“ഇത്ര ഡീസൻ്റായ ഓഡിയൻസുള്ള തിയ്യറ്ററിലേയ്ക്ക് ദയവു ചെയ്തു ഇനി സിനിമ കാണാൻ കൊണ്ടു പോവരുത് ട്ടോ അമ്മാ…..”
സിനിമ കണ്ടിറങ്ങിയ അവളുടെ ആദ്യ പ്രതികരണം എന്നെ അമ്പരിപ്പിച്ചെങ്കിലും, കരഞ്ഞു ചീർത്ത ആ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു,
സങ്കടം വന്നാൽ കരയാനും പൊട്ടിച്ചിരിക്കാൻ തോന്നിയാൽ പൊട്ടിച്ചിരിക്കാനും കൈയ്യടിക്കാൻ തോന്നിയാൽ ആഞ്ഞ് കൈയ്യടിക്കാനുംപറ്റുന്നവരുടെ ഇടയിലിരുന്ന് വേണം ഏതൊരു സിനിമയും കാണാനെന്ന്!
“നിൻ്റെ വയറ്റിൽ വളരുന്നത് എൻ്റെ കുഞ്ഞാണെന്ന് ഓർമ വേണം” ആ സമയം അഞ്ജുവിൻ്റെ മുഖത്ത് വിരിയുന്ന ഒരു ചിരിയുണ്ട്.
‘ഒരു പെണ്ണ് ചൂണ്ടിക്കാട്ടുന്നത് തന്നെയാണ് സ്വന്തം കൊച്ചിൻ്റെ അച്ഛൻ’
ആ ചിരിയെ ഞാൻ വായിച്ചതിങ്ങനെയാണ്!
ഇത്തരം
പറയാതെ പറയുന്ന നോട്ടങ്ങളുടെ, വിതുമ്പലുകളുടെ, പുഞ്ചിരികളുടെ, ഇമയനക്കങ്ങളുടെ ആകെത്തുകയാണ് ഉള്ളൊഴുക്ക്.
ഹൃദയം നുറുങ്ങും വിധം ഉള്ളുരുക്കുന്ന രണ്ടു പെണ്ണുങ്ങളുടെ കഥ,
ഓരോ നിമിഷവും മനുഷ്യരെന്തിനാണിങ്ങനെ സ്നേഹിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വിധം പരസ്പരമിടപെടുന്ന ഒരു പറ്റം മനുഷ്യരുടെ കഥ.
ക്രിസ്റ്റ്യോ ടോമി എന്ന സംവിധായകൻ്റെ മാന്ത്രികതയിൽ പഴയ കാലത്തേയും പുതിയ കാലത്തേയും പ്രതിനിധീകരിക്കുന്ന രണ്ടു പെണ്ണുങ്ങളുടെ ശരിതെറ്റുകളിലൂടെയുള്ള സഞ്ചാരമാണ് ശരിക്കും ഉള്ളൊഴുക്ക്.
ഇന്ത്യയിലെ ഏറ്റവും വലിയ ഫീച്ചർ ഫിലിം സ്ക്രിപ്റ്റ് മത്സരത്തിൽ ലാപതാ ലേഡീസിനെ മറികടന്ന് 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥ എന്ന രീതിയിലാണ് ഞാൻ ഉള്ളൊഴുക്കിനെ ആദ്യമറിയുന്നത്. ലാപതാ ലേഡീസ് സ്ത്രീകൾ നേരിടുന്ന ഒരുപാടു പ്രശ്നങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും വ്യത്യസ്ത രീതിയിൽ അതീവ ഹൃദ്യമായ ഒരു ചലച്ചിത്രമായി മനസ്സിൽ കോറിയിടുകയും ചെയ്തിരുന്നു.
അതിൽ പറയാത്ത എന്ത് സ്ത്രീ വിഷയമാണിതിൽ അവതരിപ്പിക്കുന്നത് എന്ന ആകാംക്ഷയും ഉണ്ടായിരുന്നു ഉള്ളൊഴുക്ക് കാണുന്നത് വരെ!
പക്ഷേ ലാപതാ ലേഡീസിനെ വെല്ലുന്ന തിരക്കഥ എന്നതിലുപരി അതിന് തിരഞ്ഞെടുത്ത അഭിനേതാക്കളും അതിന്റെ മേക്കിങ് എക്സലന്‍സിയുമാണ് ഈ സിനിമയുടെ ഏറ്റവും മികച്ച
ആകർഷണീയത!
