ദമ്മാം: യുഎസും ബ്രിട്ടനുമായി ചേർന്ന് കിഴക്കൻ പ്രവിശ്യയിൽ സൗദി അറേബ്യ സംഘടിപ്പിച്ച സംയുക്ത നാവികാഭ്യാസം സമാപിച്ചു. നേവൽ ഡിഫൻഡർ 21 എന്ന പേരിലുള്ള നാവികാഭ്യാസം ഒരാഴ്ച പിന്നിട്ടാണ് അവസാനിക്കുന്നത്. ബ്രിട്ടന്റെ മൈൻ സ്വീപ്പർ യുദ്ധക്കപ്പലും പരിശീലനത്തിൽ പങ്കെടുത്തു.
പങ്കെടുത്ത കപ്പലുകൾ വിവിധ നാവിക യുദ്ധ രീതികൾ പങ്കുവച്ചതായും കപ്പലുകളെ തിരഞ്ഞുകണ്ടുപിടിക്കുന്നതും നങ്കൂരമിടുന്നതും ഒഴുകുന്ന മൈനുകൾ കണ്ടെടുക്കുന്നതുമുൾപ്പെടെ അഭ്യാസ മുറകൾ പ്രദർശിപ്പിച്ചതായി ഡിഫൻഡർ 21 ഡയറക്റ്റർ ബ്രിഗേഡിയർ ജനറൽ അവാദ് അൽ എനേസി പറഞ്ഞു. തുറമുഖ പരിശീലനവും പ്രതിരോധ രീതികളും ഡ്രോൺ ഉപയോഗം , സമതലത്തിലുള്ള ശത്രുവിനെതിരേ തത്സമയം സായുധ ആക്രമണം നടത്തൽ തുടങ്ങിയ പ്രദർശനങ്ങളും അരങ്ങേറി.
കഴിഞ്ഞയാഴ്ച തുടങ്ങിയ സംയുക്ത നാവികാഭ്യാസത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കിഴക്കൻ പ്രവിശ്യാ വൈസ് അഡ്മിറൽ മാജിദ് അൽ ഖഹ്താനി പങ്കെടുത്തിരുന്നു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ തീരത്തുള്ള കിങ് അബ്ദുൾ അസീസ് നാവിക താവളമാണ് ആതിഥേയത്വം വഹിച്ചത്. സമുദ്ര ഗതാഗതം, സമുദ്ര- തീര സംരക്ഷണം, നാവിക പോരാട്ട പ്രവർത്തനങ്ങൾ, അത്യാധുനിക യുദ്ധോപകരണങ്ങളുടെ ഉപയോഗം, രക്ഷാ പ്രവർത്തനങ്ങൾ, ആശയവിനിമയ രീതികൾ തുടങ്ങിയ മേഖലകളിലാണ് സംയുക്ത അഭ്യാസം.
മൂന്നു രാജ്യങ്ങളും തമ്മിലുള്ള സൈനിക- നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാവികാഭ്യാസം.