മലപ്പുറം സ്വദേശി ജിസാനിൽ കുഴഞ്ഞ് വീണ് മരിച്ചു

റിയാദ്: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മലപ്പുറം സ്വദേശി ജിസാനിൽ കുഴഞ്ഞ് വീണ് മരിച്ചു. താനൂർ മൂരിയ സ്വദേശി കവളപ്പാറ ഇസ്മാഈൽ (55) ആണ് മരിച്ചത്. ജിസാനിനടുത്ത് ദാഇറിലെ അൽ ഖലീജ് ഹൈപ്പർ മാർക്കറ്റിലെ പാചക തൊഴിലാളിയായിരുന്ന ഇദ്ദേഹം ശനിയാഴ്ച രാത്രി ഒമ്പതരക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും മറ്റും ചേർന്ന് ദാഇർ ബനീ മാലിക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

     25 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം എട്ട് വർഷം മുമ്പാണ് ജിസാനിലെത്തിയത്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.

     പരേതരായ കവളപ്പാറ അബ്ദുല്ല, കൊല്ലഞ്ചേരി ഫാത്വിമ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: തള്ളാശ്ശേരി നഫീസ, മക്കൾ: ഷമീം, സൽമ, മരുമക്കൾ: ഹസീന പാറേക്കാവ് മൂന്നിയ്യൂർ, ജംഷീദ് കരീപറമ്പ് ചെമ്മാട്. സഹോദരങ്ങൾ: സൈതലവി പരപ്പനങ്ങാടി, അബ്ദുൾ ഖാദർ ചെമ്മാട്‌.

      അനന്തര നടപടികൾ സാമൂഹിക പ്രവർത്തകരായ ഹാരിസ് കല്ലായി, ഹംസ മണ്ണാർമല, കെ.പി. ഷാഫി കൊടക്കല്ല്, അബ്ദുൽ ഗഫൂർ മേലാറ്റൂർ, സി.ടി. അഹമ്മദ് എളംകൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.