”എന്തായി? ”
ഇന്ദു മേശമേൽ കൈപ്പടമമർത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
ചോദ്യം കേട്ടവരൊക്കെയും വർമ്മ സാറിന്റെ മുഖത്തേക്കും ഇന്ദുവിന്റെ കണ്ണുകളിലേക്കും മാറി മാറി നോക്കി. ഹേമ ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം പേനയും ബുക്കും ഇന്ദുവിന്‍റെ നേർക്ക് നീട്ടുന്നതിനിടയ്ക്കാണ് വിളറിയ കൺതടങ്ങളിൽ വിതുമ്പി നിൽക്കുന്ന നീർപ്പരപ്പ് കണ്ടത്.
”എന്തെങ്കിലും വിവരം കിട്ടിയോ?”
വർമ്മ സാറിന്റെ ശബ്ദം ഇത്രയേറെ മയപ്പെട്ട് ഇതിന് മുമ്പാരും കേട്ടിട്ടില്ലായിരുന്നു.
”ഇല്ല”
”ബോംബെയിലെ ഓഫീസിൽ അന്വേഷിച്ചില്ലേ?”
”ഉം… അവിടെയാർക്കും അറിവില്ല”
“കുട്ടി എന്നാ വന്നത്?”
”ഇന്ന് രാവിലെ”
” ലീവെല്ലാം കഴിഞ്ഞു. അപേക്ഷ എഴുതി വച്ചിട്ട് പോയിരുന്നോളൂ”
അതു തന്നെയാണ് ഇന്നലെ രാവിലെ ഹേമയും വിളിച്ചപ്പോൾ പറഞ്ഞത്.
”ലീവെല്ലാം കഴിഞ്ഞല്ലോ.. ഇനിയും എത്ര ദിവസംന്ന് വച്ചാ കാത്തിരിക്കണത്, വന്ന് ജോയിൻ ചെയ്യുന്നതല്ലേ നല്ലത്”
കുമിഞ്ഞു കൂടിയ ലീവെല്ലാം കല്യാണത്തിന് മുന്നും പിന്നുമായി ഏതാണ്ട് നിരപ്പായിരുന്നു. ക്യാഷ് ചെയ്യാൻ പറ്റുന്ന ഏൺഡ് ലീവൊക്കെയും ക്യാഷ് ചെയ്തു കഴിഞ്ഞു. ഇനിയും ജോലിക്ക് പോകാതെ നിവൃത്തിയില്ല. ഹോസ്റ്റൽ ഫീ അടയ്ക്കണം, മറ്റു ചെലവുകൾ വേറെ.
“എമർജൻസി ഫയലൊക്കെ ഞാനെടുത്ത് ചെയ്തിട്ടുണ്ട്” എങ്ങനെ തുടങ്ങണമന്നറിയാതെ നിന്നപ്പൊ ഹേമ ഒരു തുടക്കത്തിന് വേണ്ടി പറഞ്ഞതാണ്.
ഇന്ദുവിന്‍റെ മുഖത്തെ പ്രസരിപ്പൊക്കെ പോയിരിക്കുന്നു. രണ്ടാഴ്ച മുമ്പ് രണ്ടാളുമൊന്നിച്ചു ഓഫീസിലേക്ക് കയറി വരുമ്പോൾ ആ കണ്ണുകൾക്കെന്തൊരു തിളക്കമായിരുന്നു. സ്വപ്നം മയങ്ങുന്നൊരു ലാസ്യഭാവം. ഓരോ സീറ്റിലും ചെന്ന് ഇന്ദു ഓരോരുത്തരെയായി മോഹനകൃഷ്ണന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.
”മോഹനേട്ടാ ഇത് വിജയകുമാർ സർ. ഇത് വർമ്മ സർ, ഇത് കരുണൻ സാറ്, ഇത് ഹേമ, ഇത് എലിസബത്ത് മാഡം, ഇത് രമേശൻ.”
