ദുബായ്: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച ഫെയ്സ് മാസ്ക്കുകളുടെയും ഗ്ലൗസുകളുടെയും വൻശേഖരം കഴിഞ്ഞവർഷം പിടികൂടിയതായി ദുബായ് പൊലീസ് . വിവിധ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ വാച്ചുകളും വൻതോതിൽ പിടികൂടിയിട്ടുണ്ട്. നാലുലക്ഷത്തോളം മാസ്ക്കുകളും 25,000 ഗ്ലൗസുകളും 29,187 വ്യാജ വാച്ചുകളുമാണ് പിടിച്ചെടുത്തതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്റ്റർ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലഫ്.
2020ൽ വ്യാജ ഉത്പന്നങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് 320 പേർ അറസ്റ്റിലാകുകയും 250 വ്യാജകേസുകൾ അന്വേഷിക്കുകയും ചെയ്തു. 260 കോടി ദിർഹം മൂല്യംവരുന്ന വ്യാജവസ്തുക്കൾ പിടികൂടിയതായി പൊലീസ്. 120 കോടി ദിർഹം വിലമിതിക്കുന്ന വ്യാജ വാച്ചുകൾ കണ്ടെടുത്തിട്ടുണ്ട്. റോളക്സ്, ജുസി തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളാണ് പിടികൂടിയവയിൽപ്പെടും.
ഏഷ്യക്കാരായ മൂന്നുപേരാണ് തട്ടിപ്പിനു പിന്നിലെ പ്രധാനികളെന്നും വാട്സ്ആപ്പ് വഴി വിൽപ്പന നടത്തുകയായിരുന്നു ഉദ്ദേശ്യമെന്നും പൊലീസ്. ആരോഗ്യസംരക്ഷണമേഖലയിലെ ആവശ്യവർധനയാണ് പുതിയ ക്രിമിനൽ പ്രവണതയ്ക്കു പിന്നിൽ. കോവിഡ് മഹാമാരി വന്നതിനു പിന്നാലെ ഇത്തരം സംഘങ്ങൾ പെരുകിയതായും പൊലീസ്. വ്യവസായത്തിനായി കോടിക്കണക്കിന് പണം ചെലവഴിക്കുന്ന കമ്പനികൾക്ക് സുരക്ഷിത നിക്ഷേപ അന്തരീക്ഷമൊരുക്കാനുള്ള ദുബായുടെ കാഴ്ചപ്പാടിന്റെ ഫലമായാണ് നിയമനടപടികൾ ശക്തമാക്കിയിട്ടുള്ളതെന്നും പൊലീസ്.
2019ൽ ആകെ 297 കേസുകളിൽ 250 കോടി ദിർഹം മൂല്യം വരുന്ന വ്യാജ ഉത്പന്നങ്ങൾ ദുബായ് പൊലീസ് പിടികൂടിയിരുന്നു. ആപ്പിൾ, ടൊയൊട്ട തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ വ്യാജൻമാരെയാണ് കണ്ടെത്തിയത്.