ഗാസ: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. യുഎന്‍ രക്ഷാസമിതിയിലാണ് ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയത്.
ഇസ്രയേലും പലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു. ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യയുടെ മരണത്തിലും ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. അതേസമയം, ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിനുനേരെ ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണം അവസാനിപ്പിക്കണമെന്ന് ജോ ബൈഡന് ആവശ്യപ്പെട്ടു. പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബാസുമായി ടെലിഫോണിലുടെ നടത്തിയ ചര്‍ച്ചയിലാണ് ബൈഡന് ഇക്കാര്യം ആവശ്യപ്പെട്ടത്.
പലസ്തീന് ജനതയുടെ സുരക്ഷ, സ്വാതന്ത്ര്യം, അന്തസ് എന്നിവയ്ക്ക് അമേരിക്കയുടെ പിന്തുണ ഉണ്ടാകുമെന്ന് ബൈഡന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും ബൈഡന് സംസാരിച്ചിരുന്നു.