റിയാദ് ; കനത്ത മഴയെ തുടര്‍ന്ന് സൗദി തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ മഴ വലിയ നശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായിട്ടില്ലാത്ത മഴയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖല സാക്ഷ്യം വഹിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത മഴയില്‍ മൂന്ന് പേര് മരിച്ചതായി പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ വെള്ളപ്പൊക്കവും നിരവധി ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി, വാഹനങ്ങളും ഒലിച്ചുപോയി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡുകള്‍ തകര്‍ന്നു.
അബു അരീഷ് ഗവര്‍ണറേറ്റിലും അതിന്റെ പരിധിയിലുള്ള ഗ്രാമങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ മഴ ബാധിച്ചത്. വെള്ളപ്പൊക്കത്തില്‍ അബു അല്‍നൂറ, അല്‍ മജസാസ് എന്നീ ഗ്രാമങ്ങളും തകര്‍ന്നു. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. റോഡുകള്‍ തകര്‍ന്നു. വീടുകളില്‍ വെള്ളം കയറിയതിനാല്‍ വലിയ നാശനഷ്ടങ്ങളാണ് താമസക്കാര്‍ക്ക് ഉണ്ടായത്. അബു അരീഷ്, സ്വബ്യ ഗവര്‍ണറേറ്റുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗവും കനത്ത മഴയില്‍ തകര്‍ന്നു.