പലായനം

ഇരുള്‍ വന്നു മൂടിയത്
വളരെ പെട്ടന്നാണ്.
പാതി വഴിയിലായവര്‍
ദിക്കറിയാതെ
പരുങ്ങിക്കൊണ്ടിരുന്നു.
ഭാണ്ഡങ്ങളില്‍ നിറച്ചു വച്ച
തെളിവുകള്‍
സുരക്ഷിതമാണെന്ന്
ഉറപ്പിക്കേണ്ടിയിരുന്നു.
ചുറ്റുമുയര്‍ന്നു തുടങ്ങിയ
അപരിചിത ശബ്ദങ്ങള്‍,
കാല്‌പെരുമാറ്റങ്ങള്‍,
ഭീതിയുടെ ചിത്രങ്ങള്‍
വരച്ചു ചേര്‍ക്കുന്നുണ്ടായിരുന്നു
നിശ്വാസവായുവില്‍ പോലും
അന്യനാണെന്ന ഓര്‍മ്മപ്പെടുത്തല്‍
കനം വച്ചിരുന്നു.
അഭയാര്‍ത്ഥിയുടെ
ദൈന്യവും
അരൂപിയുടെ ആനന്ദവും
അകലെയെവിടെയോ
ഉദിച്ചേക്കാവുന്ന
ഒരു തരി വെളിച്ചത്തിന്
കുരുതി നല്‍കിക്കൊണ്ട് പാതയോരങ്ങളില്‍
ശബ്ദങ്ങളില്ലാത്ത
ജനതയുടെ
പലായനത്തിന്റെ കാലൊച്ചകള്‍
മണ്ണിലുറഞ്ഞു കൊണ്ടിരുന്നു