ഒരു വിപ്ലവകാരിയുടെ സകല ലക്ഷണങ്ങളും തന്നിൽ സന്നിവേശിച്ചു കഴിഞ്ഞുവല്ലോ എന്നോർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി.
ചെക്ക് ലിസ്റ്റിലെ ഓരോ ഇനങ്ങളും തരണം ചെയ്തപ്പോൾ അളവറ്റ ആഹ്ലാദവും. സത്യത്തിൽ അഭിമാനിക്കാനും,ആഹ്ലാദിക്കാനും തനിക്ക് തികഞ്ഞ അർഹതയുണ്ടല്ലോ. വെറുതെ ഞൊടിയിടകൊണ്ട് താനൊരു വിപ്ലവകാരിയായതൊന്നുമല്ല. എത്രയോ കാലം മനസ്സിനേയും ശരീരത്തേയും പാകപ്പെടുത്തി എടുത്തതാണ്. കാരിരുമ്പിന്റെ കരുത്തും, കാന്താരി മുളകിന്റെ എരിവും, കരിമരുന്നിന്റെ സ്ഫോടന ശക്ത്തിയും തന്നിൽ സംഭവിച്ചു കഴിഞ്ഞത് നന്നായി പാടുപെട്ടിട്ടാണ്. ഒട്ടനവധി വിപ്ലവങ്ങളെപറ്റി താൻ വായിച്ചു കഴിഞ്ഞിരിക്കുന്നു. വെറും വായനയല്ല പഠനമായിരുന്നു.
“ഫ്രഞ്ച് വിപ്ലവം..?”
“നന്നായി പഠിച്ചതാണ്.ലോകഗതി മാറ്റും വിധമായിരുന്നുവെന്ന് മനസ്സിലുറപ്പിച്ചതുമാണ്.”
“റഷ്യൻ വിപ്ലവം..?”
“അത്രയും ഗംഭീരമായിരുന്നല്ലോ, പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള കിള കീറലും തറക്കല്ലിടലും നടന്നതും ഇതോടനുബന്ധിച്ചായിരുന്നല്ലോ”
“ചൈനീസ് വിപ്ലവം..?”
“മേത്തരത്തിൽ മേത്തരം. മാവോയും റെഡ് ആർമിയും, മറച്ചിടലും മുകളിൽ കയറലും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.”
“വിയറ്റ്നാം വാർ ..?”
“ഭയങ്കരം തന്നെ! വടക്കും തെക്കുമായി തുടങ്ങിയതാണെങ്കിലും ദിക്കാകെ ഞെട്ടിച്ചതാണ്.”
“ഇറാൻ വിപ്ലവം”
“പഠനം നടത്തിയതാണ്. വിപ്ലവമല്ലന്ന് കണ്ടത്തി മെമ്മറി ബാങ്കിൽ നിന്ന് പിൻവലിച്ചതാണ്.”
“ഫലസ്തീൻ വിമോചനസമരം”
“മിടുമിടുക്കന്മാർ-പക്ഷെ,പറഞ്ഞിട്ടെന്ത് കാര്യം. പാളിപോയില്ലേ.”
“അഫ്‌ഘാൻ വിമോചനസമരം..?.
“തെറ്റ്. പ്രതിലോമകാരികൾക്കെങ്ങിനെ വിപ്ലവകാരികളാവാനൊക്കും. അതുകൊണ്ടാണ് അവർ താലിബാനായത്.” ഇക്കാലത്ത് എന്ത് വേണ്ടാതീനതയും വിപ്ലവമെന്ന് വിശേഷിപ്പിക്കുന്നതിൽ അയാൾക്ക് ധാർമിക രോഷം തോന്നി. എൺപതുകളുടെ അന്ത്യത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും ഇവിടെ നടന്ന ചില സംഗതികളെ കുറിച്ച് ഓർക്കുമ്പോൾ ഒരു വിപ്ലവകാരിയായ തനിക്ക് ഓക്കാനം വരുന്നല്ലോ എന്നയാൾ തിരിച്ചറിഞ്ഞു.
സോവിയറ്റ് യൂണിയൻ .
ഹങ്കറി.
പോളണ്ട്.
ചെക്കോസ്ലോവാക്യ.
ബൾഗേറിയ.
റുമേനിയ.
തെണ്ടിപ്പരിശകൾ.എല്ലാം നശിപ്പിച്ചു. ഗോർബച്ചേവ് എന്ന ഒരൊറ്റ ഗുരുത്വംകെട്ടവന്റെ മൂർദ്ധാവിൽ നിന്നുണ്ടായതാണ്.