”ഞാൻ മോഹനകൃഷ്ണൻ.” ചെറിയ വാക്കുകളും വലിയ പുഞ്ചിരിയുമായി മോഹനകൃഷണനൂം എല്ലാവരേയും പ്രത്യഭിവാദ്യം ചെയ്തു. ബോംബെയിലെ ജോലി വിട്ടെന്നും മലപ്പുറത്ത് കൊള്ളാവുന്ന ഒരു ജോലി ലഭിച്ചെന്നും അടുത്ത ട്രാൻസ്ഫറിൽ ഇന്ദുവിനെയും മലപ്പുറത്തേക്ക് പറഞ്ഞയച്ചാൽ ജീവിതം കൂടുതൽ ഇമ്പമുള്ളതാവും എന്നും പറഞ്ഞ് മോഹനകൃഷ്ണൻ വർമ്മസാറിനെ നോക്കി ചിരിച്ചു.
ആ സംസാരം അവിടെയിത്തിരി നീണ്ടുപോയ നേരംനോക്കി ഹേമ ഇന്ദുവിനെ കൈപിടിച്ച് കൊണ്ടുവരികയായിരുന്നു.
“എങ്ങനെയുണ്ട് പുതിയ ജീവിതം, വീട്, നാടൊക്കെ?”
”സന്തോഷം.. മോനേട്ടനും അമ്മയും പാവങ്ങളാ.. നിർബന്ധങ്ങളോ വാശിയോ ഒന്നുമില്ല. ഒരാഴ്ച കൂടി കഴിഞ്ഞേ ഞാൻ ജോയിൻ ചെയ്യുന്നുള്ളൂ. മോനേട്ടന്‍റെ ചെറ്യമ്മേടെ വീട്ടിലൊക്കെ പോണം”
അന്ന്, ഒരാഴ്ച മുമ്പ് ഓഫീസിന്‍റെ പടിയിറങ്ങുമ്പോൾ ജീവിതം ഇനിയും എത്രയോ സുന്ദരമാകാനിരിക്കുന്നു എന്ന പ്രതീക്ഷയുടെ തിളക്കമായിരുന്നു ഇന്ദുവിന്‍റെ മുഖത്ത്.
”എന്തെങ്കിലും ഇഷ്ടക്കേടുകളുണ്ടായിരുന്നോ നിങ്ങൾ തമ്മിൽ?”
ഒന്നും ചോദിക്കേണ്ടതില്ലെന്ന് ഉറപ്പിച്ചതായിരുന്നെങ്കിലും,
പെയ്തൊഴിയാൻ കലമ്പുന്ന മുഖം കണ്ട് ചോദിച്ചുപോയതാണ്.
“ഇല്ല, ഒന്നൂല്ലായിരുന്നു..”
അതെ, കാരണം ഒന്നുമില്ലായിരുന്നു. വീട്ടിൽ നിന്നിറങ്ങും വരെ എന്തെങ്കിലും പ്രശ്നങ്ങൾ മോനേട്ടനെ അലട്ടുന്നതായി തോന്നിയിരുന്നില്ല. രാവിലെ ദോശയുണ്ടാക്കുന്നേരം, ഇനി ദോശ ഞാനുണ്ടാക്കിക്കോളാം മോള് പോയി ചട്ട്നിയുണ്ടാക്കിക്കോ ന്ന് പറയുമ്പോൾ അമ്മയെ കാണാതൊരു കള്ളച്ചിരി പകരം തന്നതായിരുന്നു. ഒന്നിച്ചിരുന്ന് കാപ്പികുടിച്ചെണീക്കുമ്പോഴും ഒരു ഒളിച്ചോട്ടത്തിനുള്ള ഒരുക്കത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല ആ മുഖത്ത്.
എത്രയോ വട്ടം ഓർത്തെടുത്ത് മറക്കാൻ ശ്രമിച്ച രംഗങ്ങളായിരുന്നെങ്കിലും വീണ്ടും മനസ്സ് പിന്നോട്ട് തന്നെ പായുന്നു.
”റെഡിയായിരുന്നോളൂ.. പഞ്ചായത്ത് ഓഫീസീപ്പോയി മാര്യേജ് സർട്ടിഫിക്കറ്റ് വാങ്ങീട്ട് വേഗം വരാം. വന്നിട്ട് ടൗണീപ്പോവാം, പിന്നൊരു സിനിമ, ഫുഡ്ഡ് പുറത്ത്ന്നാവാം”
മുഖത്ത് അസാധാരണമായ ഭാവങ്ങളൊന്നും തന്നെ കണ്ടില്ല. അല്ലെങ്കിലും മോനേട്ടന്‍റെ ഭാവങ്ങളൊക്കെ ഇതിനകം മനസ്സിലാക്കീന്ന് ധരിച്ചത് തന്‍റെ വിഡ്ഢിത്തമല്ലാതെന്താണ്.
