Home Sahithyam മതിലുകള്‍

മതിലുകള്‍

0
മതിലുകള്‍

കവിത


അയൽ വീട്ടുകാർ
തമ്മിലുള്ള
അസ്വാരസ്യങ്ങളുടെ
വികാര മൂർഛയിൽ
നാവുകൾ
ഉദ്ധരിച്ചപ്പോഴാണ്
തൊടിയതിര്
മതിലിനെ
ഗർഭം പൂണ്ടത്..
അവരുടെ
ആണത്തം
ബന്ധങ്ങളുടെ മൃദുല മേനിയിൽ
പരസ്പരം
കുത്തിയിറക്കി –
ക്കിതച്ചതിനൊടുവിലെ
ദീർഘ മൗനത്തിന്
ശേഷമാണ്
അതിർവരമ്പ്
മതിലിനെ
നൊന്തു പെറ്റത്..
കാലം തികയാതെ
പ്രസവിച്ച
ചാപ്പിള്ളയെങ്കിലുമീ
അവിഹിത വേഴ്ച്ചയിലെ
ജാരസന്തതിക്ക്
വളർച്ചക്കുറവൊട്ടുമില്ല
അകാല മരണവും..
അവരുടെ വളർച്ചക്കൊപ്പം
മതിലുകളും
വളർന്നുകൊണ്ടിരുന്നു..
അങ്ങനെ മതിലുകൾ
വൻമതിലുകളായി..
അഹിതകരമായ ബന്ധത്തിൻ്റെ
പ്രതീകമായി..
അസ്വസ്ഥതകളുടെ
ചുമട്ടുകാരനായ്
ഉള്ളുലച്ചിലുകളുടെ,
അലിഞ്ഞു തീരാത്ത
കുനുഷ്ടുകളുടെ
ഉരുക്കു മുഷ്ടിയായ്
രണ്ട് സാമ്രാജ്യങ്ങളുടെ
ഇടയ്ക്ക്
ഇന്നലെയുടെ നന്മകളെ
ശ്വാസം മുട്ടി –
ച്ചുയർന്നു നിൽക്കുന്ന
വൻ മതിൽ…


LEAVE A REPLY

Please enter your comment!
Please enter your name here