“മനസ്സ് കെട്ടിപൂട്ടിവെച്ച് നരകിക്കണ്ട, ന്താച്ചാ തുറന്ന് പറഞ്ഞൊളിൻ,അടക്കി വെച്ച ആഗ്രഹന്തോണ്ടീച്ചാൽ നടത്തീക്കോളീൻ എന്ന ഒറ്റ വാക്ക് ആ മണ്ടൻ പറഞ്ഞതാണ്.”
അടങ്ങിയൊതുങ്ങി കഴിഞ്ഞ ചൈനയിലെ ചെക്കന്മാർ വരെ തോന്ന്യാസം കാട്ടി. അതെല്ലാം പോട്ടെ. ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവങ്ങളെയും,പ്രതി വിപ്ലവങ്ങളെയും, വിലയിരുത്തുന്ന കാര്യത്തിൽ തനിക്കിത്രയും ആത്മാർത്ഥത കാണിക്കാൻ കഴിയുന്നല്ലോ എന്നോർത്തപ്പോൾ അയാളുടെ ചാരിതാർഥ്യം എത്രയോ വർദ്ധിച്ചു.
കാലിക പ്രശ്നങ്ങളോട് പ്രതികരിക്കുന്നതിലും തനിക്കുള്ള ധൈഷണികത അയാൾക്ക് തന്നെ രോമാഞ്ചമുണ്ടാക്കുകയായിരുന്നു.
“ആഗോളവൽക്കരണം..?”
“പ്രതിഷേധമറിയിക്കാൻ വാക്കുകളില്ല.”
“കൊസോവയിലെ നാറ്റോ ബോംബിങ് ..?.
“സംശയമുണ്ടങ്കിൽ കൈപ്പടം നോക്കിൻ. ഇന്നലെ ഉറക്കം വന്നപാടെ ക്ലിന്റന്റെ മൂക്കിനിടിച്ചതാണ്. ഇത് വരെ വീക്കം മാറിയിട്ടില്ല.”
“അൽബേനിയൻ വംശജരെപറ്റി..?”
“കുറച്ച് കൂടുതലാണ്. റെഡിയാകുന്നുണ്ട് “.
“സ്ലോബോധൻ മിലാസെവിച്ച്..?”
“യൂറോപ്പിൽ ഇവനൊരു ചുകന്ന നക്ഷത്രമാണ്.
“തീവ്രവാദം ..?.
“ഇരുകൂട്ടരും ഒരേ മാതിരി.”
“സ്ത്രീ വിമോചനം ..?”
“കുറച്ചുംകൂടി ബാക്കിയുണ്ട്.”
“മതമൗലിക വാദം..?”
“മതമുണ്ടോ- ഈ അപകടവും ഉണ്ടാകും.”
സത്യം ഇപ്രകാരം വെട്ടി തുറന്ന് പറയുന്നതിൽ തനിക്ക് ഒരു പേടിയും തോന്നുന്നില്ല എന്നയാൾ സ്വാഭിമാനം ഒർത്തു.തന്റെ ചിന്തകളിൽ ഇത്രയും വളർച്ചയുണ്ടായത് വെറും പതിനഞ്ച് വർഷങ്ങൾ കൊണ്ടാണല്ലോ എന്നയാൾ അത്ഭുതപ്പെട്ടു. ഒരു പുരോഗമനവാദിയും വിപ്ലവകാരിയുമായിരുന്നില്ലങ്കിൽ താൻ ഒരു നാടനായി തുടരുമായിരുന്നല്ലോ എന്നോർത്തപ്പോൾ അയാൾക്ക് തന്റെ സ്വയം നിർണ്ണയവകാശത്തിൽ അതീവ മതിപ്പ് തോന്നി.പള്ളിയിൽ പോയി പലവട്ടം കുമ്പിടുമായിരുന്ന തന്നെ തലയുയർത്തി മാത്രം നടക്കാൻ പഠിപ്പിച്ച പ്രാസ്ഥാനിക സഹയാത്രികരെയും മറ്റും അയാൾ നന്ദിപൂർവം സ്മരിച്ചു.
പ്രത്യയശാസ്ത്രപരമായ വിശകലനത്തിൽ നൂറിൽ തൊണ്ണൂറ് മാർക്കിനും താൻ അർഹനായതിൽ ഹർഷപുളകിതനായി.അയാൾ ചെക്ക് ലിസ്റ്റിലെ വ്യക്തിഗത പ്രവർത്തന മണ്ഡലത്തിലേക്ക് ഇറങ്ങിചെന്നു.