വേഗം വരാമെന്ന് പറഞ്ഞയാൾ വൈകുന്നേരം ആറുമണിയായിട്ടും വരാതായപ്പോഴാണ് ആരും കാണാത്ത പരിഭവത്തോടെ സാരിമാറ്റിയത്. ഇനിയിന്നത്തെ പോക്കൊന്നും നടക്കാൻ പോണില്ല. എന്ത് കാരണവുമായിക്കോട്ടെ, ഒരു ചെറിയ പരിഭവം കാണിക്കണം. ഏതെങ്കിലും ബൂത്തിൽ കയറി ഒന്ന് ഫോൺവിളിച്ചു പറയാമായിരുന്നല്ലോ വൈകൂന്ന്.
പഞ്ചായത്ത് ഓഫീസിൽ തിരക്കായതോണ്ടാവും വൈകുന്നതെന്നാണ് ആദ്യം കരുതിയത്. പിറ്റേന്ന് പുതിയ ഓഫീസിൽ ജോയിൻ ചെയ്യേണ്ടതായിരുന്നു. അങ്ങൊട്ടെങ്ങാനും പോയതാണെങ്കിലോ എന്നാ പിന്നെ തോന്നീത്. വൈകുംതോറും പരിഭവം ഭയമാവുകയായിരുന്നു.
രാത്രിയായി. എന്താ ചെയ്യാന്ന് ചോദിക്കുമ്പോഴൊക്കെ അമ്മ പറഞ്ഞു.
”അവൻ വന്നോളും.. മോള് കഴിച്ചിട്ട് കിടന്നോളൂ” അമ്മയുടെ ശബ്ദത്തിൽ പേടിയേക്കാൾ, ഒളിപ്പിച്ച സങ്കടമായിരുന്നു.
ആരോടാണ്, എന്താണ് ചോദിക്കേണ്ടത്? എന്താണ് പറയേണ്ടത്. മധുവിധുവിന്‍റെ മണം മായും മുമ്പേ മണവാളനെ കാണാതായിരിക്കുന്നു. ആരെയാണ് അറിയിക്കേണ്ടത്? കാരണങ്ങൾ തിരയുമ്പോൾ ആരൊക്കെയാവും തന്‍റെ നേരെ വിരൽ ചൂണ്ടിക്കൊണ്ടടുക്കുക. ജനലഴികളിൽ തൂങ്ങി, പടിക്കലേക്ക് നോക്കി പ്രജ്ഞയറ്റ് നിന്ന് തീർത്ത രാത്രി.
കിഴക്ക് വെട്ടം തെളിഞ്ഞിരുന്നില്ല, അമ്മ കതക് തുറക്കുന്ന ശബ്ദം കേട്ട് പതിയെ ചെന്നു.
”അമ്മേ.. വന്നില്ലല്ലോ.. ”
വാക്കുകളിലെ ചുടുകാറ്റേറ്റ് ഭവാനിയമ്മയ്ക്ക് പൊള്ളിപ്പോയെന്ന് തോന്നുന്നു. എന്നിട്ടും അവർ പറഞ്ഞു.
”അവൻ വരും മോളേ…”
എവിടേക്കെന്നില്ലാതെ നോട്ടമെറിഞ്ഞവർ കിഴക്കേ ഇറയത്ത് കുന്തിച്ചിരുന്നു.
രാവിലെ ചെറിയമ്മേടെ മോനെ വിളിച്ചുവരുത്തിയാണ് പഞ്ചായത്ത് ഓഫീസിൽ അന്വേഷിക്കാൻ പറഞ്ഞയച്ചത്. സർട്ടിഫിക്കറ്റും വാങ്ങി മോഹനേട്ടൻ രാവിലെ തന്നെ തിരിച്ചു പോയല്ലോ എന്ന് സുധീറേട്ടൻ പറഞ്ഞതായിട്ടാണ് അവൻ പറഞ്ഞത്. അവന്‍റെ കൂട്ടുകാരന്‍റെ ചേട്ടനാ സുധീർ. എന്തേ ചോയ്ക്കാൻ എന്നു സുധീറ് ചോദിക്കുമ്പഴേക്കും അവിടത്തെ ഇരമ്പത്തിനെടേല് ആ ചോദ്യം കേക്കാത്ത മട്ടില് അവൻ പോന്നത്രേ..
