ദുബായ്: ദുബായിൽ വേഗത്തിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഡിജിറ്റിൽ പ്ലാറ്റ് ഫോം അവതരിപ്പിച്ച് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം. invest.dubai.ae എന്ന സൈറ്റ് വഴിയാണ് 2000ഓളം സേവനങ്ങൾ ഒരു കുടക്കീഴിലാക്കുന്നത്.
ലോക്കൽ, ഫെഡറൽ സർവീസുകൾ, ബാങ്കിങ് ഉൾപ്പെടെ എല്ലാവിധ ഇടപാടുകളും ഇതുവഴി നടക്കും. പുതിയ പ്ലാറ്റ്ഫോമിന് ദുബായ് എക്സിക്യൂട്ടിവ് കൗൺസിൽ യോഗം അനുമതി നൽകി. ഫ്രീസോണിലും മെയിൻലാൻഡിലും ബിസിനസ് തുടങ്ങാനുള്ള സഹായം ഈ വെബ്സൈറ്റ് വഴി ലഭിക്കും. ടെക്നോളജി, സാമ്പത്തികം, കൃഷി, ഭക്ഷ്യമേഖല, വിനോദം, മീഡിയ, ഇസ്ലാമിക് ഇക്കോണമി, ഊർജം, ആരോഗ്യം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെല്ലാം ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാകുന്ന രീതിയിലാണ് പ്ലാറ്റ്ഫോം തയാറാക്കിയിരിക്കുന്നത്. വിസ, റെസിഡൻസി, സാമ്പത്തിക സഹായങ്ങൾ എന്നിവയെ കുറിച്ചും വിവരങ്ങൾ ലഭിക്കും. ബിസിനസ് മേഖലയിൽ വിജയിച്ചവരെക്കുറിച്ചുള്ള പ്രചോദക കഥകളും സൈറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.