ജിദ്ദ: യമനിലെ ഹൂതി കലാപകാരികളുടെ റോക്കറ്റ് പതിച്ച് എണ്ണക്കമ്പനിയായ ആരംകോയുടെ വടക്കന്‍ ജിദ്ദയിലെ ഇന്ധന വിതരണ കേന്ദ്രത്തില്‍ തീപിടിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണ കേന്ദ്രത്തിലെ സംഭരണികളിലാണ് പുലര്‍ച്ചയ്ക്ക് തീപിടുത്തമുണ്ടായതെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ജീവഹാനിയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
അഗ്നിശമനസേനയുടെ നടപടികളുടെ ഫലമായി പൂര്‍ണമായും തീ അണക്കാന്‍ സാധിച്ചു. ആരെകോ ഇന്ധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളോ കേന്ദ്രത്തില്‍ നിന്നുള്ള ചരക്കുനീക്കമോ നിര്‍ത്തിവെക്കേണ്ടി വന്നില്ല. ഇതിനു മുമ്പും സായുധ കലാപകാരികളായ ഹൂതികള്‍ സൗദിയിലെ എണ്ണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ട്. ജീസാനിലെ കേന്ദ്രത്തില്‍ അടുത്തിടെ നടന്ന അട്ടിമറി ആക്രമണത്തിലൂടെയും കഴിഞ്ഞവര്‍ഷം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ബഖീഖ്, ഹരീള് എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളിലൂടെയും അന്താരാഷ്ട്രതലത്തിലുള്ള എണ്ണക്കമ്പോളത്തെ തകര്‍ക്കാനാണ് ഹൂതികള്‍ ലക്ഷ്യമാക്കുന്നതെന്ന് സൗദി ഊര്‍ജമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.