സന്ധ്യയ്ക്കാണ് വല്ല്യമ്മാവൻ വന്നത്.
”അവനെന്തിന്‍റെ കുറവായിട്ടാ.. കല്ല്യാണത്തിന് മുമ്പ് നീ അവനോടിക്കാര്യമൊക്കെ സംസാരിച്ചില്ലേ.. ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റില്ലാത്തോര് എന്തിനാ ഇതിനൊക്കെ നിക്കണേ.. അച്ഛനില്ലാത്ത കുട്ടിയാ.. അതിനോടിപ്പെന്താ പറയ്യാ..”
അമ്മാവന്‍റെ ശബ്ദത്തിൽ അമർഷമാണോ നിസ്സഹായതയാണോ അതോ രണ്ടും ചേർന്നിട്ടാണോ.. മനസ്സിലായില്ല. അമ്മ മാത്രം കേൾക്കാനായി പറഞ്ഞതായിരുന്നു. അഴയിൽ വിരിച്ചിട്ട തോർത്തെടുക്കാനായി അതിലേ ചെന്നുപോയതുകൊണ്ട് കേട്ടതാണ്. താൻ കേട്ടത് രണ്ടാളും അറിഞ്ഞിട്ടില്ല.
”എല്ലാം ഇതോടെ ശര്യാവൂന്നാ കരുതീത്. ഞാനിനിയിപ്പെന്താ ചെയ്യ ഓപ്പേ..”
അമ്മയുടെ ചോദ്യത്തിലെ ദൈന്യതയിൽ വല്യമ്മാവന്‍റെ വാക്കുകൾ നേർത്തു.
”കാത്തിരിക്കാന്നല്ലാതെന്താ ചെയ്യ. കുട്ടിയെ പറഞ്ഞു മനസ്സിലാക്ക്വ. അല്ലാതെ രണ്ടാളും അപ്പറോം ഇപ്പറോം ഇരുന്ന് കരഞ്ഞ് ആളുകളെ മുഴുവൻ അറിയിക്കണ്ട. അവൻ വരാതിരിക്കില്ലല്ലോ..”
പോലീസിൽ അറിയിക്കണ്ടേ എന്ന തന്‍റെ ചോദ്യങ്ങളൊക്കെയും ഒരു കാതിലും പതിയാതെ പോയതിനിനി വേറെ കാരണം തേടിയലയേണ്ടതില്ല.
”അവൻ വരും”
എല്ലാവരും അതുതന്നെയാണ് പറഞ്ഞത്.
എന്റെ ജീവിതം ഞാൻ തന്നെ ജീവിച്ചേ തീരൂ എന്ന തിരിച്ചറിവുണ്ടാകാൻ പിന്നെയും ഒരാഴ്ച കൂടിയെടുത്തു. എന്തിനെന്നൊരുാ നിശ്ചയവുമില്ലാത്ത കാത്തിരിപ്പവസാനിപ്പിച്ച് തിങ്കളാഴ്ച രാവിലെ എറണാകുളത്തേക്ക് പുറപ്പെട്ടു.
രക്ഷകനായൊരു രാജകുമാരനെത്തും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് മുത്തശ്ശിയായിരുന്നു. രാജകുമാരൻ ഉപേക്ഷിച്ചു പോകുന്ന ഭാഗം എന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി മുത്തശ്ശി മനഃപൂർവ്വം പറയാതിരുന്നതായിരിക്കും. മൗനം തിങ്ങി വീർപ്പൂമുട്ടിക്കുന്ന ആ അന്തരീക്ഷത്തിൽ ഇനിയും വയ്യായിരുന്നു. ഒരുപക്ഷേ അദ്ദേഹമിനി വന്നേക്കില്ല. എല്ലാം മറക്കാൻ ശീലിക്കണം, സാധിക്കണം.
