എഴുത്തുകാരുടെ ഉള്‍നോവുകളുടെ കഥയുമായി മാസ്റ്റര്‍ പീസ്

സാഹിത്യത്തെ ഇഷ്ടപ്പെടുന്ന രണ്ടുകൂട്ടരുണ്ട്. വായനയുടെ ലോകത്ത് അഭിരമിക്കുന്നവരാണ് ഇതില്‍ ആദ്യത്തെ കൂട്ടര്‍. രണ്ടാമത്തേതു സാഹിത്യത്തെ ഉപജീവനമാക്കിയവരാണ്.
വായനക്കാര്‍ക്ക് ആസ്വദിക്കാനുള്ളതെല്ലാം മലയാള സാഹിത്യം നല്‍കുന്നുണ്ട്. പക്ഷേ എഴുത്തിന്റെ ലോകം അത്ര സുഖകരമല്ല. ഫ്രാന്‍സിസ് നൊറോണയുടെ മാസ്റ്റര്‍ പീസ് എന്ന ചെറിയ നോവലിലെ ഇതിവൃത്തവും ഇതുതന്നെയാണ്.
ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് വരുന്ന ഒരു എഴുത്തുകാരന്റെ ദുരിതം പിടിച്ച കഥയാണ് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നത്. 95 പേജുള്ള പുസ്തകം ഒറ്റ ഇരുപ്പിന് വായിച്ചുതീര്‍ക്കാം. അത്രയ്ക്ക് ആസ്വാദ്യകരമാണ്. പക്ഷേ നോവലില്‍ പറയുന്ന എഴുത്തുകാരന്റെ ദുരിത ജീവിതം കയ്‌പേറിയതാണ്. നര്‍മ്മത്തില്‍ ചാലിച്ചാണ് ദുരിതജീവിതം പറയുന്നതെന്നു മാത്രം. വായനക്കാരനെ ഉദ്ദീപിക്കാനായി കിണഞ്ഞു ശ്രമിക്കുന്ന സാഹിത്യകാരന്റെ ജീവിതവും അറവുകാരന്റെ ജോലിയും ഒരുപോലെയാണെന്നു നോവലിസ്റ്റ് പറയുന്നു.
പക്ഷേ എഴുത്തിന്റെ മേഖലയില്‍ ചിരപ്രതിഷ്ഠ നേടിയവര്‍ക്ക് ഫ്രാന്‍സിസ് നൊറോണയുടെ ഭാഷ അത്ര പിടിക്കണമെന്നില്ല. അവരെല്ലാം സാമ്പത്തിക അതിജീവന പാതയില്‍ നീന്തിമറുപുറം കഴിഞ്ഞു. പക്ഷേ വഴി കല്ലുംമുള്ളും നിറഞ്ഞതുതന്നെ. മുകളിലെത്തിയാല്‍ പിന്നെ താഴേക്ക് എത്താതെ പിടിച്ചുനിന്നാല്‍ മതിയല്ലോ. ഇറച്ചിവെട്ടുന്ന മരക്കഷ്ണത്തിന്റെ മുകളില്‍ പുസ്തകങ്ങളിരിക്കുന്ന കവര്‍ ചിത്രം പോലും ഇത്തരക്കാര്‍ക്ക് പിടിക്കണമെന്നില്ല.
പ്രസാധകരംഗത്തും സാഹിത്യമത്സര രംഗത്തുമൊക്കെ നടക്കുന്ന തട്ടിപ്പുകള്‍ കഥാനായകന്‍ കൂടി ഭാഗഭാക്കാവുകയാണിവിടെ. എന്തായാലും നമ്മള്‍ വിചാരിക്കുന്നതു പോലെ കഥ കൊണ്ടുപോകാനും ഫ്രാന്‍സിസിന് കഴിഞ്ഞു. താനുള്‍പ്പെടെയുള്ള സാഹിത്യലോകത്തിന്റെ സ്വയം വിമര്‍ശനമാണ് മാസ്റ്റര്‍പീസ്. വായിക്കാത്തവര്‍ വായിക്കുക. സ്വന്തം കഥ വായിക്കുന്ന ഫീല്‍ എല്ലാ എഴുത്തുകാര്‍ക്കുമുണ്ടാകും. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. വില 170 രൂപ.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here