കഥ … റംല എം ഇഖ്ബാല്‍
കാര്‍മേഘങ്ങള്‍ നീങ്ങി ആകാശം തെളിഞ്ഞ ഒരു സായാഹ്നത്തിലാണ് ആ ഇരുപത്തെട്ടുകാരി കയ്യിലൊരു ഫയലുമായി ഉമ്മറത്ത് വന്നുനിന്നത്.പൂഴിക്കുന്നത്തു രാഘവന്റെവീടല്ലെ എന്ന് അല്പം സംശയത്തോടെ ചോദിച്ചുകൊണ്ടവള്‍ വരാന്തയിലേക്ക് മുഖമുയര്‍ത്തി.
‘ഈ സ്ഥലത്തിന്റെ ഉടമ നിങ്ങളാണോ, കരമടച്ച രസീതിയുണ്ടോ കയ്യില്‍, ഒരു സര്‍വ്വേയുടെ ഭാഗമായിട്ടാണ് ഞാന്‍ വന്നത്, ഇതില്‍ ഇരുപത് സെന്റയുള്ളൂ.? ‘
വരാന്തയിലെ ചാരുകസേരയില്‍ ഇരുന്ന് മയക്കത്തിലേക്ക് വീഴാന്‍ തുടങ്ങിയ അറുപത്തഞ്ചുകാരനായ അയാള്‍ അവളുടെ ഈ ഒറ്റശ്വാസത്തിലുള്ള വാചകങ്ങള്‍ കേട്ട് മയക്കത്തില്‍ നിന്നും പൂര്‍ണ്ണമായും ഉണര്‍ന്നു.ഹാന്‍ഡ്ബാഗും തോളില്‍ തൂക്കി കയ്യിലൊരു ഫയലുമായി മുന്നില്‍ വന്നുനിന്ന ആ ചുരിദാറുകാരിയെ കണ്ടപ്പോള്‍ സത്യത്തില്‍ ഇതെന്തുപൊല്ലാപ്പാണോ എന്ന് ഓര്‍ത്തു അയാള്‍ അല്പം പരിഭ്രാന്തനായി.
‘എന്തിന്റെ സര്‍വ്വേയാ ..? ഇത്‌കൊണ്ട് നമുക്ക് എന്തെങ്കിലും…..? ആ ചോദ്യത്തിന് അവള്‍ ഫയല്‍ തുറന്ന് ഒരു പേപ്പര്‍ എടുത്തു പുറത്തുവച്ചശേഷം പറഞ്ഞു . ‘ നിങ്ങള്‍ക്ക് കൃഷിനാശമോ മറ്റോ സംഭവിച്ചാല്‍ ഉപകാരപ്പെടും.കേന്ദ്രത്തിലേക്ക് നമ്മുടെ നാട്ടിലെ അഗ്രിക്കള്‍ചറിന്റെ വിവരങ്ങള്‍ അറിയിക്കുന്ന ഏര്‍പ്പാട്… അത്രേയുള്ളൂ ‘ അവള്‍ വാചാലയായി.
‘എന്നിട്ട് ഇതുവരെ ഇങ്ങനെയൊരു സര്‍വ്വേ ഇവിടെയൊന്നും നടന്നു കണ്ടിട്ടില്ലല്ലോ..? ‘ അയാളുടെ സംശയത്തോടെയുള്ള ചോദ്യത്തിന് അല്പം ചിരിച്ചു കൊണ്ടവള്‍ മറുപടി പറഞ്ഞു, ‘ഇത് ആരെയും അറിയിച്ചുകൊണ്ട് നടത്തുന്ന സര്‍വ്വേ അല്ല. ഞാന്‍ ടെമ്പററി വാക്കന്‍സിയില്‍ വന്ന ഇന്‍വെസ്റ്റിഗേറ്റര്‍ ആണ്, പെര്‍മനെന്റ് സ്റ്റാഫ് ആണേല്‍ നിങ്ങളെയൊന്നും അറിയിക്കാതെ തന്നെ സര്‍വ്വേ എടുത്തുപോകും.’.അവള്‍ തുടര്‍ന്നു ‘അവര്‍ക്കതിനൊക്കെയുള്ള വിവരവും എക്‌സ്പീരിയന്‍സും ഉണ്ട്. എനിക്ക് തെറ്റുവരാതിരിക്കാന്‍ മാത്രമാണ് നികുതി രസീത് ചോദിച്ചത്, അങ്ങനെ നിങ്ങളോടത് ചോദിക്കുന്നതും സത്യത്തില്‍ ശരിയല്ല കേട്ടോ … ‘ അല്പം ജാള്യതകലര്‍ന്ന ചിരിതൂകി അവള്‍ പ്രതീക്ഷയോടെ നിന്നു. അപ്പോഴേക്കും വീട്ടുകാരിയും ഉമ്മറത്തെത്തിയിരുന്നു. രസീത് കൊണ്ടുവരുവാന്‍ അവരോട് അയാള്‍ ആംഗ്യം കാണിച്ചത് കണ്ടു. അവള്‍ക്കു നേരെ ഒരു കസേര അയാള്‍ നീക്കിയിട്ടു. മടിച്ചാണെങ്കിലും ആ കസേരയില്‍ അവള്‍ ഇരുന്നു.