മറവിയെ സാധിച്ചെടുത്തു വരികയായിരുന്നു. ഒന്നുമോർക്കാൻ സമയമനുവദിക്കാത്ത തിരക്കിട്ട ജോലി. ദിവസങ്ങൾക്ക് നീളം കുറഞ്ഞു തുടങ്ങി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഊണ് കഴിക്കാനൊരുങ്ങുമ്പോഴാണ് ഇന്ദൂനൊരു ഫോണെന്ന് ഹേമ വിളിച്ചു പറഞ്ഞത്.
”മോൾക്കിന്ന് നേരത്തേയിറങ്ങാമോ.. മോഹനനിവിടെയുണ്ട്.”
മോഹനേട്ടന്‍റെ അമ്മയാണ്. അമിതാവേശങ്ങളൊന്നുമില്ലാതെയാണ് അമ്മയത് പറഞ്ഞത്. അവർക്കത് പരിചിതമായിക്കാണും. പക്ഷേ തനിക്കിത് ഭർത്താവിന്‍റെ ആദ്യത്തെ തിരോധാനമാണ്. അത്ര പരിചിതമായിട്ടില്ല. കാലുകൾ തളരുന്ന പോലെ. നിന്നനിൽപ്പിൽ താഴെ വീണേക്കുമോ എന്നൊരു തോന്നൽ. ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി.
തുറന്ന പാത്രം അടച്ച് ബാഗിലേക്ക് വച്ചു. വർമ്മ സാറിനോടും ഹേമയോടും പറഞ്ഞു.
”മോനേട്ടൻ വന്നിട്ടുണ്ട്. എനിക്ക് പോണം”
ശബ്ദം വളരെ പണിപ്പെട്ടാണ് പുറത്തേക്ക് ചാടിയത്. ഇന്ദുവിനൊപ്പം താഴേയ്ക്കിറങ്ങുമ്പോൾ പടികളിൽ തട്ടിത്തടഞ്ഞവൾ വീണേക്കുമോ എന്നു ഭയപ്പെട്ടു ഹേമ. ഓട്ടോ വിളിച്ച് ബസ് സ്റ്റാന്‍റിലേക്ക് കയറ്റിവിടുമ്പോൾ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് ഹേമ പറഞ്ഞു.
”ഇങ്ങനെ ടെൻഷനടിക്കല്ലേ.. ആളെത്തിയല്ലോ.. വീട്ടിലെത്തിയാലുടനേ വിളിക്കണേ..”
മനസ്സാകെ പൊടിമൂടി കിടക്കുന്നു. ചിന്തകള്‍ തെളിച്ചമില്ലാതെ ചിതറിപ്പോകുന്നു. ബസ്സിറങ്ങി ചെമ്മണ്ണുവിരിച്ച പാതയിലൂടെ കാലുകൾ നീട്ടിവച്ച് നടക്കുമ്പോൾ പൊങ്ങിയുയർന്ന ചെമ്മൺതൂളികൾ മേലാകെപ്പൊതിഞ്ഞു.
ഇന്ദു കടന്നുചെല്ലുമ്പോൾ മോഹനകൃഷ്ണൻ അവരുടെ മുറിയിലെ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. അമ്മ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു.
”ഉറങ്ങി എണീക്കട്ടെ, മോളൊന്നും ചോദിക്കണ്ട ഇപ്പൊ”
ഇല്ല, ചോദിക്കുന്നില്ല. ഒന്നും ചോദിക്കുന്നില്ല. ചോദിക്കാനുള്ള നൂറായിരം ചോദ്യങ്ങൾ ഉള്ളിലാർത്തലച്ച കടലിരമ്പത്തിൽ നനഞ്ഞുകുതിർന്നലിഞ്ഞില്ലാതായി.
ഇന്ദു അകത്ത് കയറി ബാഗ് വച്ചിട്ട് പുറത്തേക്കിറങ്ങി. കൂടണയാൻ പറന്നടുക്കുന്ന കാക്കക്കൂട്ടം എന്തിനെന്നില്ലാതെ ആർത്തലയ്ക്കുന്നുണ്ടായിരുന്നു.
”മോളേ.. ചായ. മോഹനനും കൊടുത്തോളൂ”
അമ്മയുടെ ശബ്ദം കേട്ടിട്ടാവും അയാളെണീറ്റു.