ഈ രണ്ടു സിനിമകൾ ഒരിക്കൽ പോലും താരതമ്യം ചെയ്യേണ്ടവയോ ഏറ്റവും മികച്ചത്, മോശമായത് എന്ന് അടയാളപ്പെടുത്തുകയോ ചെയ്യേണ്ടാത്ത രണ്ടു സിനിമകൾ തന്നെയാണ്. പക്ഷേ മുകളിൽ പറഞ്ഞ തിരക്കഥയിലെ തിരഞ്ഞെടുപ്പ് തന്നെയാണ് രണ്ടും ഈ എഴുത്തിൽ പരാമർശിക്കപ്പെടാൻ കാരണം.
പലയിടങ്ങളിലും ലീലാമ്മയുടെ ചുണ്ടുകളും വിരലുകളും മാത്രം മതിയായിരുന്നു അവരെ തൊട്ടറിയാൻ.
പലപ്പോഴും ആ കൈകൾ അഞ്ജുവിനെ തൊടുമ്പോൾ ആ നനുത്ത സ്പർശം എൻ്റെ കൈകളിൽ എത്തുന്നുണ്ടായിരുന്നു. അവർ കേൾക്കാനാഗ്രഹിക്കാത്ത ഒരു ഉത്തരം കേൾക്കുമ്പോ അവരുടെ നെഞ്ചിടിപ്പിനോളം ഉയരത്തിൽ എൻ്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. പലയിടങ്ങളിലും മോൾ എന്നെ നോക്കി,
എൻ്റെ നെഞ്ചിൽ തലചായ്ച്ച് തേങ്ങിക്കൊണ്ടേയിരുന്നു. ശരിക്കും സ്ക്രീനിൽ അമ്മയും മകളും സ്നേഹിക്കുന്നിടത്ത്, ഉള്ളുരുക്കുന്നിടങ്ങളിലെല്ലാം ആ ഇരുട്ടിൽ അത് ഞങ്ങൾ തന്നെ ആയി മാറുകയായിരുന്നു.
ഉർവ്വശിയും പാർവ്വതിയും മാത്രമല്ല ഉള്ളൊഴുക്ക്,
പ്രശാന്ത് മുരളി എന്ന നടൻ വന്ന യിടങ്ങളിലെല്ലാം ഞെട്ടിക്കുന്നുണ്ട്.
എടുത്തു പറയേണ്ടവ രാത്രി അപസ്മാരമിളകുന്നതും തുടർ സീനുകളുമാണ്, അതിലെ ചില ഞരക്കങ്ങൾ പോലും നമ്മളെ അമ്പരപ്പിക്കും!
ഗർഭിണിയായ അഞ്ജു കാണുന്ന ഒരു ഇല്യൂഷൻ കലർന്ന സീനിലെ മനുഷ്യൻ്റെ കണ്ണുകളിലെ ക്രൂരത നിറഞ്ഞ ചിരി,
നിങ്ങളെ ഇനിയും സിനിമാ ലോകം ഉപയോഗപ്പെടുത്തേണ്ടതുണ്ട്, പ്രശാന്ത്!
തബലയുടെ അടുത്തേയ്ക്ക് നടന്നടുക്കുന്ന തോമസിനെ നോക്കിയിരിക്കെ അയാൾ വീണ വീഴ്ചയിൽ ഞാൻ സീറ്റിൽ നിന്ന് ഞെട്ടി എഴുന്നേറ്റു പോവുന്നുണ്ട്,
ഡയറക്ടേഴ്സ് ബ്രില്യൻസ്!
രാജീവ് എന്ന കാമുക കഥാപാത്രം ചെയ്ത അർജുൻ രാധാകൃഷ്ണൻ, നിങ്ങൾ കണ്ണൂർ സ്കോഡിലെ വില്ലൻ റോളിൽ ഞെട്ടിച്ചിട്ടുണ്ട്. ഇവിടെയും രാജീവിലേയ്ക്കുള്ള ഭാവപ്പകർച്ച റോഷൻ മാത്യുവിൻ്റെ ജീവസുറ്റ ശബ്ദത്തിലൂടെ പൂർണതയിലെത്തുന്നുണ്ട്.
ഷഹനാദ് ജലാൽ എന്ന സിനിമോട്ടോഗ്രാഫറെ പരാമർശിക്കാതെ പോയാൽ ഉള്ളൊഴുക്കിൻ്റെ ഒഴുക്ക് നിലച്ചു പോവും. വെള്ളം കയറിയ മരണ വീടും ആ നാടും എല്ലാം അനുഭവിപ്പിക്കുന്നുണ്ട്.
പറയാനുള്ളത ല്ല, കണ്ടറിയാനുള്ളതാണ് ഉള്ളൊഴുക്കിൻ്റെ ആഴവും വ്യാപ്തിയും