അല്പം മഴ കൊണ്ടിരുന്നുവെന്ന് അവളുടെ ചുരിദാറിലെ നനവ് അറിയിച്ചിരുന്നു.ഹാന്‍ഡ് ബാഗും ഫയലും വരാന്തയിലെ മറ്റൊരു കസേരയില്‍വച്ച് ഫയലില്‍ നിന്നെടുത്ത പേപ്പറില്‍ എന്തോ എഴുതാനായി പേനയുമായി അവള്‍ ഇരുന്നു. അപ്പോള്‍ വീശിയടിച്ച തണുത്ത കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറിപറന്നു.തണുപ്പകറ്റാനായവള്‍ ഷാള്‍കൊണ്ട് ഒന്നുകൂടി ശരീരം പുതച്ചു. വീട്ടുകാരി കൊണ്ടുവന്ന രസീതിന്റെ കോപ്പി അയാള്‍ അവളുടെ കയ്യില്‍ കൊടുത്തു. അതില്‍നോക്കി എടുത്തുവച്ച പേപ്പറില്‍ അവളെന്തോ കുറിച്ച് വച്ചു.
‘വീടിനു പുറമെ ഉള്ള സ്ഥലത്തെന്തെങ്കിലും കൃഷിയോ മറ്റോ ഉണ്ടോ…? അവള്‍ അയാളുടെ നേരെ മുഖമുയര്‍ത്തുന്നതോടൊപ്പം പറമ്പിലേക്കൊന്നു പാളിനോക്കി.
‘കാര്യായി ഒന്നുമില്ല, ആറു തെങ്ങുണ്ട്, ഇടവിളയായി അല്പം പയറും വഴുതനയും ചീരയുമൊക്കെ, വേറെയൊന്നും ഇല്ല’ അയാള്‍ സത്യസന്ധത പാലിച്ചുകൊണ്ട് മറുപടി കൊടുത്തു. ആറുതെങ്ങിനായി ആറ് സെന്റ്, പിന്നെ വീട്, കിണര്‍, അല്പം പച്ചക്കറികള്‍ നിരന്നു കിടക്കുന്ന തൊടി, ഇരുപത് സെന്റ് തികയും, അവള്‍ മനസ്സില്‍ കണക്കുകൂട്ടി എല്ലാം പേപ്പറില്‍ ചെറുതായി നോട്ട് ചെയ്തശേഷം നികുതിചീട്ടിന്റെ കോപ്പി തിരിച്ചുകൊടുത്ത് പോകാനായി ഒരുങ്ങി. അപ്പോഴേക്കും ശക്തമായ ഒരു മഴ എങ്ങുനിന്നോ ആര്‍ത്തലച്ചെത്തി. കുടയെടുക്കാന്‍ മറന്നകാര്യം അവള്‍ ജാള്യതയോടെ ഓര്‍ത്തു.മഴയുടെ ശക്തി കുറഞ്ഞിട്ട് പോകാമെന്നയാളും തണുപ്പുമാറാന്‍ ഒരു ചായ ആവാമെന്ന് വീട്ടുകാരിയും.അവരുടെ നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങി അവള്‍ അച്ചടക്കത്തോടെ ഇരുന്നു. അവള്‍ക്ക് ബോറടിക്കണ്ട എന്ന് കരുതി അയാള്‍ അവളുടെ നാടും വീടും വീട്ടുകാര്യങ്ങളും ഓരോന്നായി ചോദിച്ചറിയാന്‍ തുടങ്ങി. ആ നാട്ടില്‍ നിന്നും ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ ഉള്ള ഒരു ഗ്രാമം,അയാള്‍ക്ക് നന്നായി അറിയാവുന്ന ഗ്രാമം. അവിടെ അവളെ കാത്തിരിക്കുന്ന മൂന്ന് വയസ്സായ കുഞ്ഞും ബന്ധത്തില്‍പ്പെട്ട ഒരമ്മൂമ്മയും…..മിലിറ്ററിയില്‍ വച്ച് മരണമടഞ്ഞ ഭര്‍ത്താവിന്റെ ജോലിക്കായി കാത്തിരിക്കുന്ന ഒരുവള്‍ ആണെന്നുകൂടിയറിഞ്ഞപ്പോള്‍ മിലിറ്ററിയില്‍ നിന്നും റിട്ടയര്‍ ചെയ്ത അയാള്‍ക്ക് അവളോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി. ഉടനെ കാര്യമായി തന്നെ വിവരങ്ങള്‍ അന്വേഷിച്ചു, വീട്ടുപേരും മാതാപിതാക്കളെക്കുറിച്ചും എല്ലാം…..
