അബുദാബി: യുഎഇ ഭരണകൂടം നൽകുന്ന സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രെറ്റേണിറ്റി പുരസ്കാരത്തിന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും മൊറോക്കൻ- ഫ്രഞ്ച് ആക്ടിവിസ്റ്റ് ലത്തീഫ ഇബ്ൻ സിയാറ്റനും തിരഞ്ഞെടുക്കപ്പെട്ടു. ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
മനുഷ്യ പുരോഗതി, സമാധാനം, സഹവർത്തിത്വം എന്നിവയ്ക്കുള്ള സംഭാവനകൾ പരിഗണിച്ച് നൽകുന്ന അവാർഡ് 10ലക്ഷം ദിർഹമാണ്. അവാർഡ് ദാന ചടങ്ങ് വ്യാഴാഴ്ച വൈകിട്ട് വെർച്വലായി നടക്കും. അബുദാബി സ്ഥാപക മെമ്മോറിയലിന്റെ വെബ്സൈറ്റിൽ തത്സമയ സംപ്രേക്ഷണമുണ്ടായിരിക്കും. ലോക ജനതയിൽ മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നതിലും മനുഷ്യരെ പുരോഗതിയിലേക്ക് നയിക്കുന്നതിനും പ്രവർത്തിക്കുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ ആദരിക്കുന്നതിനായി 2019ൽ ആരംഭിച്ച പ്രഥമ അവാർഡ് ഫ്രാൻസിസ് മാർപാപ്പയ്ക്കും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ തയേബിനുമായിരുന്നു സമ്മാനിച്ചത്. വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമിന്റെയും സാന്നിധ്യത്തിലാണ് 2020ലെ വെർച്വൽ അവാർഡ് ദാനം.
അബുദാബി ഡോക്യുമെൻറ് ഓൺ ഹ്യൂമൻ ഫ്രറ്റേണിറ്റിയിൽ ചരിത്രപരമായ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് ഇരു നേതാക്കൾക്കും പ്രഥമ സായിദ് അവാർഡ് സമ്മാനിച്ചത്. ഉന്നതരായ സർക്കാർ പ്രതിനിധികൾ, മുൻ രാഷ്ട്രത്തലവന്മാർ, സുപ്രീംകോടതി ജഡ്ജിമാർ, യു.എൻ നേതാക്കൾ, വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ, അന്താരാഷ്ട്ര എൻ.ജി.ഒ മേധാവികൾ എന്നിവരാണ് അവാർഡിനർഹരായവരെ ഇക്കുറി നാമനിർദേശം ചെയ്തത്. നാമനിർദേശം ലഭിച്ച പട്ടികയിൽനിന്ന് ഹയർ കമ്മിറ്റി ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ കീഴിലുള്ള സ്വതന്ത്ര വിദഗ്ധ സമിതിയാണ് 2020ലെ അവാർഡ് ജേതാക്കളെ തീരുമാനിച്ചത്.