ചായയുമായി വരുന്ന ഇന്ദുവിനെ നോക്കി, മാര്യേജ് സർട്ടിഫിക്കറ്റും വാങ്ങി തിരിച്ചുവന്ന് കിടന്നുറങ്ങിയെണീറ്റതെന്നപോലെ, അത്രയും സാധാരണമായി, അവസാനമായി പുറത്തേക്കിറങ്ങുമ്പോൾ അവളെനോക്കി ചിരിച്ച അതേ ചിരിയുടെ ബാക്കിയെന്നപോലെ പ്രണയാർദ്രമായി അയാൾ ചിരിച്ചു. അവളും എന്തിനെന്നില്ലാതെ വരണ്ട ഒരു ചിരി തിരിച്ചുനൽകി. മറക്കാനാവില്ലെങ്കിലും പൊറുത്തുകൊടുക്കാം. കഴിഞ്ഞത് കഴിഞ്ഞില്ലേ എന്ന് ആശ്വസിക്കാം. എല്ലാം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണം.
അന്ന് നിറുത്തിപ്പോയിടത്തുനിന്ന് തുടരുകയായിരുന്നു ജീവിതം. വൈകുന്നേരത്തെ സിനിമ, അത്താഴശേഷമുള്ള മൃദുസംഗീതം. മൃദുപരിലാളനങ്ങൾ…. ചോദിക്കണമെന്നു കരുതി വച്ച അവസാനത്തെ ചോദ്യം പോലും ഇനിയൊരിക്കലും ഓർത്തെടുക്കാൻ പോലും കഴിയാത്ത വിധം അവൾ മറന്നു.
അമ്മേ.. മോനേട്ടൻ ഇന്ന് പുതിയ കമ്പനിയിൽ ജോയിൻ ചെയ്യുകയാണ്.
”അവര് വേറെ ആളെ വച്ചിട്ടുണ്ടാവും” അമ്മയുടെ ശബ്ദത്തിൽ നിരാശ.
”അതൊക്കെ ശരിയാക്കീട്ടുണ്ട്. ജോയിനിംഗ് ടൈം നീട്ടിക്കിട്ടുന്നതിന് അപേക്ഷ കൊടുത്തിരുന്നു.
അഹിതമായിട്ടൊന്നും സംഭവിച്ചിട്ടില്ലാത്തപോലെ സാധാരണ പോലെ ജീവിതം മുന്നോട്ട് പോയി. മോഹനകൃഷ്ണൻ പുതിയ ലാവണത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലിയിൽ മികവ് പുലർത്തി. ഇന്ദു അതീവ സന്തുഷ്ടയായ ഭാര്യയായും, പഴയ അതേ ലാവണത്തിലെ അക്കൗണ്ടന്‍റായും മികച്ച പെർഫോർമൻസ് കാഴ്ച വച്ചു. ഒഴിവുദിവസങ്ങളിൽ അവരൊന്നിച്ചും മാതൃകാപരമായ ജീവിതം കാഴ്ചവച്ച് വീട്ടകങ്ങളെ കുളിരണിയിച്ചു.
രണ്ടുപേരുടെയും ലീവ് അക്കൗണ്ടുകൾ സമ്പന്നമായി. ബാങ്കിലെ ജോയിന്‍റ് അക്കൗണ്ട് നിറഞ്ഞും ഒഴിഞ്ഞും പിന്നെയും നിറഞ്ഞും പിന്നെയമൊഴിഞ്ഞും അന്തസ്സ് നിലനിർത്തി.
ഋതുക്കളെല്ലാം ഒരോവട്ടം വന്നു മടങ്ങിപ്പോയി. ഇന്ദുവും മോഹനകൃഷ്ണനും ഇവിടെയും അവിടെയുമായി ജീവിച്ചു. വാരാന്ത്യങ്ങളിൽ കണ്ടുകൊതിതീരാതെ പിരിഞ്ഞു. ജീവിതം അങ്ങനെ തുടരവേ ഒരു ശനിയാഴ്ച വൈകുന്നേരം ഇന്ദു വീട്ടിൽ ചെല്ലുമ്പൊ മോഹനകൃഷ്ണനെത്തിയിട്ടില്ല. ഓഫീസീന്ന് കൃത്യ സമയത്ത് ഇറങ്ങിയിരുന്നുതാനും. ഫോണടിക്കുമെന്നോർത്ത് ഇന്ദു ഫോണിനടുത്ത് നിന്ന് മാറാതെ നിന്നു. ഒന്നോ രണ്ടോ തവണ അത് പ്രവർത്തിക്കുന്നില്ലേയെന്ന സംശയത്താൽ റിസീവറുയർത്തി ഡയൽടോണുണ്ടെന്നുറപ്പിച്ച് താഴെ വച്ചു.