നിഷ്‌ക്കളങ്കമായുള്ള അവളുടെ വിശദീകരണം കേട്ട് അയാള്‍ അവിശ്വാത്തോടെ അവളെ നോക്കി, ഹൃദയം പ്രത്യേകതരം വാത്സല്യത്താല്‍ തുടിച്ചു. മിലിട്ടറിയില്‍ ഉണ്ടായിരുന്ന, താന്‍ സ്വന്തം അച്ഛനെപോലെ ബഹുമാനിച്ച തന്നേക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള മേജര്‍ രാജഗോപാലിന്റെ മകളുടെ മകള്‍ ….
അയാളുടെ ഉള്ളില്‍ ഒരുപാടൊരുപാട് ഓര്‍മകള്‍ പറന്നുവന്നു ,……
തന്റെ വിവാഹപ്രായത്തില്‍ വന്ന ആലോചന …..
ജാതകപൊരുത്തമില്ലായ്മയുടെ പേരില്‍ കൈവിട്ടുപോയ ഒരു ബന്ധം…
മേജര്‍ മകളുടെ ഫോട്ടോ കാണിച്ചപ്പോള്‍ മുതല്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു.ശരിക്കും സുന്ദരിയായിരുന്നു മേജറിന്റെ മകള്‍, ആ ഭംഗി ഈ മകള്‍ക്കുംഅല്പം കിട്ടിയിട്ടുണ്ട്. ആ ചിന്തകള്‍ എല്ലാം മണ്ണിട്ട് മൂടിയിട്ട് എത്രയോ കാലങ്ങളായി. ഇപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ……..വീണ്ടും ആ ഓര്‍മകള്‍… !
അയാള്‍ പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തു.
‘അമ്മയിപ്പോള്‍ ..? ‘ അവള്‍ക്കു കേള്‍ക്കാന്‍ മാത്രം ശബ്ദത്തില്‍ അയാള്‍ ചോദിച്ചു, അച്ഛന്റെ മരണത്തോടെ അമ്മ കിടപ്പിലായിയെന്നും മൂത്തചേച്ചി ഒപ്പം ഉണ്ട് നോക്കാന്‍ എന്നുമുള്ള അവളുടെ മറുപടി അയാളില്‍ ആശ്വാസം പകര്‍ന്നു. തന്റെ മുന്നിലിരിക്കുന്ന വൃദ്ധന്റെ ഉള്ളില്‍ അലയടിക്കുന്ന വികാരവിചാരങ്ങള്‍ ഒന്നുമറിയാതെ തൊടിയിലെ കാഴ്ചകള്‍ നോക്കി അവളിരുന്നു. അവളെപ്പോലെത്തന്നെ യാതൊന്നുമറിയാതെ ചായയുമായി എത്തിയ വീട്ടുകാരി ചുറുചുറുക്കുള്ള ആ സംസാരത്തില്‍ ആകൃഷ്ടയായി അവളെത്തന്നെ കൗതുകത്തില്‍ നോക്കി അയാളുടെ അരികിലായി നിന്നു.
മഴയുടെ ശക്തി കുറഞ്ഞു ….
ഓരോതുള്ളിയായി പതിയെ പതിയെ മഴ നില്‍ക്കാനുള്ള ഭാവമാണ് .