രാഹുല്‍ ഗാന്ധിക്ക് നന്ദി; പ്രിയങ്കാ ഗാന്ധിക്ക് സ്വാഗതം: കെ.സുധാകരന്‍ എംപി

*കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ഇനി മുതല്‍ രണ്ട് ഗാന്ധി ശബ്ദങ്ങള്‍ ഉയരും

തിരുവനന്തപുരം: എഐസിസി തീരുമാന പ്രകാരം വയനാട് ലോക്സഭാ മണ്ഡലം ഒഴിയുന്ന രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

രാഹുലിനെ വന്‍ ഭൂരീപക്ഷത്തില്‍ വിജയിപ്പിച്ച വയനാട് ജനത പ്രിയങ്കാ ഗാന്ധിയേയും അത്രമേല്‍ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് അയക്കും. വയനാടിന് ഇനിയങ്ങോട്ട് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എന്നിവരുടെ കരുതലും സ്നേഹവുമാണ് ലഭിക്കാന്‍ പോകുന്നത്. കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ഇനി മുതല്‍ രണ്ട് ഗാന്ധി ശബ്ദങ്ങള്‍ ഉയരുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിനും വയനാടിലെ ജനങ്ങള്‍ക്കും നല്‍കിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ടാണ്.

കേരളത്തിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഹുല്‍ ഗാന്ധിയെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. വയനാട് ലോക്സഭാ മണ്ഡലവുമായി രാഹുല്‍ ഗാന്ധിക്ക് വൈകാരികമായ ബന്ധമാണ് ഉള്ളത്. വയനാട് തന്റെ കുടുംബമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്.അത് അദ്ദേഹം പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിക്കുകയും ചെയ്തു. വയനാട്ടിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയേയും അവരുടെ കുടുംബത്തിലെ ഒരംഗത്തെപോലെയാണ് സ്നേഹിച്ചത്.

ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ് റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെയും രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ദൗത്യം തുടരാന്‍ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചതിനെയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്യുന്നു.

വയനാടും റായ്ബറേലിയും കോണ്‍ഗ്രസിന് എക്കാലവും ഒരുപോലെ പ്രിയപ്പെട്ടതാണ്. ദേശീയ രാഷ്ട്രീയം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം വടക്കേ ഇന്ത്യയില്‍ കൂടുതല്‍ ആവശ്യപ്പെടുന്ന ഘട്ടമാണിത്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചതിന്റെ ഗുണഫലം ഈ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാണ്. അതുകൊണ്ട് വേദനയോടെയാണങ്കിലും അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒരു മണ്ഡലം ഒഴിയുക എന്ന ദുഷ്‌കരമായ തീരുമാനം തന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക് വേദനയുണ്ടാക്കുന്ന രീതിയില്‍ ആകരുതെന്ന് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും നിര്‍ബന്ധമുണ്ടായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പിന്തുടര്‍ച്ചയായി വയനാടിനെ ലോക്സഭയില്‍ പ്രതിനിധീകരിക്കാന്‍ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ച എഐസിസി തീരുമാനം ഞാനുള്‍പ്പടെയുള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അതിയായ ആഹ്ലാദവും ഊര്‍ജ്ജവും പകരുന്നതാണ്.ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്കാജി തന്റെ കന്നിയങ്കത്തിന് തെരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും മലയാളിക്കും അഭിമാനം തന്നെയാണ്. രാഹുല്‍ ഗാന്ധിയെ ഹൃദയത്തില്‍ ഏറ്റുവാങ്ങിയത് പോലെ കേരളത്തിലേയും പ്രത്യേകിച്ച് വയനാടിലെയും ജനങ്ങള്‍ പ്രിയങ്കാ ഗാന്ധിയേയും ഏറ്റുവാങ്ങുമെന്ന് എനിക്കുറപ്പുണ്ട്. എക്കാലവും യുഡിഎഫിനൊപ്പം ഉറച്ച് നിന്ന മതേതര-ജനാധിപത്യ വിശ്വാസികളാണ് വയനാട്ടിലെ പ്രബുദ്ധരായ ജനത. കേരളത്തിലേയും വയനാട്ടിലേയും ജനങ്ങളോട് ഗാന്ധി കുടുംബവും എഐസിസി നേതൃത്വവും പുലര്‍ത്തിയ വിശ്വാസത്തിനും സ്നേഹത്തിനും പകരമായി പ്രിയങ്കാ ഗാന്ധിയേയും മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here