”അവൻ വരും മോളേ…”
മോനേട്ടന്‍റെ അമ്മ കുറ്റബോധത്തോടെ പറഞ്ഞു. ശനിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച നേരം വെളുക്കും വരെ ഇന്ദു ജലപാനമുപേക്ഷിച്ച് മുറിയടച്ചിരുന്നു കരഞ്ഞു.
തിങ്കളാഴ്ച രാവിലെ എണീറ്റ് ചായയും കുടിച്ച് ആദ്യവണ്ടി കയറി. ഓഫീസിൽ ആരോടുമൊന്നും പറഞ്ഞില്ല. രണ്ടാം തിരോധാനമാണ്. ഒരിക്കൽ പരിചിതമായതിനാൽ ഇത്തവണ കാര്യങ്ങള്‍ കുറച്ചുകൂടി പ്രായോഗികമായി നേരിടേണ്ടതുണ്ട്. മോഹനകൃഷ്ണന്‍റെ ഓർമ്മ വരുമ്പോഴൊക്കെ അത്യധികം ശ്രദ്ധ വേണ്ട ഫയലുകൾ കയ്യിലെടുത്തു. ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേ ആഴ്ച വീട്ടിലെത്തി. ഇനിയിതിന്റെ പേരിൽ കരയുന്നില്ലെന്നുറപ്പിച്ചു. ബാങ്ക് അക്കൗണ്ടും അലമാരയിലെ കാശുപെട്ടിയും കാലിയായിരുന്നു. അടുക്കളയും അമ്മയുടെ മരുന്നു പെട്ടിയും ഒഴിഞ്ഞുതന്നെയിരുന്നു. ഇടത്തേക്കയ്യിലെ ഒറ്റവളയുടെ പണയത്തിൽ അടുക്കളയും മരുന്നുപെട്ടിയും പിന്നെയും നിറഞ്ഞു.
തിങ്കളാഴ്ചത്തെ മടക്കത്തിൽ ഹോസ്റ്റൽ ഫീസടയ്ക്കാനും തിരിച്ച് വീട്ടിലെത്താനുമുള്ള പൈസ കരുതിവച്ചു.
പിറ്റേ ശനിയാഴ്ചത്തെ വരവിൽ, ഞായറാഴ്ചത്തെ ഉറക്കം ഏതാണ്ട് തീരാറായ നേരത്താണ് വാതിലിൽ മുട്ട് കേട്ടത്.
ഇത്തവണ ചോദ്യശരങ്ങളുടെ മുൾമുനയിൽ നിറുത്തിയ ശേഷമായിരുന്നു പ്രവേശനം അനുവദിച്ചത്. അയാൾ തലകുനിച്ച് മൗനിയായി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
കണ്ണീരിൽ കുതിർന്ന തലയിണയിലെ നനവാരും കാണാതിരിക്കാനായി അത് തിരിച്ച് വച്ച് തിങ്കളാഴ്ച മോഹനകൃഷ്ണനുണരും മുമ്പേ ഇന്ദു വണ്ടികയറി.
മൂന്നാമത്തെ തിരോധാനം ഇന്ദു അപ്പുവിനെ പ്രസവിക്കുന്നതിന്‍റെ തലേന്നായിരുന്നു. പ്രസവത്തിന് ആശുപത്രിയിൽ അഡ്മിറ്റാവാൻ വേണ്ട അവശ്യസാധനങ്ങളുടെ ലിസ്റ്റുമായി ബൈക്കെടുത്ത് പോയ മോഹനകൃഷ്ണൻ പിന്നെ വന്നത് മെറ്റേണിറ്റി ലീവ് കഴിഞ്ഞ് ഇന്ദു ജോയിൻ ചെയ്യേണ്ടതിന്‍റെ തലേന്ന് പാതിരായ്ക്കാണ്. വാതിൽ തുറന്ന ഇന്ദു മോഹനകൃഷ്ണനെ നോക്കി ചിരിച്ചു. ഇടയ്‌ക്കൊന്ന് ഉറക്കം മുറിഞ്ഞതിന്‍റെ അലോസരമൊഴിച്ചാൽ മോഹനകൃഷ്ണന്‍റെ മൂന്നാം വരവ് ഇന്ദുവിനെ സങ്കടപ്പെടുത്തിയില്ല. പക്ഷേ മോഹനകൃഷ്ണനെന്തോ ചിരിക്കാൻ പറ്റിയില്ല. ആയാൾ കുഞ്ഞിനെ എത്തി നോക്കി. അയാൾക്ക് കുഞ്ഞിനെ ഒന്ന് തൊടണമെന്നും അവനരികിൽ ചേർന്ന് കിടക്കണമെന്നുമുണ്ടായിരുന്നു. അപ്പുറത്ത് ഒരാൾക്ക് കിടക്കാനുള്ള സ്ഥലമുണ്ട്. പക്ഷേ ഇന്ദു അങ്ങനെ ചിന്തിച്ചില്ല.
