ദുബായ്: നിർമിതബുദ്ധി ഉൾപ്പെടെ പ്രയോജനപ്പെടുത്തി മികച്ച റോബോട്ടുകളും സാങ്കേതികതയുടെ സഹായത്തോടെയുള്ള സർക്കാർ സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കാൻ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഫ്യൂച്ചറിസ്റ്റ് സാങ്കേതികവിദ്യകൾ’ ഉടൻ നടപ്പാക്കുമെന്ന് വാർഷിക ഡിജിറ്റൽ ഫോറത്തിന്റെ ആദ്യ എഡിഷൻ പ്രഖ്യാപിച്ചു. ഭാവിയിൽ 70ൽപ്പരം സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് സംരംഭങ്ങളൊരുക്കും. കസ്റ്റമർ എക്സ്പീരിയൻസ്, ബിസിനസ് ഓട്ടോമേഷനിലേക്കുള്ള മാറ്റം, ഡിജിറ്റൽ ഓപ്പറേറ്റിങ് മോഡൽ, സിറ്റി മാനെജ്മെന്റ്, പ്രതിരോധശേഷിയുള്ളതും സുരക്ഷിതവുമായ ഇൻഫ്രാസ്ട്രക്ചർ, നിർമിത ബുദ്ധി, ഇൻഫർമേഷൻ മാനെജ്മെൻറ്, റെക്കോഡ് സിസ്റ്റം എന്നിവ ഡിജിറ്റൽവത്കരിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഐടി ഡയറക്റ്റർ അസ്മഹാൻ അൽ സറൂണി പറഞ്ഞു.
നിർമിതബുദ്ധി, ഇൻറർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിൻ, ബിഗ് ഡാറ്റ തുടങ്ങിയ നൂതന സാങ്കേതിവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ദുബായ് നഗരത്തെ നേതൃസ്ഥാനത്ത് എത്തിക്കാൻ മുനിസിപ്പാലിറ്റി പദ്ധതികളാവിഷ്കരിക്കുന്നത്.