പ്രസ്ഥാനം മാതാപിതാക്കളേക്കാളും വലുതെന്ന നിലയിൽ കണ്ട് പോന്നിട്ടുണ്ടോ..?
“ഉണ്ട്….”
രക്തം കണ്ടാൽ തലകറക്കം അനുഭവപ്പെടാറുണ്ടോ..?
“ഇല്ല….”
പോലീസ് വണ്ടി കണ്ടാൽ അരികിൽ മാറിനിൽക്കണമെന്ന് തോന്നാറുണ്ടോ…?
“ഇല്ല….”
സ്ത്രീയെ ഭോഗ വസ്തുവായി കാണാറുണ്ടോ..?
“ഇല്ല..”
ഭാര്യയെ പീഡിപ്പിക്കാറുണ്ടോ..?
“ഇല്ലെന്നു മാത്രമല്ല, ഭക്തിമാർഗത്തിൽ പോകാനുള്ള അവളുടെ തീരുമാനത്തിൽ ഇടപെട്ടിട്ടില്ല”.
പള്ളിയെ തള്ളി പറഞ്ഞിട്ടുണ്ടോ..?
“ഉണ്ട്…”
നിത്യവും കുളിച്ച് ശുഭ്രവസ്ത്രം ധരിക്കണമെന്ന് തോന്നാറുണ്ടോ..?”
“ഇല്ല….”
ഇംഗ്ലീഷ് മീഡിയം സ്കൂളിനെ അപലപിച്ചിട്ടുണ്ടോ..?
“ഉണ്ട്..”
രാസ്താ രഘോവിൽ കൂടിയിട്ടുണ്ടോ..?
“സന്ദർഭം കിട്ടുമ്പോയൊക്കെ ചെയ്തിട്ടുണ്ട്..”
സൽമാൻ റുഷ്‌ദിയെ ഇഷ്ടമാണോ..?
“നല്ല ഇഷ്ട്ടമാണ്…”
തസ്ലീമ നസ്രീന്റെ ‘ലജ്ജ’യെ പറ്റി..?.
“അപാരം തന്നെ…”
തസ്‌നീം ബാനുവിന്റെ വികാരത്തിന്റെ കൂടെ നിന്നിട്ടുണ്ടോ..?.
“ഉണ്ട്…”
തന്റെ രോമ കൂപങ്ങളത്രയും ആദർശത്തിന്റെ ആഗ്നികുണ്ഡങ്ങളായി മാറി കഴിഞ്ഞതായി അയാൾ ഇപ്പോൾ തിരിച്ചറിയുന്നു.
ചെക്ക് ലിസ്റ്റിൽ താൻ കഴിവരിച്ച നേട്ടങ്ങളെ പറ്റി അഭിനനന്ദിക്കാതെ അവൾ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ അയാൾ ദീർഘമായി നെടുവീർപ്പിട്ടു. പാതിര കഴിഞ്ഞു ചുറ്റുപ്പാടുമാകെ കുളിരുവീണു കഴിഞ്ഞിട്ടും തനിക്ക് വിയർക്കുന്നുവെന്നും അയാൾ അറിഞ്ഞു. ഇടനെഞ്ചിൽ നിന്ന് ഒരു ഭാരം മേൽപ്പോട്ട് ഉരുട്ടികൊണ്ട് പോവുന്നതായും ശ്വാസഗതി ത്വരിതപെടുന്നതായും അയാൾക് തോന്നി. തനിക്കിപ്പോൾ ശരീരത്തിന് കേടൊന്നുമില്ലന്നും മനസ്സിന്റെ തോന്നലുകളാണന്നും അയാൾ വിശകലനം ചെയ്തു.
ഏതായിരുന്നാലും,ഏതൊരുവിപ്ലവകാരിയും,കഴിയുന്ന കരുതൽ നടപടികൾ എടുത്തുവെക്കണമെന്ന താത്വികാചാര്യന്റെ വചനങ്ങൾ പാലിച്ചു ഉറങ്ങാൻ കിടക്കാമെന്ന് അയാൾ തീരുമാനിച്ചു.
“എന്റെ മരണാനന്തര കർമ്മങ്ങൾ മതവിധി പ്രകാരം ചെയ്യണമെന്ന്” ഒരു കുറിപ്പ് വെറുതെ എഴുതി തലയിണക്കരികിൽ വെക്കുകയും,അവളെ അരികിൽ ചേർത്തുകിടത്തി സുരക്ഷിത ബോധത്തോടെ ഉറങ്ങുകയും ചെയ്തു.