”മോനേട്ടൻ സിറ്റൗട്ടിലെ ദിവാൻ കോട്ടിൽ കിടന്നോളൂ. എനിക്കും മോനും കിടക്കാൻ ഇത്രേം സ്ഥലം തന്നെ തികയണില്ല.”
മോഹനകൃഷ്ണൻ തിരിച്ചു നടന്നു.
”പുതയ്ക്കണമെങ്കിലാ അലമാരേടെ താഴെത്തട്ടീന്ന് പുതപ്പെടുത്തോളൂ മോഹനാ..”
അമ്മ വിളിച്ചു പറഞ്ഞു.
രാവിലെ പുറത്തേക്കിറങ്ങിയ മോഹനകൃഷ്ണൻ മുറ്റത്തിരിക്കണ പുതിയ സ്കൂട്ടറ് കണ്ട് ചോദിച്ചു.
”നമ്മട്യാ.. ?”
“അതെ എനിക്കിങ്ങോട്ട് ട്രാൻസ്ഫറായി. സ്കൂട്ടറുണ്ടെങ്കിൽ ഉച്ചയ്ക്ക് മോന് പാല് കൊടുക്കാൻ വരാല്ലോ.. ഞാനൊരു ലോണെടുത്തു… “
ഇന്ദു അഭിമാനത്തോടെ പറഞ്ഞു.
“ഞാനൊന്ന് ടൗൺ വരെ പോയിട്ട് വരാം. ഇതിന്‍റെ താക്കോലെവിടെ?”
മോഹനകൃഷ്ണൻ താക്കോലന്വേഷിച്ചു.
”അയ്യോ.. മോഹനേട്ടാ… എനിക്ക് ബാങ്കിലൊന്ന് പോണം. നമ്മുടെ ജോയിന്‍റെ അക്കണ്ടീന്ന് ഞാനെന്‍റെ പേര് മാറ്റീട്ടോ.. ഓഫീസിന്‍റെ അക്കൗണ്ടുള്ള ബ്രാഞ്ചിൽ പുതിയ അക്കൗണ്ട് തുറന്നു. എ.ടി.എം. ആക്റ്റിവേറ്റ് ചെയ്യണം.
നാളെ ഓഫീസിൽ ജോയിൻ ചെയ്യണം. പഴേ ബാഗൊക്കെ പോയി . പുതിയതൊന്ന് വാങ്ങണം. അമ്മയ്ക്ക് മരുന്നും മോന് ബേബിഫുഡ്ഡും വാങ്ങണം. എനിക്കിന്ന് സ്കൂട്ടറില്ലാതെ പറ്റില്ല”
”മോഹനേട്ടൻ പത്തേഇരുപതിന്‍റെ കാവിലമ്മയ്ക്ക് പോയ്ക്കോളൂ. തിരക്കുണ്ടാവില്ല”
അവൾ അലമാരയിലെ കാശുപെട്ടിയിലിരുന്ന എ ടി എം കാർഡെടുത്ത് പേഴ്സിലെടുത്തു വയ്ക്കും നേരം അതിലെ പേര് ഒന്നൂടെ വായിച്ചുറപ്പിച്ചു. കെ. ഇന്ദുലേഖ. അതിനുമുമ്പറിഞ്ഞിട്ടില്ലാത്ത ഒരു സുരക്ഷിതത്വ ബോധത്തോടെയവൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു