാഞ്ഞിരംതൊടി ഉസ്താദിന്റെ വീടിനടുത്തെത്തിയപ്പോഴാണ് അവിടന്നങ്ങോട്ട് വീട്ടുമുറ്റത്തേക്ക് വാഹനം പോകാന്‍ വഴിയില്ലെന്നറിയുന്നത്. സഹികെട്ടിറങ്ങി, ഉസ്താദിനെ ശപിച്ചുകൊണ്ട് വിണ്ടു പൊട്ടിയ പാടവരമ്പത്തൂടെ നടന്ന്, വീട്ടു മുറ്റത്തെത്തിയപ്പോള്‍ സ്വര്‍ഗത്താഴ്‌വരയിലെത്തിയ അനുഭൂതി. തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മാവും തെങ്ങും കവുങ്ങും മറ്റു എണ്ണമറ്റ പേരറിയാ മരങ്ങളും തണല്‍ വിരിച്ച വീടും ചുറ്റുപാടും. ചെടികളുടെയും പൂക്കളുടെയും സുഗന്ധസമൃദ്ധി. തെല്ലപ്പുറത്തു നിന്നും ചന്തമുള്ള നാടന്‍ കോഴികള്‍ കൗതുകത്തോടെ ഞങ്ങളെ ഏന്തി നോക്കി കൊക്കിപ്പാറി. ഒരാട്ടിന്‍ കുട്ടി മുറ്റത്തൂടെ തുമ്പ്രിയെടുത്തോടി. ആട്ടിന്‍കുട്ടിക്കു പുറകെ യാതോരു കൂസലുമില്ലാതെ ഒരു പാമ്പ് സാവധാനം ഇഴഞ്ഞു പോകുന്നത് ഞങ്ങള്‍ തെല്ലൊരു ഭയത്തോടെ കണ്ടു.
ഓടിട്ട മനോഹരമായ ആ കൊച്ചു വീടിന്റെ തണുപ്പാര്‍ന്ന തിണ്ണയില്‍ ഞങ്ങളിരുന്നു. ഞങ്ങള്‍ക്കിടയിലൂടെ ചന്തമുള്ളൊരു പൂച്ചക്കുട്ടി തൊട്ടും തലോടിയും നടന്നു. പൂമുഖവാതില്‍ ആരോ തുറന്നു. മുന്നില്‍ ചെറിയ ഒരു ആണ്‍കുട്ടി.
‘വല്ല്യൂപ്പ കേറിയിരിക്കാന്‍ പറഞ്ഞു.’
കസേരയിലിരിക്കുന്ന മഹാപണ്ഡിതന്‍ കാഞ്ഞിരംതൊടി ഉസ്താദിന്റെ കൈപ്പത്തി ആദരവോടെ ചുംബിക്കാനാഞ്ഞതും ഞങ്ങളെ തട്ടിമാറ്റി, വിനയത്തോടെ ഇരിക്കാന്‍ പറഞ്ഞു കൊണ്ട് പതുക്കെ ചോദിച്ചു:
‘എന്ത്യേപ്പൊ…എല്ലാരുംപാടെ വന്നത്?’
ഉസ്താദ് ഞങ്ങള്‍ മൂന്നു പേരേയും വാല്‍സല്ല്യത്തോടെ നോക്കി മൃദുവായി പുഞ്ചിരിച്ചു. വെളുത്ത മേഘക്കുഞ്ഞുങ്ങളെപ്പോലുള്ള താടിയും പുരിക വെണ്‍മയും മുഖശാന്തതയും ആത്മവിശുദ്ധിയുടെ തിളക്കമായി ഞങ്ങളില്‍ നിറഞ്ഞു.
പേരക്കുട്ടി കൊണ്ടു വന്ന തണുത്ത വെള്ളം കുടിച്ചപ്പോഴാണ് അത് തേന്‍വെള്ളമാണെന്ന് മനസ്സിലായത്. കുളിര്‍മ്മയും തേന്‍രുചിയും നാവിന്‍ തുമ്പിലിരിക്കെ, ഞാന്‍ നേരെ വിഷയത്തിലേക്ക് കടന്നു:
‘ഉസ്താദേ.. ങ്ങളൊന്നു മഹല്ലില്‍ വന്ന് മഴക്കു വേണ്ടി നിസ്‌ക്കരിച്ച് പ്രാര്‍ഥിക്കണം. നാടാകെ കത്തുകയാണ്. നമ്മളെ പള്ളിക്കുളവും പറ്റെ വറ്റി. വുദു എടുക്കാന്‍ പോലും വെള്ളം കിട്ടാനില്ല. ഇനിപ്പൊ ഇതല്ലാതെ വേറെ ഒരു വഴിയുമില്ല…’
‘കമറുദ്ദീന്‍ പ്രാര്‍ഥിച്ചില്ലേ?’
‘മൂന്നു വട്ടം.’
മറുപടിയൊന്നും പറയാതെ അദ്ദേഹം മന്ദസ്മിതം തൂവി. ഞങ്ങള്‍ അത്ഭുതത്തോടെ പരസ്പരം നോക്കി.
‘കാലം അങ്ങനെയായിപ്പോയി…. നമ്മുടെ പള്ളികളും വീടുകളുമെല്ലാം കോണ്‍ക്രീറ്റ് കൊട്ടാരങ്ങളായില്ലേ? ഒരു ചെടിയോ മരമോ വെട്ടി നശിപ്പിക്കുകയല്ലാതെ ആരും വെച്ചുപിടിപ്പിക്കുന്നില്ലല്ലോ? മരങ്ങളും പാടങ്ങളും പുഴകളും തോടുകളും ഉണ്ടോ നമ്മുടെ നാട്ടിലിപ്പോള്‍? ഭൂമി നമ്മുടേതു മാത്രമല്ല, ജന്തുജാലങ്ങളുടേതു കൂടിയല്ലേ?’
‘മഴക്കുവേണ്ടിയുള്ള ഉസ്താദിന്റെ പണ്ടത്തെ പ്രാര്‍ഥനകളെക്കുറിച്ചും മഴ പെയ്യുമെന്നു പറഞ്ഞ സമയത്ത് പെരുംമഴ പെയ്തതും പുഴ കര കവിഞ്ഞൊഴുകിയതും ഒക്കെ ഞങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ.. ഒരൊറ്റത്തവണ വന്ന്…’
പറഞ്ഞത് ശരിയെന്നോ തെറ്റെന്നോ സമ്മതിക്കാതെ, നേരിയ മന്ദഹാസത്തോടെ ഉസ്താദ് ഞങ്ങളെ നോക്കി ഗൂഢമായി ചിരിച്ചു. പിന്നെ, ഏതോ ഒരു ഉള്‍ത്തെളിച്ചത്തിലെന്ന പോലെ പതുക്കെ പറഞ്ഞു:
‘നിങ്ങള്‍ പെയ്‌ക്കോളിന്‍ കുട്ട്യാളേ… മഴയൊക്കെ അതിന്റെ കാലാവുമ്പൊ പെയ്‌തോളും..’
നിരാശയോടെ പുറത്തിറങ്ങി പാട വരമ്പത്തൂടെ നരക വെയില്‍ കൊണ്ട് നടക്കുമ്പോള്‍ ഉസ്താദിന്റെ വാക്കുകള്‍ പുതു മഴയായി ഞങ്ങള്‍ക്കു മേല്‍ ഒരത്ഭുതമായി പെയ്യാന്‍ തുടങ്ങി…
രണ്ട് ഉസ്താദുമാര്‍
കഥ: അബു ഇരിങ്ങാട്ടിരി